കണ്‍സ്യൂമര്‍ ഫെഡ് നൂറ്ശതമാനം നഷ്ടത്തില്‍ എന്ന തലക്കെട്ടില്‍ മാര്‍ച്ച് ആറിന് ഒരു ദിനപത്രം പ്രസിദ്ധീകരിച്ച വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് ചെയര്‍മാന്‍ എം.മെഹബൂബ് അറിയിച്ചു. ഇത് പൊതുജനങ്ങളില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനത്തിലൂണ്ടായ വളര്‍ച്ചയെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
മുന്‍കാല സബ്‌സിഡി തുകയായ 303 കോടി രൂപ സര്‍ക്കാര്‍ നിരസിച്ചത് ഉള്‍പ്പെടെ കണ്‍സ്യൂമര്‍ഫെഡറേഷന്‍ 2016 വരെ 750 കോടി രൂപ സഞ്ചിത നഷ്ടത്തില്‍ പ്രവര്‍ത്തിച്ചു വരികയാണ്.  ഫെഡറേഷന്റെ ഷെയര്‍ ക്യാപിറ്റല്‍ 56.70 കോടി രൂപയാണ്.  ഷെയര്‍ ക്യാപിറ്റലും നഷ്ടവും തമ്മില്‍ താരതമ്യം ചെയ്യുമ്പോഴാണ് ഷെയര്‍ ക്യാപിറ്റലിനെക്കാള്‍ കൂടുതല്‍ തുക നഷ്ടത്തിലായി എന്ന് കണക്കാക്കിയത്.
നിത്യോപയോഗ സാധനങ്ങള്‍ വാങ്ങിയ വകയില്‍ സപ്ലൈയര്‍മാര്‍ക്ക് 234 കോടി രൂപയും, സ്ഥിര നിക്ഷേപത്തിന്റെ പലിശ ഇനത്തില്‍ 33.74 കോടി രൂപയും, എന്‍.പി.എ ആയ ബാങ്ക് ലോണ്‍ ഇനത്തില്‍ 491.15 കോടി രൂപയും ഉള്‍പ്പെടെ 758.89 കോടി രൂപയുടെ ബാധ്യത ഫെഡറേഷനില്‍ ഉണ്ടായിരുന്നു.  ഇത്രയധികം ഭയാനകമായ സാഹചര്യത്തിലാണ് കണ്‍സ്യൂമര്‍ ഫെഡറേഷന്റെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയും മാനേജിംഗ് ഡയറക്ടറും ചുമതലയേല്‍ക്കുന്നത്.
അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയും മാനേജിംഗ് ഡയറക്ടറും ചുമതലയേറ്റടുത്ത ശേഷം ഫെഡറേഷന്‍ 2016 -17 സാമ്പത്തിക വര്‍ഷം 61.27 കോടി രൂപയുടെ ലാഭവും, 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ജനുവരി വരെയുളള പത്ത് മാസകാലത്തിനകം 58.12 കോടി രൂപയുടെ അറ്റലാഭവും ഉണ്ടാക്കിയിട്ടുണ്ട്.  അഴിമതി രഹിതവും സുതാര്യവുമായ നടപടികളിലൂടെ കണ്‍സ്യൂമര്‍ ഫെഡറേഷന്റെ പ്രവര്‍ത്തനത്തില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കാന്‍ ഈ ഭരണസമിതിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു.