ഇടനില തട്ടിപ്പ് ഒഴിവാക്കി കോലിഞ്ചിക്ക് യഥാര്‍ഥ വില കര്‍ഷകര്‍ക്ക് ലഭിക്കാനും, കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കാനും നടപടിയായതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. കോലിഞ്ചി കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എംഎല്‍എയുടെ അഭ്യര്‍ഥനയുടെ അടിസ്ഥാനത്തില്‍ കൃഷി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ഇതിനായി എംഎല്‍എയുടെ നേതൃത്വത്തില്‍ കോലിഞ്ചി കര്‍ഷകരുടെ കണ്‍സോര്‍ഷ്യം  രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
    ഔഷധ ഗുണങ്ങളുള്ള കോലിഞ്ചി കൃഷി ചെയ്യുന്ന കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നം വിലസ്ഥിരത ഇല്ല എന്നതാണ്. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണ് വിളവെടുപ്പ്. ഈ സമയങ്ങളില്‍ കിലോയ്ക്ക് പരമാവധി 60 രൂപ വരെയാണ് കര്‍ഷകര്‍ക്ക് ലഭിക്കുക. 300 രൂപ ലഭിക്കേണ്ടിടത്താണ് അതിന്റെ അഞ്ചിലൊന്ന് ലഭിക്കുന്നത്.
കോലിഞ്ചി കൃഷിയും, കര്‍ഷകരും നേരിടുന്ന പ്രതിസന്ധി എംഎല്‍എ യോഗത്തില്‍ വിവരിച്ചു. പ്രധാന വിളയായും, ഇടവിളയായും മലയോര മേഖലയില്‍ നടത്തുന്ന കോലിഞ്ചി കൃഷി ഈ മേഖലയിലെ പ്രധാന വരുമാന സ്രോതസാണ്. പത്തനംതിട്ട ജില്ലയിലെ കോന്നി,  റാന്നി താലൂക്കുകളിലാണ് കോലിഞ്ചി കൃഷി വ്യാപകമായി ഉള്ളത്. ഇവിടെ സംഭരിക്കുന്ന കോലിഞ്ചി കൊച്ചിയിലെത്തിച്ച് വിദേശത്തേയ്ക്ക് കയറ്റി അയയ്ക്കുകയാണ്.
      വിദേശ രാജ്യങ്ങളില്‍ മരുന്ന് നിര്‍മാണത്തിനാണ് കോലിഞ്ചി വ്യാപകമായി ഉപയോഗിക്കുന്നത്. തണുപ്പുള്ള രാജ്യങ്ങളില്‍ ദാഹശമനിയായും ഉപയോഗിക്കുന്നു. ഇന്ത്യയിലും ആയുര്‍വേദ, സിദ്ധ മരുന്നുകളില്‍ കോലിഞ്ചി ഉപയോഗിക്കുന്നുണ്ട്. കൊച്ചി കേന്ദ്രമാക്കിയുള്ള ചില വ്യക്തികളില്‍ മാത്രമായി ഇതിന്റെ വ്യാപാരം ഒതുങ്ങി നില്‍ക്കുന്നു എന്നതാണ് കര്‍ഷകര്‍ക്ക് ശരിയായ വില ലഭിക്കാത്തതിനുള്ള പ്രധാന കാരണം. കാര്‍ഷിക വിളയായി അംഗീകരിച്ച് ഔഷധസസ്യ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കോലിഞ്ചിയുടെ ശാസ്ത്രീയ നാമം ആല്‍ഫിനിയ ഗലാഗ എന്നാണ്.
  ഉന്നതതല യോഗത്തില്‍ എംഎല്‍എ നല്‍കിയ നിര്‍ദേശാനുസരണം കോലിഞ്ചിക്കു സബ്സിഡി അനുവദിക്കുന്നതിനു തീരുമാനമായി. നാഷണല്‍ മെഡിക്കല്‍ പ്ലാന്റ്സ് ബോര്‍ഡിന്റെ ഔഷധസസ്യ ഗണത്തില്‍ ഉള്‍പ്പെടുത്തിയാണ് സബ്സിഡി നല്‍കുക. ഒരു ഹെക്ടര്‍ കോലിഞ്ചി കൃഷിക്ക് 21,644 രൂപ വീതം സബ്സിഡിയായി ലഭിക്കും.
കിഴക്കന്‍ മേഖലയില്‍ കോലിഞ്ചി കൃഷി ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ ഏറെയായി. യൂറോപ്പ് ഇന്തോനേഷ്യ, ചൈന, വിയറ്റ്നാം, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ കോലിഞ്ചി കൃഷിയുണ്ട്. 100ല്‍ പരം ആയുര്‍വേദ മരുന്നുകളിലും വിക്സ്,  അമൃതാഞ്ജന്‍,  ഹിമാലയ തുടങ്ങിയ കമ്പനികളുടെ ഉത്പന്നങ്ങളിലും കോലിഞ്ചി പ്രധാന ഘടകമാണ്.
കമ്പോള വിലവിവര പട്ടികയില്‍  പ്രസിദ്ധീകരിക്കാത്തതിനാല്‍ ഇടനിലക്കാര്‍ നടത്തുന്ന ചൂഷണവും വന്യമൃഗശല്യവുമാണ് കോലിഞ്ചി കര്‍ഷകരെ പ്രതിസന്ധിയില്‍ ആക്കുന്നത്.
ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ആണ് കോലിഞ്ചി വിളവെടുപ്പ്. ഈ സമയങ്ങളില്‍ കോലിഞ്ചിക്ക് ഇടനിലക്കാര്‍ ന്യായവില നല്‍കാറില്ല. വന്യമൃഗ ശല്യങ്ങള്‍ക്കു പുറമെ ഫംഗസ് ബാധയും കൃഷി നാശത്തിനു കാരണമാകാറുണ്ട്. കോലിഞ്ചി വിളവെടുപ്പിനു മുന്‍പ് നാശനഷ്ടം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
ഒരു വര്‍ഷം ഔഷധിക്ക് മാത്രം 36 മെട്രിക് ടണ്‍ കോലിഞ്ചി ആവശ്യമുണ്ട്.
സംസ്ഥാനത്തു തന്നെ കോലിഞ്ചി സംഭരിച്ചു വിവിധ ഉത്പന്നങ്ങള്‍ ആക്കി ഇ പ്ലാറ്റ്ഫോം വഴി വിപണനം നടത്തുന്നതിനുള്ള സാധ്യതാപഠനത്തിനും തീരുമാനമായി. കൃഷിപരിപാലന ചെലവ് കുറവുള്ള കോലിഞ്ചി കൃഷി ചെയ്തു മൂന്നാം വര്‍ഷമാണ് വിളവെടുക്കുന്നത്. ഭൂരിഭാഗം കുടുംബങ്ങളുടെയും വാര്‍ഷികവരുമാനത്തില്‍ നിര്‍ണായക സ്ഥാനമാണ് കോലിഞ്ചികൃഷിക്കുള്ളത്.
      ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ പ്രോഡക്റ്റായും പരമ്പരഗത കൃഷിയിലും  ഓര്‍ഗാനിക് പി ഒ പി യിലും  കോലിഞ്ചിയെ ഉള്‍പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഓര്‍ഗനൈസേഷനെ ചുമതലപെടുത്തി.  കോലിഞ്ചിക്ക് നാലിലൊന്ന് മാത്രമാണ് ഉണക്കത്തൂക്കം ലഭിക്കുന്നത്. വളരെ ബുദ്ധിമുട്ടി കോലിഞ്ചി കൃഷി ചെയ്ത് വിളവെടുത്ത് ഉണക്കിയെടുക്കുമ്പോള്‍ കര്‍ഷകന് വില ലഭിക്കാതെ ഇടത്തട്ടുകാര്‍ കൊള്ള നടത്തുന്നത് തടയാന്‍ ആവശ്യമായ നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന് എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു.
      കൃഷി വകുപ്പിനു കീഴിലെ ഔഷധസസ്യകൃഷിയില്‍ കോലിഞ്ചിയെയും ഉള്‍പ്പെടുത്തിയിട്ടുള്ളതായി മന്ത്രി യോഗത്തെ അറിയിച്ചു. കോലിഞ്ചിയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിച്ച് നേരിട്ട് വിപണിയിലെത്തിക്കാന്‍ നടപടി സ്വീകരിക്കാനും, അതുവഴി കര്‍ഷകര്‍ക്ക് നല്ല വില ലഭിക്കാന്‍ സാഹചര്യമൊരുക്കാനും യോഗം തീരുമാനിച്ചു. സ്റ്റേറ്റ് മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ് ഔഷധ കൃഷിക്കായി നല്‍കുന്ന സബ്സിഡി കോലിഞ്ചി കൃഷിക്കു കൂടി ലഭ്യമാക്കണമെന്നും യോഗം തീരുമാനിച്ചു.
     കോലിഞ്ചി കൃഷിക്ക് ജിയോഗ്രാഫിക്കല്‍ ഇന്‍ഡിക്കേഷന്‍ രജിസ്ട്രേഷനും, ഓര്‍ഗാനിക്ക് സര്‍ട്ടിഫിക്കേഷനും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. കൃഷി വകുപ്പ് ഡയറക്ടറും, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറും ഇടപെട്ട് എംഎല്‍എയുടെ നേതൃത്വത്തില്‍ കണ്‍സോര്‍ഷ്യം  രൂപീകരിക്കും.  കോലിഞ്ചിയുടെ ഔഷധ സാധ്യതകളെ സംബന്ധിച്ച് ഒരു പഠനം നടത്തി റിപ്പോര്‍ട്ട് തയാറാക്കാന്‍ കാര്‍ഷിക സര്‍വകലാശാലയെ യോഗം ചുമതലപ്പെടുത്തി. കര്‍ഷകര്‍ക്ക് സബ്സിഡിയും, വിള ഇന്‍ഷ്വറന്‍സും ലഭ്യമാക്കുന്നതിനും, ഇടനിലക്കാരെ ഒഴിവാക്കി കോലിഞ്ചി നേരിട്ട് വിപണിയിലെത്തിക്കുന്നതിനും കൃഷി വകുപ്പ് ഡയറക്ടറെ യോഗം ചുമതലപ്പെടുത്തി.
      സ്റ്റേറ്റ് ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ മാനേജിംഗ് ഡയറക്ടറും, പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറും സന്ദര്‍ശനം നടത്തി എത്ര ഹെക്ടറില്‍ കോലിഞ്ചി കൃഷി നടത്തുന്നു എന്നും, വാര്‍ഷിക ഉല്‍പാദനം എത്ര എന്നും, ആകെ കര്‍ഷകര്‍ എത്ര എന്നും, വിളവെടുപ്പ് ,സംഭരണം, സംസ്‌കരണം, വിപണനം എന്നിവയെ സംബന്ധിച്ച് നിലവിലെ സ്ഥിതി എന്തെന്നും അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും യോഗം തീരുമാനിച്ചു.
കൃഷി വകുപ്പു മന്ത്രി വി.എസ്.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ, കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോക്ടര്‍ ഇഷിത റോയ്, കൃഷി ഡയറക്ടര്‍. കെ. വാസുകി, കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ആര്‍. ചന്ദ്ര ബാബു,  വെള്ളായണി ഹോട്ടി കള്‍ച്ചറല്‍ കോളജ് പ്രൊഫസര്‍ ഡോ. എല്‍സി, കൃഷി വകുപ്പ് അഡീഷണല്‍ സെക്രട്ടറി വി.ഭൂഷണ്‍, കാര്‍ഷിക സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. പി. എസ്. ഗീതക്കുട്ടി  ദേശീയ ഔഷധസസ്യ ബോര്‍ഡ് ചീഫ് എക്സി.ഓഫീസര്‍,  കാര്‍ഷിക യൂണിവേഴ്സിറ്റി റിസര്‍ച്ച് ഡയറക്ടര്‍,  സംസ്ഥാന ഹോട്ടി കള്‍ച്ചറല്‍ മിഷന്‍ ഡയറക്ടര്‍ ജസ്റ്റിന്‍ മോഹന്‍, കൃഷി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ലാല്‍. ടി. ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.