തിരുവല്ല: മാത്യു ടി. തോമസ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ വിനിയോഗിച്ച് എംസി റോഡില്‍ തിരുവല്ല മുത്തൂരില്‍ സ്ഥാപിച്ച ട്രാഫിക് സിഗ്നല്‍ ലൈറ്റ് സംവിധാനം പ്രവര്‍ത്തനം തുടങ്ങി. ട്രാഫിക് സിഗ്നല്‍ ലൈറ്റ് സംവിധാനത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം മാത്യു ടി. തോമസ് എംഎല്‍എ നിര്‍വഹിച്ചു.  ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ ആര്‍. ജയകുമാര്‍, അഡ്വ. കെ. പ്രകാശ് ബാബു, സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
മുത്തൂരില്‍ ട്രാഫിക് സിഗ്നല്‍ സംവിധാനം കൂടി പ്രവര്‍ത്തനം തുടങ്ങിയതോടെ തിരുവല്ല നഗരത്തിലൂടെ കടന്നു പോകുന്ന എംസി റോഡില്‍ തിരുമൂലപുരം മുതല്‍ മുത്തൂര്‍ വരെ നീണ്ടിരുന്ന വലിയ ഗതാഗത കുരുക്കിന് വിരാമമായി. മഴുവങ്ങാട് ചിറ മുതല്‍ മല്ലപ്പള്ളി റോഡ് വരെ ബൈപ്പാസ് ഗതാഗതത്തിനായി തുറന്നു കൊടുത്തതും, തിരുവല്ല നഗരത്തില്‍ എംസി റോഡ് നവീകരണത്തിനു ശേഷം നടപ്പാക്കിയ ഗതാഗത നിയന്ത്രണ സംവിധാനങ്ങളും മുത്തൂരിലെ പുതിയ ട്രാഫിക് സിഗ്നല്‍ സംവിധാനവുമാണ് മണിക്കൂറുകള്‍ നീണ്ടിരുന്ന ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് വഴിയൊരുക്കിയിരിക്കുന്നത്. മുടങ്ങി കിടന്ന ബൈപ്പാസ് നിര്‍മാണം പൂര്‍ണതയിലേക്ക് എത്തിക്കുന്നതിനും, ഉന്നത നിലവാരത്തില്‍ നഗരത്തിലെ എംസി റോഡ് നവീകരണത്തിനും മുത്തൂരില്‍ ട്രാഫിക് സിഗ്നല്‍ സംവിധാനം സ്ഥാപിക്കുന്നതിനും നടപടിയെടുത്തത് അഡ്വ. മാത്യു ടി തോമസ് എംഎല്‍എയുടെ ശ്രമഫലമായാണ്.
എംസി റോഡില്‍ മുത്തൂര്‍ ജംഗ്ഷനിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമായി പുതിയ ട്രാഫിക് സിഗ്നല്‍ സംവിധാനം മാറി. എംസി റോഡില്‍ തിരുവല്ലയില്‍ നിന്നും ചങ്ങനാശേരിയില്‍നിന്നും വരുന്ന വാഹനങ്ങളും, ചുമത്ര, കുറ്റപ്പുഴ, കാവുംഭാഗം റോഡുകളില്‍ നിന്നുള്ള വാഹനങ്ങളും മുത്തൂര്‍ ജംഗ്ഷനില്‍ എത്തിയാണ് കടന്നു പോകുന്നത്. സിഗ്നല്‍ ലൈറ്റ് സംവിധാനത്തില്‍ ഓരോ റോഡില്‍ നിന്നു വരുന്ന വാഹനങ്ങള്‍ക്കും കടന്നു പോകുന്നതിന് നിശ്ചിത സമയം ക്രമീകരിച്ചിട്ടുണ്ട്. പരീക്ഷണ അടിസ്ഥാനത്തിലാണ് സിഗ്നല്‍ ലൈറ്റ് സംവിധാനത്തില്‍ സമയം ക്രമീകരിച്ചിട്ടുള്ളതെന്നും അതിനാല്‍ അവ കൃത്യമായി പ്രവര്‍ത്തിച്ചു തുടങ്ങും വരെ എല്ലാവരും നിലവിലെ സംവിധാനത്തോടു സഹകരിക്കണമെന്നും സ്വിച്ച് ഓണ്‍ കര്‍മത്തില്‍ പങ്കെടുത്ത ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. പൊതുമരാമത്ത് ഇലക്ട്രോണിക്‌സ് വിഭാഗമാണ് സിഗ്നല്‍ ലൈറ്റ് സംവിധാനത്തിന്റെ നിര്‍മാണം നടത്തിയത്.