പൊതു വിദ്യാഭ്യാസ മേഖലയിൽ വൻ മുന്നേറ്റം :മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്
പൊതു വിദ്യാഭ്യാസ മേഖലയിൽ ഗണ്യമായ മുന്നേറ്റം കൈവരിക്കാൻ ഈ സർക്കാരിന്റെ കാലത്ത് കഴിഞ്ഞതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭയിൽ മാടായിക്കോണം പി.കെ. ചാത്തൻമാസ്റ്റർ മെമ്മോറിയൽ ഗവ. യു പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാരിനൊപ്പം എല്ലാ വിഭാഗം ജനങ്ങളുടെയും ഇടപെടൽ പൊതുവിദ്യാലയങ്ങളുടെ ശക്തി വർദ്ധിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
2017-18 പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പഴയ സ്‌കൂൾ കെട്ടിടം പൊളിച്ചുനീക്കിയാണ് ഒരു കോടി രൂപ ചെലവിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ഇരുനിലകളിലായി പൂർത്തീകരിച്ച കെട്ടിടത്തിൽ എട്ട് ക്ലാസ്സ് മുറികളും, ഒരു ഓഫീസ് മുറിയും, ഒരു ഹാളും, മൂന്ന് ടോയ്‌ലറ്റുകളുമാണ് നിർമ്മിച്ചിട്ടുള്ളത്. ഇതിനു പുറമെ നേരത്തേ അനുവദിച്ചിരുന്ന 15 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ആർട്ട് ഗാലറി, കുട്ടികളുടെ പാർക്ക്, സയൻസ് പാർക്ക്, ജൈവവൈവിധ്യ ഉദ്യാനം, സകലകല – ടാലന്റ് ലാബ് എന്നിവയും നിർമ്മിച്ചു.
പ്രൊഫ. കെ യു അരുണൻ മാസ്റ്റർ എം എൽ എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്‌സൺ നിമ്യ ഷിജു മുഖ്യാതിഥിയായി. പി ടി എ പ്രസിഡന്റ് സുജേഷ് കണ്ണാട്ട് ഉപഹാര സമർപ്പണം നടത്തി. ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു ലാസർ, നഗരസഭ കൗൺസിലർമാരായ പി.വി.പ്രജീഷ്, അംബിക പള്ളിപ്പുറത്ത്, പി.സി. മുരളീധരൻ, രമേഷ് വാര്യർ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ പി എ മുഹമ്മദ് സിദ്ദീഖ്, ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ. അബ്ദുൾ റസാഖ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.