കഴക്കൂട്ടം മണ്ഡലത്തിൽ കിഫ്ബി വഴി നടപ്പായി വരുന്നത് 455.49 കോടി രൂപയുടെ വികസന പദ്ധതികളാണെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

മെഡിക്കല്‍കോളേജ് മാസ്റ്റര്‍പ്ലാന്‍

717.29 കോടി രൂപയുടെ പദ്ധതികളാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ സമഗ്രവികസനത്തിനായി ഇടതുപക്ഷ സര്‍ക്കാര്‍ കിഫ്ബി മുഖേനെ നടപ്പിലാക്കാന്‍ വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടമായി കിഫ്ബി അനുവദിച്ച 58.37 കോടി രൂപയുടെ പദ്ധതി അടിസ്ഥാന ഗതാഗത സൗകര്യങ്ങളും പാര്‍ക്കിങ്ങും വികസിപ്പിക്കുന്നതിനും ഉദ്ദേശിച്ചിട്ടുള്ളതാണ്. ക്യാമ്പസ് റോഡ്‌ നവീകരണവും അറുന്നൂറോളം കാറുകള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള രണ്ട് മള്‍ട്ടി ലെവല്‍ കാര്‍പാര്‍ക്കിങ്ങുകളും പുതിയ മേല്‍പ്പാല റോഡ്‌ നിര്‍മാണവും ഇതില്‍ ഉള്‍പ്പെടുന്നു. ആദ്യഘട്ട നിർമാണം അവസാന ഘട്ടത്തിലാണ്.

ശ്രീകാര്യം ഫ്‌ളൈ ഓവർ

135 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ശ്രീകാര്യം ഫ്ളൈവർ പദ്ധതി കിഫ്ബി അംഗീകരിക്കുകയും സ്ഥലം ഏറ്റെടുപ്പിനുള്ള ആദ്യ ഗഡുവായി 35 കോടി രൂപ കൈമാറുകയും ചെയ്തു. നാലുവരി ഫ്‌ലൈ ഓവറാണ് പദ്ധതിയുടെ ഭാഗമായി ശ്രീകാര്യത്തെ ഉയരുക. ഇരുവശത്തും 7.5 മീറ്റര്‍ വീതം ആകെ 15 മീറ്ററാണ് ഫ്‌ലൈ ഓവറിന്റെ വീതി. ഇരുവശങ്ങളിലുമായി 5.5 മീറ്റര്‍ വീതിയില്‍ സര്‍വീസ് റോഡുകള്‍ ഉണ്ടാകും. 535 മീറ്ററാണ് ഫ്‌ലൈഓവറിന്റെ മൊത്തം നീളം. ശ്രീകാര്യം ജങ്ഷന്റെ സമഗ്ര വികസനവും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. നിര്‍ദ്ദിഷ്ട ലൈറ്റ് മെട്രോയുടെ സാങ്കേതിക ആവശ്യകതകള്‍ ഉള്‍ക്കൊള്ളിച്ചാണ് ഫ്‌ലൈ ഓവര്‍ രൂപകല്പന ചെയ്തിരിക്കുന്നത്. 135. 37 കോടി രൂപയാണ് പദ്ധതിയുടെ ചിലവ് കണക്കാക്കുന്നത്. സ്ഥലമേറ്റെടുക്കലിനുള്ള തുകയും ഇതില്‍ ഉള്‍പ്പെടും. 1.34 ഹെക്ടര്‍ ഭൂമി പദ്ധതിയ്ക്കായി ഏറ്റെടുക്കേണ്ടി വരും. സ്ഥലം എടുപ്പ് നടപടികൾ പുരോഗമിക്കുകയാണ്.

ഉള്ളൂര്‍ ഫ്ലൈ ഓവര്‍

കഴക്കൂട്ടത്തെ നഗരകേന്ദ്രവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡിലെ ദീർഘകാല ആവശ്യമായ ഉള്ളൂർ ഫ്‌ളൈ ഓവറിന്റെ ഒന്നാം ഘട്ടത്തിന് കിഫ്‌ബി അനുമതി നൽകി. 54.28 കോടി രൂപയുടെ ഒന്നാംഘട്ട പദ്ധതിയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചു.

പേട്ട-ആനയറ-വെൺപാലവട്ടം റോഡ്

പേട്ട-ആനയറ-വെണ്‍പാലവട്ടം റോഡ് വീതി കൂട്ടി നവീകരിക്കാനുള്ള 63.48 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി അംഗീകാരം നല്‍കി. റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് ഇതില്‍ നിന്നും 43.48 കോടി രൂപ വിനിയോഗിക്കും.  പേട്ട –  ആനയറ –  വെണ്‍പാലവട്ടം ജംഗ്ഷന്‍ വരെയുള്ള 3 കിലോമീറ്റര്‍ ദൂരം 14 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കും. വെണ്‍പാലവട്ടം മുതല്‍ ഒരുവാതില്‍കോട്ട ബൈപാസ് വരെയുള്ള റോഡിന് 12 മീറ്റര്‍ വീതിയുമുണ്ടാകും.  ഈ പ്രദേശത്തിന്റെയാകെ മുഖഛായ തന്നെ മാറ്റുന്നതിനും ഗതാഗത കുരുക്ക് ഒഴിവാക്കാനും അപകട സാധ്യത കുറയ്ക്കാനും ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച് വീതി കൂട്ടുന്ന റോഡ് വഴി സാധിക്കും. സ്ഥലം എടുപ്പ് നടപടികൾ അവസാന ഘട്ടത്തിലാണ്.

മണ്ണന്തല-പൗഡിക്കോണം റോഡ്

നഗരത്തില്‍ നിന്നും ടെക്നോപാര്‍ക്കിലേക്കുള്ള പ്രധാന റോഡുകളില്‍ ഒന്നായ മണ്ണന്തല – പൗഡിക്കോണം – ശ്രീകാര്യം റോഡ്‌ ഒന്നാം ഘട്ട നവീകരണത്തിനുള്ള സ്ഥലം ഏറ്റെടുക്കല്‍ ആരംഭിച്ചു. ശ്രീകാര്യത്ത് നിന്ന് ആരംഭിച്ച് പൗഡിക്കോണം വഴി മണ്ണന്തല വരെയുള്ള 7 കിലോമീറ്റര്‍ വരുന്ന ഭാഗമാണ് രണ്ട് ഘട്ടങ്ങളിലായി നവീകരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ മണ്ണന്തല, കേരളാദിത്യപുരം, പൗഡിക്കോണം ജംഗ്ഷന്‍ റോഡ്‌ വികസനവും രണ്ടാമത്തെ ഘട്ടത്തില്‍ സൊസൈറ്റി ജംഗ്ഷന്‍ മുതല്‍ ശ്രീകാര്യം വരെയുള്ള റോഡ്‌ നവീകരണവുമാണ്. രണ്ടു ഘട്ടങ്ങളിലായി ആകെ 84.2 കോടിയുടെ ഡിപിആര്‍ സമര്‍പ്പിച്ചതില്‍ ആദ്യ ഘട്ടത്തിന് 41.86 കോടി രൂപയുടെ സാമ്പത്തിക അനുമതി നിലവില്‍ ലഭിച്ചിട്ടുണ്ട്. സ്ഥലം എടുപ്പ് നടപടികൾ പുരോഗമിക്കുന്നു.

ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി

മാലിന്യ നിക്ഷേപവും കുളവാഴകളും  നിറഞ്ഞ് മലിനമായ ആക്കുളം കായലിനെ രക്ഷിക്കാൻ 64.13 കോടി രൂപയുടെ പുനരുജ്ജീവന പദ്ധതിക്ക് കിഫ്ബിയുടെ അംഗീകാരം. ആക്കുളം കായലിന്റെയും കൈത്തോടുകളുടെയും സമ്പൂര്‍ണ നവീകരണം ലക്ഷ്യമിട്ട് ബാർട്ടൺ ഹിൽ എൻജിനിയറിങ‌് കോളേജിന്റെ സഹായത്തോടെ കഴിഞ്ഞ ഒന്നരവര്‍ഷത്തെ വിശദമായ പഠനങ്ങളുടെയും പരീക്ഷണങ്ങളുടെയും ഫലമായി തയ്യാറാക്കിയ വിശദമായ പദ്ധതി രൂപരേഖയ്ക്കാണ് കിഫ്ബി ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചത്. ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി നടപ്പിലാക്കാനുള്ള പ്രത്യേക ഉദ്യേശ കമ്പനി (Special Purpose Vehicle) ആയി തിരഞ്ഞെടുത്തിരിക്കുന്നത് കേന്ദ്ര പൊതുമേഖലാസ്ഥാപനമായ വാപ്കോസിനെയാണ്. കായലിലെ മാലിന്യങ്ങളും പായലും നീക്കി വൃത്തിയാക്കി തെളിഞ്ഞ ജലമാക്കി മാറ്റുന്നതിന് മുൻഗണന നൽകുന്നതാണ് പദ്ധതി. ആക്കുളം കായലിൽ നിലവിൽ മണ്ണ് ഉയർന്ന് കിടക്കുന്ന ഭാഗം ഹരിതാഭമായ ചെറുദ്വീപാക്കി മാറ്റി അതിനുള്ളിൽ സ്വാഭാവികമായ ജലശുചീകരണ മാർഗങ്ങൾ ഒരുക്കും. ബാംബു ബ്രിഡ്ജ്, ഗ്രീൻ ബ്രിഡ്ജ്, പരിസ്ഥിതി മതിലുകൾ, ഇടനാഴികൾ, കല്ലുകൾ പാകിയ നടപ്പാതകൾ, സൈക്കിൾ ട്രാക്ക്, പൂന്തോട്ടത്തിന് നടുവിൽ വിശ്രമത്തിനായുള്ള ഇരിപ്പിടങ്ങൾ തുടങ്ങിയവയും നിർമിക്കും. ആക്കുളം കായലിനു പുറമേ കായലിലേക്ക് വന്നുചേരുന്ന ഉള്ളൂര്‍ തോട്, പട്ടം തോട്, പഴവങ്ങാടി തോട്, മെഡിക്കല്‍ കോളേജ് തോട് എന്നിവയുടെ നിശ്ചിതദൂരത്തിന്റെ നവീകരണം കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ്

കാര്യവട്ടം ഗവ.കോളേജ് പരിമിതികളുടെ നടുവിലുള്ള വിദ്യാഭ്യാസ സ്ഥാപനമാണ്. ആ ക്യാമ്പസിനെ കാലാനുസൃതമായി നവീകരിക്കാന്‍ കാര്യവട്ടം ഗവ. കോളേജ് പുതിയ കെട്ടിട സമുച്ചയവും ആധുനിക ക്ലാസ് മുറികളും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും നിര്‍മ്മിക്കുന്നതിന് 16 കോടി രൂപയാണ് നല്‍കിയത്. നിർമാണപ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.

കഴക്കൂട്ടം ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍

കിഫ്ബി പദ്ധതി പ്രകാരം 6 കോടി രൂപ ചെലവഴിച്ച് വിശാലമായ മൈതാനം മധ്യത്തിൽ വരുന്ന വിധത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാലയ ബഹുനില മന്ദിര നിർമാണം പൂർത്തിയായി കഴിഞ്ഞു. ലാബുകള്‍, ഹൈടെക്ക് ക്ലാസ് മുറികള്‍, ലൈബ്രറി, ടോയിലറ്റ് ബ്ലോക്ക് തുടങ്ങിയവ ഇതിന്റെ ഭാഗമായി നിര്‍മ്മിച്ചു.

കുളത്തൂർ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍

കുളത്തൂര്‍ കോലത്തുകര  ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കാന്‍ 6 കോടി രൂപയുടെ  അടിസ്ഥാന സൗകര്യ വികസനമാണ് നടപ്പിലാക്കുന്നത്. ആധുനിക ഡിസൈനില്‍ പുതിയ കെട്ടിടം, ക്ലാസ് മുറികള്‍, ലാബ് സൗകര്യങ്ങള്‍, ലൈബ്രറി, ടോയ്‌ലറ്റ് സൗകര്യങ്ങള്‍, ഗ്രൗണ്ട്, ഓപ്പണ്‍ സ്റ്റേജ് ഓഡിറ്റോറിയം തുടങ്ങിയവ പദ്ധതി പ്രകാരം നിര്‍മിക്കും. കെട്ടിട നിർമ്മാണം പൂർത്തിയാക്കി അവസാനഘട്ട മിനുക്ക് പണികൾ പുരോഗമിക്കുകയാണ് .

കഴക്കൂട്ടം മഹാദേവക്ഷേത്രം – ശബരിമല ഇടത്താവളം

സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളില്‍ വലിയ വികസനമൊരുക്കി ശബരിമല ഇടത്താവള സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതിയില്‍ സംസ്ഥാനത്തെ ആദ്യ ശബരിമല ഇടത്താവള സമുച്ചയം ചരിത്രപ്രസിദ്ധമായ കഴക്കൂട്ടം മഹാദേവര്‍ ക്ഷേത്രത്തിലാണ് ഉയരുന്നത്. സംസ്ഥാന സര്‍ക്കാര്‍ 10 കോടി രൂപ ചെലവഴിച്ചാണ് ഇവിടെ ഇടത്താവള സമുച്ചയം നിര്‍മ്മിക്കുന്നത്. വിശാലമായ അമിനിറ്റി സെന്റര്‍, മുന്നൂറ്റമ്പത് പേര്‍ക്ക് ഒരേ സമയം  ഭക്ഷണം കഴിക്കാവുന്ന അന്നദാന മണ്ഡപം, വിരിപന്തല്‍, എഴുന്നൂറോളം പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, ഓപ്പണ്‍ സ്റ്റേജ്, ആധുനിക  പാചകമുറി, ടോയിലറ്റ് സൗകര്യം തുടങ്ങിയവ ഇടത്താവള സമുച്ചയത്തിന്റെ ഭാഗമായി നിര്‍മ്മിക്കും. ശബരിമല ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് കൗണ്ടര്‍, ഇന്റര്‍നെറ്റ് – വൈ ഫൈ സംവിധാനം, ലോക്കര്‍ സൗകര്യം, ഭക്തര്‍ക്കാവശ്യമായ സാധനങ്ങള്‍ ലഭിക്കുന്ന അമിനിറ്റി സ്റ്റോര്‍ എന്നിവയും ഇടത്താവള സമുച്ചയത്തിലുണ്ടാകും. നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.