കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കാസര്‍കോട് ജില്ലയില്‍ നിന്നും കര്‍ണാടകയിലേക്കുള്ള ദേശീയപാത 66 (തലപാടി വഴി) ന് പുറമേ ജാല്‍ സൂര്‍, പെര്‍ള, മാണിമൂല  ബന്തടുക്ക, പാണത്തൂര്‍ എന്നീ റോഡുകള്‍ കൂടി ഇതിനകം തുറന്ന് നല്‍കിയിട്ടുണ്ട്. തലപ്പാടി വഴി ചികിത്സയ്ക്കും മറ്റും കടന്നു പോവുകയും അന്നുതന്നെ മടങ്ങുന്നവരുമായ രോഗികള്‍ , ബിസിനസുകാര്‍, അടിയന്തര സാഹചര്യങ്ങളില്‍ പോയി വരുന്ന മറ്റുള്ളവര്‍ എന്നിവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് ബാധകമല്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു.
ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് റവന്യു മന്ത്രി .ഇ ചന്ദ്രശേഖരന്റെ നിര്‍ദ്ദേശപ്രകാരം ചേര്‍ന്ന ജില്ലാ കളക്ടര്‍,ജില്ലാ പോലീസ് മേധാവി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ പങ്കെടുത്ത അടിയന്തര യോഗത്തിലാണ് ഈ തീരുമാനം. എന്നാല്‍ ദിവസേന സ്ഥിരമായി കര്‍ണാടകയില്‍ പോയി വരുന്നവര്‍ 21 ദിവസത്തില്‍ ഒരു തവണ വീതം കോവിഡ് 19 ജാഗ്രത വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ആന്റിജെന്‍ ടെസ്റ്റ് നെഗറ്റീവ് റിപ്പോര്‍ട്ട് അപ് ലോഡ് ചെയ്യേണ്ടതാണെന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കാസര്‍േകാട് ജില്ലയിലേക്ക് വരുന്നവരും ഈ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു