ജലസംഭരണി ഇനി വിശ്രമകേന്ദ്രം

കൊടുങ്ങല്ലൂർ ചന്തപ്പുരയിലെ ജലസംഭരണിയായ ദളവാക്കുളം ഇനി സായംസന്ധ്യകളിലെ വിശ്രമ സങ്കേതം. മാലിന്യവും ചെളിയും അനധികൃത കൈയേറ്റവും കൊണ്ട് നഷ്ടമായി കൊണ്ടിരുന്ന ജലസംഭരണിയാണ് ശുദ്ധീകരിച്ച് നാലുചുറ്റും കരിങ്കൽ ഭിത്തി കെട്ടി വീണ്ടെടുത്തത്. നഗരസഭയിലെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായാണ് ദളവാക്കുളത്തെ പ്രധാന വിശ്രമകേന്ദ്രമായി മാറ്റിയത്. ചന്തപ്പുര മുതൽ കോട്ടപ്പുറം വരെയുള്ള ബൈപാസ് ആരംഭിക്കുന്നത് ഈ കുളത്തിന്റെ വശത്തു കൂടിയാണ്. പേര് സൂചിപ്പിക്കും പോലെ തന്നെ ചരിത്രവുമായി ബന്ധമുള്ള വിശാലമായ ഈ കുളം ശുചീകരിച്ച് കൊണ്ടാണ് സൗൗന്ദര്യവത്കരണ പദ്ധതിക്ക് തുടക്കമിട്ടത്. 40 ലക്ഷം രൂപയാണ് പദ്ധതിത്തുക. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നാല് റോഡുകൾ സംഗമിക്കുന്ന ചന്തപ്പുര സിഗ്‌നൽ ജംഗ്ഷനിലെ ഡിവൈഡറിൽ പൂച്ചെടികളും ഇലച്ചെടികളും നിറച്ചു മനോഹരമാക്കി. ഇതിനോട് ചേർന്നുള്ള അരിക് വശങ്ങളും ദളവാക്കുളവും നവീകരിച്ചതോടെ ചന്തപ്പുരയുടെ മുഖം മാറി. മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന കുളത്തിന്റെ നാലുവശവും ഉയർത്തിക്കെട്ടി നടപ്പാതകൾ ഒരുക്കി. ചുറ്റിലും സ്റ്റീൽ കൈവരികൾ സ്ഥാപിച്ചു. കിഴക്കുഭാഗത്ത് സർവീസ് റോഡിനോട് ചേർന്നുള്ള ഭാഗത്ത് നാലടി വീതിയിൽ പുൽത്തകിടിയും പിടിപ്പിച്ചു. നിരവധി ഇരിപ്പിടങ്ങളും ഒരുക്കി. തെക്കും വടക്കും ഭാഗങ്ങളിൽ സോളാർ വെളിച്ച സംവിധാനങ്ങളും പൂച്ചെടികളും സ്ഥാപിച്ചതോടെ നഗരത്തിന്റെ മുഖം മാറി.  പരിപാലനത്തിന് ഒരു ജോലിക്കാരനെയും നഗരസഭ ഏർപ്പെടുത്തിയിട്ടുണ്ട്.
നഗരസഭയിലെ തോടുകൾ, പൊതു കിണറുകൾ, കുളങ്ങൾ എന്നിവ ശുചീകരിച്ച് സംരക്ഷിക്കുന്നതിനെ ഭാഗമായി ദളവാക്കുളത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള കരിച്ചാംകുളത്തിന്റെ ശുചീകരണ പ്രവർത്തികൾ നേരത്തേ തന്നെ നഗരസഭ പൂർത്തിയാക്കിയിരുന്നു.  ദളവാക്കുളം നവീകരണം പൂർത്തിയായത്തോടെ രാവിലെ മുതൽ ഇവിടെ യോഗ, മെഡിറ്റേഷൻ തുടങ്ങിയവയ്ക്കായി സമീപവാസികൾ എത്തുന്നു. വൈകുന്നേരങ്ങളിൽ കുടുംബസമേതം വന്നിരിക്കാൻ പറ്റിയ ഒരിടമായി ദളവാക്കുളം മാറി. ദേശീയപാതയിലൂടെ കടന്നുപോകുന്ന സഞ്ചാരികൾക്കും കുറച്ചുനേരം വിശ്രമിക്കാൻ ഉപകാരപ്രദമാകുന്ന വിധത്തിലാണ് രൂപകൽപ്പന.

നവീകരിച്ച ദളവാക്കുളം നഗരസഭാ ചെയർമാൻ കെ ആർ ജൈത്രൻ നാടിനു സമർപ്പിച്ചു. വൈസ് ചെയർപേഴ്സൺ ഹണി പീതാംബരൻ, വിവിധ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.