തൃശൂർ: പറവട്ടാനിയിൽ 150 കിലോ വാട്ട് സോളാർ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു. പറവട്ടാനി സ്റ്റോറിൽ സ്ഥാപിച്ച പ്ലാന്റിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ ഓൺലൈനായി
നിർവഹിച്ചു. 70 ലക്ഷം രൂപ ചെലവിലാണ് പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത്. പാരമ്പര്യേതര തനതുസ്രോതസ്സിൽ നിന്നും 5.25 ശതമാനം വൈദ്യുതി ഉൽപ്പാദിപ്പിക്കണമെന്ന സർക്കാർ നയപ്രകാരം കോർപ്പറേഷൻ രണ്ട് ഘട്ടങ്ങളിലായി രണ്ട് സോളാർ പ്ലാൻറുകൾ സ്ഥാപിച്ചിരുന്നു. 2016ൽ 200 കിലോവാട്ട് പ്ലാന്റ് ജയ്ഹിന്ദ് മാർക്കറ്റ് ബിൽഡിങ്ങിലും 2018ൽ 150 കിലോവാട്ട് പ്ലാന്റ് ട്രഷറി 33 കെ വി സബ്സ്റ്റേഷൻ കെട്ടിടത്തിലുമായാണ് സോളാർ പ്ലാൻറുകൾ സ്ഥാപിച്ചത്. മൂന്നാമത്തെ 150 കിലോ വാട്ട് സോളാർ പദ്ധതിയാണ് ജില്ലാ ആശുപത്രിയിലും പറവട്ടാനി സ്റ്റോറിലും ആയി നിർമ്മാണം പൂർത്തീകരിച്ചത്. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ റാഫി ജോസ് പി, സ്ഥിരം സമിതി ചെയർപേഴ്‌സൺ എം എൽ റോസി , ഡി പി സി മെമ്പർ വർഗീസ് കണ്ടംകുളത്തി തുടങ്ങിയവർ പങ്കെടുത്തു.
