ആലപ്പുഴ: കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് മൂന്നിൽ പുഴുക്ക തോടിന് കുറുകെ നിർമ്മിച്ച പാലത്തിൻറെ ഉദ്ഘാടനം അഡ്വ. യു പ്രതിഭ എംഎൽഎ നിർവ്വഹിച്ചു. എംഎൽഎയുടെ മണ്ഡല ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലം നിർമിച്ചത്. രണ്ടര മീറ്റർ വീതിയിലും അഞ്ചര മീറ്റർ നീളത്തിലുമാണ് പാലം നിർമിച്ചിരിക്കുന്നത്. പാലത്തിന്റെ അപ്രോച്ച് റോഡുകൾ തെക്ക് വശത്ത് 94.6 മീറ്ററും കിഴക്കോട്ട് 22 മീറ്ററും വീതി കൂട്ടി മെറ്റലിംഗും ടാറിംഗും ചെയ്തതോടെ യാത്രാ സൗകര്യം മെച്ചപ്പെടുത്താൻ കഴിഞ്ഞു.

കണ്ടല്ലൂർ, മുതുകുളം, പത്തിയൂർ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന ഭാഗത്താണ് പാലം നിർമ്മിച്ചിട്ടുള്ളത്. കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അംബുജാക്ഷി ടീച്ചർ, വാർഡ് അംഗം അഡ്വ. രാജഗോപാൽ എന്നിവർ പങ്കെടുത്തു.