ആലപ്പുഴ : മാലിന്യ സംസ്‌ക്കരണ മേഖലയിൽ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി ശുചിത്വ പദവിയിലെത്തി പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മ ഭുവന ചന്ദ്രൻ ശുചിത്വ പദവി പ്രഖ്യാപനം നടത്തി.

പഞ്ചായത്തിൻറെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം ലഭിച്ച 21 പേരടങ്ങുന്ന ഹരിത കർമ്മ സേനയാണ് ശുചിത്വവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നത്. വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വൃത്തിയാക്കിയ അജൈവ മാലിന്യങ്ങൾ ശേഖരിച്ചു മെറ്റീരിയൽ കളക്ഷൻ സെന്ററിൽ (എം. സി. എഫ് ) എത്തിച്ചു തരം തിരിച്ചു റീസൈക്ലിംഗ് കേന്ദ്രങ്ങളിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. ജൈവമാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കും. ഇതിനായി 1516 കമ്പോസ്റ്റ് പിറ്റുകൾ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. യൂസർ ഫീസ് ഇനത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും 100 രൂപയും വീടുകളിൽ നിന്ന് 40 രൂപയും ഈടാക്കും. ഈ തുക ഹരിത കർമ സേനയുടെ പ്രവർത്തന ചെലവിനായി വകയിരുത്തി വരുന്നു. മൂന്ന് എയറോബിക് കമ്പോസ്റ്റ് യൂണിറ്റുകളും ഇതിനോടകം വിവിധയിടങ്ങളിലായി സ്ഥാപിച്ചു കഴിഞ്ഞു. കുട്ടികളിൽ ശാസ്ത്രീയ മാലിന്യ സംസ്കരണ അവബോധം സൃഷ്ടിക്കുന്നതിനായി വിദ്യാലയ ഹരിത കർമ്മ സേന എന്ന ആശയം ഗ്രാമപഞ്ചായത്തിൻറെ നേതൃത്വത്തിൽ പുന്നപ്ര യു പി സ്കൂളിൽ നടപ്പിലാക്കി. ഈ പദ്ധതി വൻ വിജയമായതിനാൽ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ പറഞ്ഞു. ശുചിത്വ പദവി പ്രഖ്യാപനത്തിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.