സംസ്ഥാനത്തെ സർക്കാർ അതിഥി മന്ദിരങ്ങളെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുവാൻ സർക്കാരിനായി: മന്ത്രി ജി. സുധാകരൻ

കായംകുളം : സംസ്ഥാനത്തുള്ള സർക്കാർ അതിഥി മന്ദിരങ്ങളെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുവാൻ ഈ സർക്കാരിന് കഴിഞ്ഞുവെന്ന് പൊതുമരാമത്തു -രെജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ. നേരത്തെ സർക്കാരിന്റെ കീഴിലുള്ള 154 അതിഥി മന്ദിരങ്ങളുടെ വരുമാനം 2 കോടി മാത്രം ആയിരുന്നു. എന്നാൽ സർക്കാരിന്റെ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ഇവിടങ്ങളിലെ സൗകര്യങ്ങൾ മികച്ചതാക്കിക്കൊണ്ട് വരുമാനം ഇന്ന് 16 കോടിയിലേക്ക് എത്തിക്കാൻ ഈ സർക്കാരിന് കഴിഞ്ഞുവെന്നും 25കോടി വരുമാനമാണ് വരും നാളുകളിൽ പ്രതീക്ഷിക്കുന്നതെന്നും പുനര്‍നിര്‍മ്മിച്ച കായംകുളം റസ്റ്റ് ഹൗസ് നാടിന് സമര്‍പ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

വി. ഐ. പി സൗകര്യങ്ങളോട് കൂടി സാധാരണക്കാരന് കുറഞ്ഞ ചിലവിൽ താമസ സൗകര്യം ഒരുക്കുന്നതിനാണ് സർക്കാർ അതിഥി മന്ദിരങ്ങൾ വഴി ലക്ഷ്യമിടുന്നത്. കയ്യേറിയ പൊതുസ്വത്തുകൾ തിരിച്ചുപിടിച്ചും പൊതുമുതലുകൾ സംരക്ഷിച്ചുകൊണ്ടുമാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

1.54 കോടി രൂപ മുതല്‍ മുടക്കി അത്യാധുനിക സൗകര്യങ്ങളോട് കൂടിയാണ് കായംകുളം പൊതുമരാമത്ത് വകുപ്പ് വിശ്രമ മന്ദിരം പുനര്‍ നിര്‍മ്മിച്ചത്.
ഉന്നത നിലവാരമുള്ള കോണ്‍ഫറന്‍സ് ഹാള്‍, 2 വി.ഐ.പി മുറികള്‍, ഒരു പൊതുമരാമത്ത് മുറി, 7 സാധാരണ മുറികൾ ഡൈനിംഗ് ഹാള്‍ ഉള്‍പ്പെടെയാണ് പുതിയ വിശ്രമ മന്ദിരത്തിന്റെ നവീകരണം. പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകാള്‍ പാലിച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ യൂ. പ്രതിഭ എം. എൽ. എ അധ്യക്ഷത വഹിച്ചു. എ. എം ആരിഫ്‌ എം. പി കത്തിലൂടെയാണ് ചടങ്ങിന് ആശംസ അറിയിച്ചത്. കായംകുളം നഗരസഭ ചെയർമാൻ എൻ. ശിവാദസൻ, വൈസ് ചെയർപേഴ്സൺ ആർ. ഗിരിജ, പൊതുമരാമത്തു കെട്ടിട്ട വിഭാഗം ചീഫ് എഞ്ചിനീയർ ഹൈജീൻ ആൽബർട്ട്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.