എറണാകുളം : കൊച്ചി മെട്രോയുടെ ആദ്യഘട്ടം തൈക്കൂടം-പേട്ട പാത മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് തൈക്കൂടം-പേട്ട പാത ഉദ്ഘാടനം ചെയ്തത്. എസ്എൻ ജംഗ്ഷനിൽ മുതൽ തൃപ്പൂണിത്തുറ വരെയുള്ള സിവിൽ ജോലികളുടെ ഉദ്ഘാടനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിച്ചു. ചടങ്ങിൽ കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് സഹമന്ത്രി ഹർദീപ് സിംഗ് പുരി അദ്ധ്യക്ഷത വഹിച്ചു.

വിശാല കൊച്ചിയുടെ വികസനത്തിന്റെ നാഴികക്കല്ലാണ് കൊച്ചി മെട്രോ . മെയ് മാസത്തിൽ തന്നെ പേട്ടവരെയുള്ള മെട്രോ പാതയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിരുന്നുവെങ്കിലും കോവിഡ് സാഹചര്യമാണ് ഉദ്ഘാടനം വൈകാൻ കാരണമായത്. രണ്ടാം ഘട്ട മെട്രോയുടെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം തൈക്കൂടം – പേട്ട പാത കമ്മീഷനിങ്ങോട് കൂടി പൂർത്തിയായതായും രണ്ടാം ഘട്ടത്തിനുള്ള ശുപാർശ കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്നും ഉടൻ അംഗീകാരം നൽകുമെന്നും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് സഹമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. 6218 കോടി രൂപയ്ക്കാണ് കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂർത്തിയായത്. മെട്രോ യാത്രയ്ക്കായി സംസ്ഥാനം നൽകിയിരിക്കുന്ന കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ച് ഉത്തരവാദിത്വത്തോടെ യാത്ര ചെയ്യണം എന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തതിനു ശേഷം ജനപ്രതിനിധികളും ജില്ലാ കളക്ടറും പേട്ട മുതൽ തൈക്കൂടം വരെ മെട്രോയിൽ യാത്ര നടത്തി.

ഗതാഗത വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ , ഹൈബി ഈഡൻ എംപി, എംഎൽഎമാരായ പി.ടി. തോമസ്, എം സ്വരാജ്, കൊച്ചി മേയർ സൗമിനി ജെയിൻ, ജില്ലാ കളക്ടർ എസ് സുഹാസ് , ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത തുടങ്ങി മുതിർന്ന ഉദ്യോഗസ്ഥരും ഓൺലൈൻ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. തൈക്കൂടത്തു നിന്നും പേട്ടയിലേക്കുള്ള 1.33 കിലോമീറ്റർ പാതയോടെ കൊച്ചി മെട്രോയുടെ ആകെ ദൈർഘ്യം 25.2 കിലോമീറ്ററായി.

ജർമൻ ബാങ്ക് കെ എഫ് ഡബ്യുവിന്റെ സഹായത്തോടെ 747 കോടി രൂപ ചെലവിൽ കൊച്ചി വാട്ടർ മെട്രോ പദ്ധതിക്കുo കെഎംആർഎൽ തുടക്കമിടുന്നുണ്ട്. ഇതോടെ മെട്രോയോട് ചേർന്ന് ജലഗതാഗതം ആരംഭിക്കുന്ന രാജ്യത്തെ ആദ്യ നഗരമാകും കൊച്ചി.