ശാസ്ത്രീയ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് സമ്പൂർണ്ണമാക്കുന്നതിലൂടെ കുടിവെള്ളത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലും കുടിവെള്ള പരിശോധനാ ലാബുകൾ സ്ഥാപിക്കുന്ന ഹരിതകേരളം മിഷൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ജലസംരക്ഷണ മേഖലയിൽ ഹരിതകേരളം മിഷൻ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് വിദ്യാഭ്യാസവകുപ്പും ജലവിഭവ വകുപ്പും തദ്ദേശ ഭരണസ്ഥാപനങ്ങളുമായി ചേർന്ന് പദ്ധതി നടപ്പാക്കുന്നത്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലും തിരഞ്ഞെടുക്കപ്പെട്ട ഒരു ഹയർസെക്കൻഡറി സ്‌കൂളിലാണ് പരിശോധനാ ലാബ് സജ്ജമാക്കുന്നത്.  പുഴകളുടെയും തോടുകളുടെയും നീർച്ചാലുകളുടെയും പുനരുജ്ജീവന പ്രവർത്തനങ്ങൾക്കായി ഹരിതകേരളം മിഷന്റെ പ്രവർത്തനം ഏറെ ഫലം കണ്ടതായും ഇത് വിപുലമാക്കുന്നതോടെ മാലിന്യം നിർമ്മാർജ്ജനം ചെയ്യാനും ശുദ്ധജലത്തിന്റെ ഒഴുക്ക് സുഗമമാക്കാനും കഴിയുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ ഓൺലൈനായി സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ജലഗുണനിലവാര പരിശോധന സംബന്ധിച്ച് തയ്യാറാക്കിയ കൈപുസ്തകം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി പ്രകാശനം ചെയ്തു.

അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂളിൽ ജലഗുണതാ പരിശോധനാ ലാബിൻ്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രിപിണറായി വിജയൻ ഓൺലൈനായി നിർവഹിക്കുന്നു 

ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ്‌ചെയർപേഴ്‌സൺ ഡോ. ടി.എൻ.സീമ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയപാലൻ മാസ്റ്റർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറൽ കെ. ജീവൻബാബു, കെ.ഐ.ഐ.ഡി.സി. മാനേജിംഗ് ഡയറക്ടർ എൻ. പ്രശാന്ത്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
എം.എൽ.എ.മാരുടെ ആസ്തി വികസന നിധിയിൽ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ടിൽ നിന്നും തുക കണ്ടെത്തിയാണ് ലാബ് സ്ഥാപിക്കുന്നത്. ഇതിനകം 59 എം.എൽ.എ.മാർ 380 സ്‌കൂളുകളിൽ ലാബ് ആരംഭിക്കാൻ തുക അനുവദിച്ചു. ഇതുൾപ്പെടെ 480 സ്‌കൂളുകളിൽ ആദ്യഘട്ടമായി ലാബുകൾ പ്രവർത്തനമാരംഭിക്കും. ഈ വർഷം തന്നെ എല്ലാ തദ്ദേശസ്ഥാപന പരിധിയിലും ലാബുകൾ സ്ഥാപിക്കുമെന്ന് ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ്‌ചെയർപേഴ്‌സൺ ഡോ. ടി.എൻ. സീമ അറിയിച്ചു.
പൊതുജനങ്ങൾക്ക് കിണർ വെള്ളത്തിന്റെ സാമ്പിൾ ലാബുകളിൽ നേരിട്ടെത്തിച്ച് ഗുണനിലവാര പരിശോധന നടത്താം. പ്രാദേശികമായി ലാബുകൾ സ്ഥാപിക്കുന്നതോടെ കുടിവെള്ള പരിശോധന വ്യാപകമാക്കാനും ജലഗുണനിലവാരം ഉറപ്പാക്കാനും കഴിയും.