കടമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കടമ്പൂര്‍ കുടുംബാരോഗ്യ ഉപകേന്ദ്രം, തൈപ്പറമ്പ് കുടിവെള്ള പദ്ധതി, മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍, കാടാച്ചിറ കുടുംബാരോഗ്യ കേന്ദ്രം ഒന്നാംഘട്ട പ്രവൃത്തി എന്നിവയുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.
ധര്‍മ്മടം മണ്ഡലത്തിലെ മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഇതിനോടകം കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കടമ്പൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം വേണമെന്ന ദീര്‍ഘകാലത്തെ ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടവും കോണ്‍ഫറന്‍സ് ഹാളും നിര്‍മ്മിക്കാനാണ് തീരുമാനം. രണ്ട് ഘട്ടങ്ങളിലായി കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. ഇതിനായി 1.45 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഒന്നാംഘട്ടത്തില്‍ 85 ലക്ഷം രൂപ വിനിയോഗിച്ച് പരിശോധന മുറികളും ഫാര്‍മസി, നഴ്‌സിംഗ് റൂം, കാത്തിരിപ്പ് മുറി , ശുചിമുറി, ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കുമുള്ള പ്രത്യേക സൗകര്യങ്ങള്‍ എന്നിവ നിര്‍മ്മിക്കും. രണ്ടാം ഘട്ടത്തില്‍ ഓഫീസ്, കോണ്‍ഫറന്‍സ് ഹാള്‍, സ്റ്റാഫ് റസ്റ്റിംഗ് റൂം എന്നിവയും പൂര്‍ത്തിയാക്കും. ഇതിന് പുറമെ എന്‍എച്ച്എം വിഹിതമായ 15 ലക്ഷം രൂപയും കുടുംബാരോഗ്യ കേന്ദ്രത്തിനായി വിനിയോഗിക്കും. സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ ചെലവഴിച്ചാണ് കുടുംബാരോഗ്യ ഉപകേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. സ്വകാര്യ വ്യക്തി സംഭാവന ചെയ്ത 10 സെന്റ് സ്ഥലത്താണ് നിര്‍മ്മാണം. സ്റ്റോര്‍ റൂം, ശുചിമുറി, ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമുള്ള സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നുള്ള ഡോക്ടറുള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സേവനവും ഇവിടെ പ്രയോജനപ്പെടുത്തും.
കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് തൈപ്പറമ്പ് കുടിവെള്ള പദ്ധതിക്ക് തുടക്കമിട്ടത്. എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് 28.5 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. 35 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. സമ്പൂര്‍ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ട കടമ്പൂരില്‍ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്റര്‍ യാഥാര്‍ഥ്യമാക്കിയത്. ഹരിത കര്‍മ്മസേന വീടുകളില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇതോടെ തരംതിരിച്ച് സൂക്ഷിക്കാനാകും. ശുചിത്വമിഷന്‍ കടമ്പൂര്‍ പഞ്ചായത്തിന് അനുവദിച്ച 20 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം.
കരിപ്പാച്ചാല്‍ കുന്നുമ്പ്രം പൊതുശ്മശാനം പരിസരത്ത് നടന്ന ചടങ്ങില്‍ കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ഗിരീശന്‍ അധ്യക്ഷത വഹിച്ചു. ഹരിത കര്‍മ്മ സേനാംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം സി മോഹനന്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ വിമലാദേവി, സെക്രട്ടറി എന്‍ പ്രദീപന്‍, സ്ഥിരംസമിതി അധ്യക്ഷന്മാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.