ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തിനെ വികസന നിറവിലാഴ്ത്തി വിവിധ പദ്ധതികളുടെ നിര്‍മാണ ഉദ്ഘാടനം വൈദ്യുതി മന്ത്രി എം എം മണി നിര്‍വഹിച്ചു. ഒരു ഗ്രാമ പഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം വികസന രംഗത്ത് ഏറ്റവും മികച്ച പ്രവര്‍ത്തനമാണ് വണ്ടിപ്പെരിയാറില്‍ നടപ്പാക്കിയിട്ടുള്ളത്. ഇക്കാര്യത്തില്‍ സ്ഥലം എ എല്‍ എ കൂടിയായ ഇ.എസ് ബിജിമോളുടെ പിന്തുണയും സഹകരണവും വളരെ വലുതാണെന്ന് മന്ത്രി പറഞ്ഞു.
കോവിഡ് മഹാമാരി ലോകത്തെയാകെ ഗ്രസിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതിനെ നേരിടാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തി വരുകയാണ്. വാക്‌സിന്‍ കണ്ടെത്തുന്നതിനായി എല്ലാ രാജ്യങ്ങളും ശ്രമം നടത്തിവരുന്നു. രോഗവ്യാപനത്തിന്റെ കാര്യത്തില്‍ നമ്മുടെ രാജ്യം രണ്ടാം സ്ഥാനത്തെത്തിയത് ആശങ്കാജനകമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നമ്മുടെ നാട്ടിലെ എല്ലാവരും ഒന്നിച്ചു നിന്ന് ഈ രോഗത്തിനെതിരേ പോരാടണമെന്ന് മന്ത്രി പറഞ്ഞു. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ഉത്ഘാടന ചടങ്ങ്.
യോഗത്തില്‍ ഇ.എസ്. ബിജിമോള്‍ എം എല്‍ എ അധ്യക്ഷയായിരുന്നു.
വണ്ടിപ്പെരിയാറില്‍ മാലിന്യസംസ്‌കരണ പ്ലാന്റിന് സ്ഥലം വിട്ടുനല്‍കിയ എസ്റ്റേറ്റ് കമ്പനി പ്രതിനിധിയെ ചടങ്ങില്‍ ആദരിച്ചു . പ്ലാന്റില്‍ തയാറാക്കിയ ജൈവ വളത്തിന്റെ വിതരണോദ്ഘാടനം എം എല്‍ എ നിര്‍വഹിച്ചു. നവീകരിച്ച പഞ്ചായത്ത് ഓഫീസിന്റെ ഉദ്ഘാടനം കൂടാതെ സാനിട്ടറി കോംപ്ലക്‌സ്, ജനകീയഹോട്ടല്‍, 23ാംവാര്‍ഡ് വെയിറ്റിംഗ് ഷെഡ്, ഗവ. യു പി സ്‌കൂള്‍ നവീകരണം, എട്ടാം വാര്‍ഡ് അംഗന്‍വാടി, മ്‌ളാമല ആയുര്‍വേദ ആശുപത്രി കെട്ടിടം, ആയുര്‍വേദ ആശുപത്രി നവീകരണം, തുണി സഞ്ചി നിര്‍മാണ യൂണിറ്റ് & തയ്യല്‍ പരിശീലനകേന്ദ്രം, ജൈവവള നിര്‍മാണ കേന്ദ്രം, പകല്‍ വീട്, വനിതാ തയ്യല്‍ കേന്ദ്രം, കാര്‍ഷിക പരിശീലന കേന്ദ്രം, കാര്‍ഷിക ചന്ത, രാജമുടി അംഗന്‍വാടി, തങ്കമല മാട്ടുപ്പെട്ടി അംഗന്‍വാടി, ജൈവവള ആദ്യ വില്പന, നൂറടി പാലം അറ്റകുറ്റപ്പണി, ഹോമിയോ ആശുപത്രി കെട്ടിടം, ജീപ്പ് സ്റ്റാന്‍ഡ്, മൂങ്കലാര്‍ ആയുര്‍വേദ ആശുപത്രി നവീകരണം, ഡൈമുക്ക് സ്‌നേഹസദനം, കാര്‍ഷിക ക്‌ളിനിക്ക്, മത്സ്യ മാംസ മാര്‍ക്കറ്റ്, കമ്യൂണിറ്റി ഹാള്‍ അടുക്കള നവീകരണം എന്നിവയുടെ നിര്‍മാണ ഉദ്ഘാടനങ്ങളാണ് മന്ത്രി നിര്‍വഹിച്ചത്.
പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മന്ത്രി എം എം മണി ഉദ്ഘാടനം നിര്‍വഹിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്, വൈസ് പ്രസിഡന്റ് എസ് പി രാജേന്ദ്രന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ വിജയലക്ഷ്മി, ക്ഷേമകാര്യ സ്റ്റാന്‍ഡിഗ്ഗ് കമ്മിറ്റി ചെയര്‍മാന്‍ ബാലമുരുകന്‍ തുടങ്ങിയവും മറ്റ് വിവിധ തദ്ദേശ സ്വയംഭരണ ഭാരവാഹികളും ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ് എന്‍ അജിത് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
