ശാസ്ത്രി റോഡ് പുനരുദ്ധാരണം കോട്ടയം
നഗരത്തിന്‍റെ മുഖഛായ മാറ്റും: മന്ത്രി ജി. സുധാകരന്‍


കോട്ടയം: ലാല്‍ ബഹദൂര്‍ ശാസ്ത്രി റോഡിന്‍റെ പുനരുദ്ധാരണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ കോട്ടയം നഗരത്തിന്‍റെ മുഖഛായ മാറുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ശീമാട്ടി റൗണ്ടാന മുതല്‍ ലോഗോസ് ജംഗ്ഷന്‍ വരെയുള്ള റോഡിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഒരു വര്‍ഷമാണ് നിര്‍മാണ കാലയളവായി കണക്കാക്കിയിരിക്കുന്നതെങ്കിലും അതിനു മുന്‍പ് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 9.2 കോടി രൂപ ചിലവില്‍ മനോഹരമായ റോഡാണ് ഇവിടെ ഒരുങ്ങുക. അടിസ്ഥാന സൗകര്യ വികസനത്തിന് ഗണ്യമായ മുന്‍ഗണന നല്‍കിയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. കോവിഡ് പ്രതിസന്ധിക്കിടയിലും പൊതുമരാമത്ത് പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് ശ്രമിച്ചുവരികയാണ്-മന്ത്രി പറഞ്ഞു.

ഇതോടനുബന്ധിച്ച് കോട്ടയം ബേക്കര്‍ വിദ്യാപീഠ് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ശിലാഫലകം അദ്ദേഹം അനാച്ഛാദനം ചെയ്തു

തോമസ് ചാഴികാടന്‍ എം.പി, മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ ഡോ. പി.ആര്‍. സോന, മുന്‍ എം.എല്‍.എ വി.എന്‍. വാസവന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളായ ജോഷി ഫിലിപ്പ്, സജി മഞ്ഞക്കടമ്പില്‍, നോബിള്‍ മാത്യു, പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി. ശ്രീലേഖ തുടങ്ങിയവര്‍ പങ്കെടുത്തു.