മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

എറണാകുളം: മികവിൻ്റെ കേന്ദ്രങ്ങളായ ജില്ലയിലെ നാല് സ്കൂളുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. സംസ്ഥാന സർക്കാരിൻ്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി നവീകരിച്ച വിദ്യാലയങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ജി.എച്ച്.എസ്.എസ് സൗത്ത് വാഴക്കുളം , ജിഎച്ച്എസ്എസ് പിറവം, ജി എം എച്ച് എസ് എസ് ചെറുവട്ടൂർ, ജി എച്ച് എസ് എസ് കോങ്ങോർപ്പിളളി എന്നീ സ്കൂളുകൾക്കാണ് പദ്ധതിയുടെ ഭാഗമായി പുതിയ കെട്ടിടങ്ങൾ ഒരുങ്ങിയത്.

കൊങ്ങോർപ്പിള്ളി ഗവ. ഹയർ സെക്കൻ്ററി സ്കൂളിളിൽ 1844 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ മൂന്ന് നിലകളുള്ള രണ്ട് കെട്ടിടങ്ങളാണ് പൂർത്തിയാക്കിയത്. പുതിയ കെട്ടിടങ്ങൾ ഹൈസ്കൂൾ വിഭാഗത്തിന് വേണ്ടിയുള്ളതാണ്.
പതിമൂന്ന് ക്ലാസ് മുറികൾ, പതിനെട്ട് ടോയ് ലറ്റ്, സ്റ്റാഫ് റൂം, ഓഫീസ് റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലാംഗ്വേജ് ലാബ്, ലൈബ്രറി, സിക്ക് റൂം, ആർട്ട്സ് റൂം, രണ്ട് സ്റ്റോർ റൂം എന്നിവയാണ് പുതിയ കെട്ടിടത്തിലെ സൗകര്യങ്ങൾ. സ്കൂളിനായി അനുവദിച്ച അഞ്ച് കോടിയിൽ 4.42 കോടി രൂപയാണ് നിർമ്മാണത്തിനായി ചെലവായത്. നിലവിൽ 265 കുട്ടികൾ ഹൈസ്കൂൾ വിഭാഗത്തിൽ ഇവിടെ പഠിക്കുന്നുണ്ട്. കളമശ്ശേരി എംഎൽഎ വി.കെ ഇബ്രാഹിംകുഞ്ഞ് ശിലാഫലകം അനാച്ഛാദനം ചെയ്തു.
ആർ.ഡി.ഡി ശകുന്തള കെ, ആലങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് രാധാമണി ജയ്സിംഗ്, ജില്ലാ പഞ്ചായത്ത് അംഗം ഷീബ ജോസ്തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

സൗത്ത് വാഴക്കുളം ഗവൺമെൻറ് എച്ച് എസ് സ്ക്കൂളിൽ അന്തർദേശീയ നിലവാരത്തിലുള്ള ഹൈടെക് ക്ലാസ് മുറികളോട് കൂടിയാണ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. കിഫ് ബി ഫണ്ടിൽ നിന്നും അനുവദിച്ച 5 കോടി രൂപയിൽ 4.4 കോടി ചെലവഴിച്ചാണ് നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്.
മൂന്ന് ബ്ളോക്കുകളായാണ് കെട്ടിടത്തിന് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. 818.43 വിസ്തീർണത്തിൽ നിർമ്മിച്ച ഹയർസെക്കൻഡറി ബ്ലോക്കിൽ 7 ക്ലാസ് മുറികൾ, സ്റ്റാഫ് റൂം, 12 ടോയ്ലറ്റുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. 1119.48 വിസ്തീർണത്തിൽ പണികഴിപ്പിച്ച ഹൈസ്കൂൾ ബ്ലോക്കിൽ 13 ക്ലാസ് മുറികൾ, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, 13 ടോയ്ലറ്റുകൾ എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കിച്ചൺ ബ്ലോക്കിൽ കിച്ചൺ, ഡൈനിങ്, ബേസ്മെൻ്റ് എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. 18 മാസം കൊണ്ടാണ് കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നൂർ ജഹാൻ ഷക്കീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് ബി എ അബ്ദുൽ മുത്തലിബ് ശിലാഫലകം അനാച്ഛാദനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷെറീന ബഷീർ, വാർഡ് മെമ്പർമാരായ ശ്രീദേവി രമേഷ്, പി.എം നാസർ, കൃഷ്ണകുമാർ, ജയപ്രസാദ്, സ്കൂൾ പ്രിൻസിപ്പൽ ആശ വി ജി, ഹെഡ്മിസ്ട്രസ് കെകെ പാത്തുമ്മ പിടിഎ പ്രസിഡൻറ് കെ കെ മനോജ് തുടങ്ങിയവർ പങ്കെടുത്തു.

മികവിൻ്റെ കേന്ദ്രമെന്ന നിലയിൽ തെരഞ്ഞെടുക്കപ്പെട്ട് ഉദ്ഘാടനം നടക്കുന്ന സംസ്ഥാനത്തെ 34 വിദ്യാലയങ്ങളിൽ കോതമംഗലം മേഖലയിൽ നിന്നുള്ള ഏക ഹൈടെക് വിദ്യാലയമാണ് ചെറുവട്ടൂർ സ്കൂൾ.
സ്കൂളിൻ്റെ വജ്രജൂബിലി വർഷത്തിലാണ് ഹൈടെക് വികസനം നടക്കുന്നത്. 5 കോടി 39 ലക്ഷം രൂപയുടെ കിഫ്ബി ഫണ്ടിൻ്റെ സഹായത്തോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
22000 ചതുരശ്ര അടി കെട്ടിടമാണ് ഇപ്പോൾ നവീകരണം പൂർത്തിയാക്കിയത്. 21 ക്ലാസ് മുറികളും രണ്ട് ലാബുകളും ഓഫീസ് കെട്ടിടവും ഭിന്നശേഷിക്കാർക്കുള്ള ഒരു പ്രത്യേക ശുചിമുറി ഉൾപ്പെടെ 27 ശുചിമുറികളും ഉൾപ്പെടുന്നതാണ് പുതിയ കെട്ടിടം . മുഖ്യാതിഥിയായ എം.എൽ.എ.ആൻ്റണി ജോൺ മന്ദിരത്തിൻ്റെ ശിലാഫലകം അനാഛാദനം ചെയ്തു.

എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോളി കുര്യാക്കോസ് ,പി.റ്റി.എ.പ്രസിഡണ്ട് സലാം കാവാട്ട് ,ഹയർ സെക്കൻ്ററി പ്രിൻസിപ്പൽ എ.നൗഫൽ,ജില്ലാ പഞ്ചായത്ത് മെംബർ കെ.എം.പരീത്. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റഷീദ സലീം, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിനി രവി, ഹെഡ്മിസ്ട്രസ്സ് ഇൻ ചാർജ് ടി.എൻ.സിന്ധു തുടങ്ങിയവർ
പരിപാടിയിൽ പങ്കെടുത്തു.

പിറവം ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ 1.80 കോടി രൂപ ചിലവിൽ രണ്ട് നിലകളുള്ള കെട്ടിടമാണ് പൂർത്തിയാക്കിയത്.5 കോടി രൂപയാണ് സ്കൂൾ നവീകരണത്തിനായി അനുവദിച്ചത്. കിച്ചൺ, ഡൈനിങ്ങ് ഹാൾ,25000 ലിറ്റർ സംഭരണ ശേഷിയുള്ള ജല സംഭരണി, ശൗചാലയങ്ങൾ എന്നിവ പണി കഴിപ്പിച്ചു. എം.എൽ.എ.അനൂപ് ജേക്കബ് ,പ്രിൻസിപ്പൾ ചെയർമാൻ സാബു കെ.ജേക്കബ്, പ്രിൻസിപ്പാൾ മനീത എസ്, ഹെഡ് മിസ്ട്രസ് സുമ.ആർ എന്നിവർ പങ്കെടുത്തു.