കുടുംബസംഗമത്തിൽ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പങ്കെടുത്തു

സാമൂഹ്യ സുരക്ഷ മിഷന്റെ നേതൃത്വത്തിൽ വി കെയർ ഗുണഭോക്തൃ കുടുംബ സംഗമം സംഘടിപ്പിച്ചു. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ കുടുംബ സംഗമത്തിൽ പങ്കെടുത്തു. ഗുരുതര രോഗം ബാധിച്ച് ജീവിതം കൈവിട്ടു പോയിടത്തുനിന്ന് പുതുജീവിതത്തിലേക്ക് വന്നവരുടെ കൂടിച്ചേരൽ വൈകാരിക നിമിഷങ്ങൾ നിറഞ്ഞതായിരുന്നു. വി കെയർ പദ്ധതിയിലൂടെ ശസ്ത്രക്രിയയടക്കമുള്ള ചികിത്സ നടത്തിവരിൽ നിന്ന് ജില്ലാടിസ്ഥാനത്തിൽ പത്തിലധികം പേരെ ഉൾപ്പെടുത്തി ആകെ ഇരുനൂറോളം പേരെയാണ് ഇന്നത്തെ ഗുണഭോക്തൃ കുടുംബ സംഗമത്തിൽ ഉൾപ്പെടുത്തിയത്. കരൾ, വൃക്ക, മജ്ജ മാറ്റിവെക്കലുകൾ അടക്കമുള്ള ഗുരുതര ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി സുഖം പ്രാപിച്ചവരാണവർ. അവരുടെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയും തുടർ ചികിത്സാനുഭവങ്ങളും നിർദേശങ്ങളും ഓൺലൈനായി മന്ത്രിയുമായി പങ്കുവെച്ചു.

ആയിരത്തിലധികം പേർക്കാണ് വി കെയർ പദ്ധതിയിലൂടെ ചികിത്സാസഹായം നൽകിയതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പഞ്ഞു. ഗുരുതര രോഗങ്ങളുമായെത്തുന്നവരുടെ ഭീമമായ ചികിത്സാച്ചെലവ് എങ്ങനെ നൽകുമെന്നോർത്ത് ഉത്കണ്ഠപ്പെട്ടിരുന്നപ്പോഴാണ് വി കെയറിലൂടെ ചികിത്സാധനം സമാഹരിക്കാമെന്ന ആശയം വന്നത്. സർക്കാർ വിഹിതത്തിനൊപ്പം സുമനസുകളുടെ സഹായവും ചേർന്നതു കൊണ്ടാണ് ഇത്രയും പേർക്ക് ഉപകരിക്കുന്ന വിധത്തിൽ കാര്യങ്ങൾ ചെയ്യാനായത്. ഇനിയും വറ്റാത്ത കാരുണ്യ മനസുകളുടെ സഹായം തുടരണം. മാത്രമല്ല വളരെ സത്യസന്ധമായും സുതാര്യവുമായാണ് വി കെയർ പദ്ധതിയുടെ പ്രവർത്തനം. കോവിഡ് കാലത്ത് ശസ്ത്രക്രിയകൾ കഴിഞ്ഞവരും രോഗബാധിതരായ കുട്ടികളും ഏറെ ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി ഓർമിപ്പിച്ചു. വി കെയർ പദ്ധതിയുടെ നെടുംതൂണായ സാമൂഹ്യ സുരക്ഷാ മിഷനെയും ജീവനക്കാരെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

സർക്കാർ സാമൂഹ്യ സുരക്ഷാ മിഷനിലൂടെ നടപ്പിലാക്കി വരുന്ന സുപ്രധാന പദ്ധതിയാണ് വി കെയർ. വ്യക്തികൾ സന്നദ്ധ സംഘടനകൾ, ഫൗണ്ടേഷനുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപറേറ്റുകൾ, സഹകരണ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള നിക്ഷേപ സമാഹരണം നടത്തുകയും ഇത്തരത്തിൽ ലഭ്യമാകുന്ന തുകയുപയോഗിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയെന്നതുമാണ് വി കെയർ ലക്ഷ്യം വെക്കുന്നത്.

സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ കുടുംബ സംഗമത്തിൽ സംസാരിച്ചു. കെഎസ്എസ്എം റീജിയണൽ ഡയറക്ടർ ഡോ. ഡയാന സി.ജി., ഡോ. സുബി, വി കെയർ പദ്ധതിയിലെ മറ്റ് ജീവനക്കാർ, എല്ലാ ജില്ലകളിലെയും വയോമിത്രം കോർഡിനേറ്റർമാർ, ജില്ലാ പ്രതിനിധികൾ തുടങ്ങിയവരും വി കെയർ ഗുണഭോക്തൃ കുടുംബ സമാഗമത്തിൽ പങ്കെടുത്തു.