പാലക്കാട്‌: ജില്ലയില്‍ കൊയ്ത്ത് പ്രവര്‍ത്തികള്‍ ആരംഭിച്ചതായും കാര്‍ഷിക പ്രവൃത്തികള്‍ക്കായി നേരത്തെ ജില്ലയിലെത്തിയ അതിഥി തൊഴിലാളികള്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി കൊയ്ത്തിനിറങ്ങിയതായും കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (വാട്ടര്‍ മാനേജ്‌മെന്റ്‌റ്) അറിയിച്ചു. ജില്ലയിലുള്ള കാര്‍ഷികോപകരണങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. പഞ്ചായത്ത് / ബ്ലോക്ക് തലത്തില്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെ് കോവിഡ് മാര്‍ഗരേഖകള്‍ക്കനുസൃതമായാണ് കൊയ്ത്ത് നടക്കുന്നത്. സെപ്തംബര്‍ പകുതിയോടെ കൂടുതല്‍ പ്രദേശങ്ങളില്‍ കൊയ്ത്ത് ആരംഭിക്കാനാകുമെന്നും കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കൊയ്ത്തിനും വിതയ്ക്കുമായി അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്നു കൊണ്ടിരിക്കുന്ന കാര്‍ഷികോപകരണങ്ങള്‍, തൊഴിലാളികള്‍ എന്നിവ സംബന്ധിച്ച് കരുതല്‍ നടപടികള്‍ തുടരുന്നുണ്ട്. കൊയ്ത്തിനു കൊണ്ടുവരുന്ന യന്ത്രങ്ങളുടെയും കോണ്‍ട്രാക്ടര്‍മാര്‍, ഓപ്പറേറ്റര്‍, തൊഴിലാളികള്‍ എന്നിവരുടെയും വിശദാംശങ്ങള്‍ കൃഷിഭവന്‍ തലത്തില്‍ ശേഖരിച്ചു വരുന്നു. കൊയ്ത്ത് യന്ത്രങ്ങളുടെയും തൊഴിലാളികളുടെയും  കോവിഡ് 19 മാര്‍ഗരേഖ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി പഞ്ചായത്ത് തലത്തില്‍ കൃഷി ഓഫീസര്‍, പാടശേഖര സമിതികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സമിതി രൂപീകരിച്ചിട്ടുള്ളതായും അധികൃതര്‍ അറിയിച്ചു.

അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന കൊയ്ത്ത് യന്ത്രങ്ങള്‍ അണുവിമുക്തമാക്കാന്‍് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കാന്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊയ്ത്ത് യന്ത്രം അണുവിമുക്തമാക്കുന്നത് സംബന്ധിച്ച് ജില്ലാ ഫയര്‍ സ്റ്റേഷന്‍ മുഖേന കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ 12 പേര്‍ക്ക് പരിശീലനം നല്‍കുകയും കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ ആവശ്യാനുസരണം സേവനം ലഭ്യമാക്കുകയും ചെയ്ത് വരുന്നു. യന്ത്രങ്ങള്‍ അണുവിമുക്തമാക്കുന്നതിനാവശ്യമായ രാസപദാര്‍ത്ഥങ്ങള്‍  ആവശ്യാനുസരണം ലഭ്യമാക്കുന്നുണ്ട്. ജില്ലാ കളക്ടറുടെ നിര്‍ദേശാനുസരണം കോവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ച് കൃഷിഭവന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പാടശേഖര സമിതി പ്രതിനിധികള്‍, ഏജന്റുമാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കായി ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സൂം മീറ്റിംഗ് നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.