കാസർകോട്: ഓണത്തിന് മുമ്പേ കാസര്‍കോട് ജില്ലയിലെ ബളാല്‍ പട്ടിക വര്‍ഗകോളനിയിലെ ചിറ്റയ്ക്ക് വാര്‍ധക്യകാല പെന്‍ഷന്‍ വീട്ടിലെത്തി. ഓണക്കോടിയും സദ്യയുമൊക്കെയായി മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും അവരുടെ മക്കള്‍ക്കുമൊപ്പം മനസ് നിറഞ്ഞ് ഓണം ആഘോഷിച്ച സംതൃപ്തിയുണ്ട് ചിറ്റയുടെ മുഖത്ത്. സമൃദ്ധമായി ഓണം ഉണ്ടിട്ടും പെന്‍ഷന്‍ കാശ് ബാക്കിയുണ്ടെന്ന് ചിറ്റ പറയുന്നു
ചിറ്റയ്ക്ക് പ്രായമെത്രയെന്നറിയില്ല.അന്നത്തെ കാലത്ത് ഇതൊക്കെ ആരാ നോക്കുന്നതെന്നാണ് ചിറ്റയുടെ പക്ഷം. 80 നുമുകളില്‍ പ്രായമുണ്ടെന്ന് മാത്രമാണ് മക്കള്‍ക്കറിയുന്നത്. കറുത്തിരുണ്ട തലമുടിക്കിടയില്‍ അങ്ങിങ്ങ് ഒറ്റപ്പെട്ടു കാണുന്ന വെള്ളി നൂലുകള്‍ പോലും ചിറ്റയുടെ പ്രായം ഒളിച്ചു വെയ്ക്കുന്നു.പത്ത് വര്‍ഷത്തിലധികമായി ഈ മുത്തശ്ശിക്ക് വാര്‍ധക്യ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. വീട് പോസ്റ്റ് ഓഫീസിന് അടുത്തായതിനാല്‍ ഒരുപക്ഷേ ഈ പ്രദേശത്ത് ആദ്യം പെന്‍ഷന്‍ കാശ് കൈയിലെത്തുതും ഈ മുത്തശിക്ക് തന്നെ.
ബളാല്‍ ടൗണിനോട് ചേര്‍ന്ന് കിടക്കുന്ന കോളനിയില്‍ ചിറ്റയും ചിറ്റയുടെ മക്കളുമാണുള്ളത്.എട്ട് മക്കളില്‍ ഏഴ് പേരും കൈയ്യെത്തും ദൂരത്തുണ്ട്. മൂത്തമകനും കുടുംബവും എടത്തോടാണ് താമസം. മകള്‍ കുമ്പയുടെ വീട്ടിലാണ് ചിറ്റയുടെ താമസം. ഇവിടെ കൊച്ചുമകളുടെ മകനൊപ്പം രണ്ടാം ബാല്യം ആഘോഷിക്കുയാണ് ഈ മുതുമുത്തശ്ശി.
പ്രായമിത്രയായിട്ടും യാതൊരു ആരോഗ്യ പ്രശ്‌നങ്ങളും ചിറ്റയ്ക്കില്ല.സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ മക്കളെല്ലാം വീടുകള്‍ പൂര്‍ത്തിയാക്കി. നാട്ടില്‍ എല്ലാവരും കോവിഡ് മൂലം വീട്ടിലേക്ക് ഒതുങ്ങുമ്പോഴും ഇവിടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഒപ്പം ചിറ്റ ഹാപ്പിയാണ്.