ദേശീയ നിലവാരത്തിത്തിലുള്ള എൻ. സി. സി നേവൽ ട്രെയിനിംഗ് സെന്ററിന്റെ നിർമ്മാണം ആക്കുളത്ത് തുടങ്ങി. നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഉന്നത വിദ്യഭ്യാസ മന്ത്രി കെ. ടി. ജലീൽ ഓൺലൈനിൽ നിർവഹിച്ചു. രാജ്യത്തെ ഏറ്റവും ആധുനിക സജ്ജീകരണമുള്ളതും അന്തർദേശീയ മത്സരങ്ങൾ നടത്താൻ ഉപയുക്തമാക്കുന്നതുമായ രീതിയിലാണ് സെന്റർ നിർമ്മിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സെന്ററിന്റെ ശിലാസ്ഥാപനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. സെന്റർ പൂർത്തിയാകുന്നതോടെ ആക്കുളം കായലിനെ സംരക്ഷിച്ച് നിർത്താനുള്ള കാവൽക്കാരുടെ ചുമതല നേവൽ വിദ്യാർത്ഥികൾ ഏറ്റെടുക്കണമെന്ന് മന്ത്രി അഭിപ്രയായപ്പെട്ടു.
സെന്റർ പ്രവർത്ത സജ്ജമാകുന്നതോടെ ഓരോ വർഷവും ജില്ലയിലെ ആയിരത്തോളം നേവൽ കേഡറ്റുകൾക്ക് ഇന്ത്യൻ നേവിയുടെ  പ്രാഥമിക പരിശീലനം, നീന്തൽ, സെയിലിംഗ് എക്സ്പെഡീഷൻ, ബോട്ട് പുളളിംഗ്, റാഫ്റ്റിംഗ്, യാച്ചിംഗ്, കായക്കിംഗ്, കാനോയിംഗ്, തുടങ്ങിയ ജലസാഹസിക പരിശീലനവും ഡ്രിൽ, ഫയറിംഗ് പരിശീലനവും നൽകാനാവും. മറ്റ് സംസ്ഥാനങ്ങളിലെ കേഡറ്റുകൾക്ക് 10 ദിവസം വീതമുള്ള ക്യാമ്പുകളും സെന്ററിൽ നടത്താം. ഒരേ സമയം 300 പേർക്ക് പരിശീലന സൗകര്യമുള്ള സെന്ററിൽ  പ്രകൃതി ദുരന്ത സമയത്ത് 600 ഓളം  പേരെ മാറ്റി പാർപ്പിക്കാനും സാധിക്കും. കെട്ടിടത്തിന്റെ രൂപകൽപന പൊതുമരാമത്ത് ആർക്കിടെക്ചർ വിഭാഗവും ഡിസൈൻ വിഭാഗവുമാണ് നിർവഹിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള  നാഷണൽ  കേഡറ്റ് കോറിന്റെ കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ പരിധിയിലാണ് സെന്റർ.
ചടങ്ങിൽ മേയർ കെ. ശ്രീകുമാർ, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്,  എൻ.സി. സി. അഡീഷണൽ ഡയറക്ടർ  ജനറൽ  മേജർ മൻദീപ് സിംഗ് ഗിൽ, പൊതുമരാമത്ത് ചീഫ് എൻജിനിയർ ഹൈജീൻ ആൽബർട്ട്,  കേണൽ എസ്. ഫ്രാൻസിസ്, കമാൻഡിംഗ് ഓഫീസർ മനുപ്രതാപ് സിംഗ് ഹൂഡ എന്നിവർ പങ്കെടുത്തു.