എറണാകുളം : ജില്ലയിലെ വികസന സ്വപ്നങ്ങളിൽ പ്രധാനമായ വാട്ടർ മെട്രോ പദ്ധതിയുടെ ഭാഗമായുള്ള ഏഴ് ബോട്ട് ജെട്ടികളുടെ സാമൂഹിക ആഘാത പഠനത്തിനുള്ള ക്വട്ടേഷൻ നടപടികൾ പൂർത്തിയായി. 22 ബോട്ട് ടെർമിനലുകൾ ആണ് പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുള്ളത്. ഇവയിൽ 15 എണ്ണത്തിന്റെ പ്രാഥമിക വിജ്ഞാപന നടപടികൾ പൂർത്തിയായിരുന്നു.
ഇത് കൂടി പൂർത്തിയാവുന്നതോടെ നിർമാണ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിൽ ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന കൊച്ചി മെട്രോ റെയിൽ പ്രോജെക്ട് അവലോകന യോഗത്തിൽ മെട്രോ നിർമാണത്തിന്റെയും വാട്ടർ മെട്രോ പ്രോജെക്ടിന്റെയും പുരോഗതി ചർച്ച ചെയ്തു.
ജെ. എൻ. എൽ സ്റ്റേഡിയം – കാക്കനാട് ഭാഗത്തെ റോഡ് വീതി കൂട്ടുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കലിന്റെ രേഖകൾ പരിശോധിക്കുന്നതിനുള്ള തീയതി തീരുമാനിച്ചിട്ടുണ്ട്. രണ്ട് വശങ്ങളിൽ നിന്നും ആദ്യ ഘട്ടത്തിൽ സ്ഥലമെറ്റെടുത്ത് നൽകണമെന്നാണ് കെ. എം. ആർ. എൽ ആവശ്യപ്പെട്ടിട്ടുള്ളത്. കാക്കനാട് ഭാഗത്തു നിന്നുള്ള നിർമാണ പ്രവർത്തനങ്ങൾ ആയിരിക്കും ആദ്യം ആരംഭിക്കുന്നത്.
വടക്കേക്കോട്ട സ്റ്റേഷൻ നിർമാണവുമായി ബന്ധപ്പെട്ട സർവ്വേ നടപടികൾ പൂർത്തിയായിട്ടുണ്ട്. നിർമാണത്തിനുള്ള അന്തിമ വിജ്ഞാപനവും പ്രഖ്യാപിച്ചിട്ടുണ്ട്.
മെട്രോ ഫേസ് ഒന്ന് എ യിൽ ഉൾപ്പെട്ടിട്ടുള്ള പേട്ട മുതൽ എസ്. എൻ ജംഗ്ഷൻ വരെയുള്ള ഭൂമി ഏറ്റെടുക്കൽ പൂർത്തിയായിട്ടുണ്ട്. ഫേസ് ഒന്ന് ബി യിൽ രണ്ടാമത് പ്രഖ്യാപിച്ച സ്ഥലമേറ്റെടുക്കലിന് ഭരണാനുമതി ലഭിക്കുന്നത്തോടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പ്രവർത്തനങ്ങൾ പൂർത്തിയാവുന്നതോടെ മെട്രോയെ റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
ജെ. എൻ. എൽ -പാലാരിവട്ടം റോഡ് റോഡ് വീതി കൂട്ടലിന്റെയും പ്രാഥമിക വിജ്ഞാപന നടപടികൾ പൂർത്തിയായിട്ടുണ്ട്. സീ പോർട്ട് -എയർ പോർട്ട് റോഡിന്റെ വീതി കൂട്ടലുമായി ബന്ധപ്പെട്ട് സാമൂഹിക ആഘാത പഠനം പൂർത്തിയായി. വിദഗ്ദ്ധ സമിതി രൂപീകരിച്ചു അഭിപ്രായങ്ങൾ പരിഗണിച്ച ശേഷം മാത്രമേ ബാക്കി ജോലികൾ ആരംഭിക്കു.
ഇടപ്പള്ളി അഡിഷണൽ സ്റ്റേഷൻ നിർമാണത്തിനുള്ള പ്രവർത്തനങ്ങളും വേഗത്തിലാക്കാൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. സർവ്വേ നടപടികൾ പുരോഗമിക്കുകയാണ്. മൂന്ന് മാസങ്ങൾ കൊണ്ട് നിലവിൽ തീരുമാനിച്ചിരിക്കുന്ന ജോലികൾ പൂർത്തിയാക്കി അടുത്ത ഘട്ടം ആരംഭിക്കണമെന്ന് കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഫോട്ടോ:
ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന കൊച്ചി മെട്രോ അവലോകന യോഗം