എരിമയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഫ്രണ്ട് ഓഫീസ്, വിത്ത് ഗോഡൗണ്‍, വാഹന പാര്‍ക്കിങ് ഷെഡ് എന്നിവയുടെ ഉദ്ഘാടനം കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. എരിമയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. വസന്തകുമാരി അധ്യക്ഷയായി.

പഞ്ചായത്തിന്റെ മുഖച്ഛായ മാറ്റുന്നതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഫ്രണ്ട് ഓഫീസ് സംവിധാനമെന്നും പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്ന വിധമാവും ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനങ്ങളെന്നും എം.എല്‍.എ പറഞ്ഞു. പഞ്ചായത്തിലെ കര്‍ഷകരില്‍ നിന്നും ഗുണമേന്മയുള്ള വിത്തുകള്‍ സംഭരിച്ച് സൂക്ഷിക്കുന്നതിനാണ് പഞ്ചായത്ത് ഓഫീസില്‍ വിത്ത് ഗോഡൗണ്‍ പൂര്‍ത്തിയാക്കിയത്. വാഹന പാര്‍ക്കിങ് ഷെഡ് തുറക്കുന്നതോടെ തിക്കും തിരക്കും ഒഴിവാക്കാമെന്നും കെ.ഡി പ്രസേനന്‍ എം.എല്‍.എ പറഞ്ഞു.

എരിമയൂര്‍ ഗ്രാമപഞ്ചായത്ത് 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം ചെലവഴിച്ചാണ് ഫ്രണ്ട് ഓഫീസ്, വിത്ത് ഗോഡൗണ്‍, വാഹനപാര്‍ക്കിങ് ഷെഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പഞ്ചായത്ത് ഓഫീസില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി നാരായണന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ യു.ശാന്തി, പഞ്ചായത്ത് സെക്രട്ടറി പി. ഹരീഷ് കുമാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ ജി.ചിത്ര, കൃഷിഭവന്‍ ഓഫീസര്‍ സിനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.