തിരുവനന്തപുരം: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ ജില്ലയിൽ 500 പേർക്കു കൂടി സ്വന്തമായി ഭൂമി. ഇതോടെ ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം തിരുവനന്തപുരം ജില്ലയിൽ മാത്രം ഭൂരഹിതർക്കു വിതരണം ചെയ്യുന്ന പട്ടയങ്ങളുടെ എണ്ണം 2,004 ആയി. തലമുറകളായി ഭൂമി കൈവശംവച്ചനുഭവിക്കുന്നവരും എന്നാൽ പട്ടയമോ മറ്റു രേഖകളോ ഇല്ലാതിരുന്നവരുമായ പാവപ്പെട്ടവരുടെ സ്വപ്‌നങ്ങളാണ് ഇതുവഴി സാക്ഷാത്കരിക്കപ്പെടുന്നത്.
നിയമക്കുരുക്കിലും നൂലാമാലകളിലുംപെട്ടു വർഷങ്ങളായി ഭൂമി ലഭിക്കാതിരുന്ന നിരവധി അപേക്ഷകളിൽ പ്രത്യേക ഇടപെടൽ നടത്തിയാണ് സർക്കാർ ഭൂമി ലഭ്യത ഉറപ്പാക്കിയത്. മണക്കാട് ബണ്ട് പുറമ്പോക്കിൽ താമസിച്ചിരുന്ന 75 പേർക്കു മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണ് ഭൂമി ലഭിക്കുന്നത്. പാവപ്പെട്ടവരായ ഭൂരഹിതർക്ക് അർഹമായതും അവകാശപ്പെട്ടതുമായ ഭൂമി ലഭ്യമാക്കാൻ സർക്കാരിൽ നിക്ഷിപ്തമായ വിവേചനാധികാരം ഉപയോഗിച്ച് പ്രത്യേക ഉത്തരവിറക്കുകയായിരുന്നുവെന്നു കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല പട്ടയ വിതരണ ചടങ്ങിൽ അധ്യക്ഷത വഹിച്ച സഹകരണം – ടൂറിസം – ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ബാലരാമപുരം, ആറ്റിപ്ര, മണമ്പൂർ വില്ലേജുകളിലും സർക്കാരിന്റെ പ്രത്യേക ഇടപെടലിലൂടെയാണ് അർഹതപ്പെട്ടവർക്കു ഭൂമി നൽകാനായത്. ഐ.എസ്.ആർ.ഒയ്ക്കായി പള്ളിയും പള്ളിക്കൂടവും നിലനിന്നിരുന്ന ഭൂമിയും സ്വന്തം കിടപ്പാടവും വിട്ടുനൽകിയ പള്ളിത്തുറ നിവാസികളിൽ ഇനിയും പട്ടയം നൽകാൻ ശേഷിക്കുന്നവർക്കു രേഖകൾ നൽകാനുള്ള നടപടികളെല്ലാം പൂർത്തിയായിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പത്തു പേർക്ക് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പട്ടയങ്ങൾ വിതരണം ചെയ്തു. താലൂക്ക് അടിസ്ഥാനത്തിൽ നടന്ന ചടങ്ങിൽ ഓരോ നിയോജക മണ്ഡലത്തിലെയും രണ്ടു പേർക്കു വീതം അതത് എം.എൽ.എമാർ പട്ടയങ്ങൾ കൈമാറി. ശേഷിക്കുന്നവർക്ക് ഈ മാസം 17 മുതൽ വില്ലേജ്, താലൂക്ക് ഓഫിസുകൾ മുഖേന പട്ടയങ്ങൾ വിതരണം ചെയ്യും. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിന്റെ ഭാഗമായി രാവിലെ മുതൽ ഉച്ചവരെ അഞ്ചും ഉച്ചതിരിഞ്ഞ് അഞ്ചും എന്ന ക്രമത്തിൽ പത്തു പേർക്കു വീതമാകും പട്ടയങ്ങൾ വിതരണം ചെയ്യുന്നത്.
ഒന്നര ലക്ഷം പേർക്കു സ്വന്തമായി ഭൂമി നൽകിയത് സർക്കാരിന്റെ നിശ്ചയദാർഢ്യം : മന്ത്രി ഇ. ചന്ദ്രശേഖരൻ
നാലര വർഷത്തിനിടെ സംസ്ഥാനത്തു ഭൂരഹിതരായ 1,55,000 പേർക്കു സ്വന്തമായി ഭൂമി നൽകാനായത് ഈ സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. റവന്യൂ പുറമ്പോക്ക് ഭൂമി കണ്ടെത്താനുള്ള പരിമിതിയാണു ചില മേഖലകളിൽ പട്ടയ വിതരണം വൈകിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാതല പട്ടയ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്വന്തമായി ഭൂമിയും പാർപ്പിടവുമെന്ന അടിസ്ഥാന ആവശ്യം നിറവേറ്റുക എന്നതിനു പരമപ്രധാന പരിണന നൽകിയാണു സംസ്ഥാന സർക്കാർ പ്രവർത്തിച്ചതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലെ 14 ജില്ലകളിലും ഭൂരഹിതരായവർക്കു പട്ടയങ്ങളും കൈവശാവകാശ രേഖകളും വിതരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. സർക്കാർ പുറമ്പോക്ക് ഭൂമിയുടെ ലഭ്യതക്കുറവുമൂലം തെക്കൻ ജില്ലകളിലെ ഭൂമി വിതരണത്തിൽ മറ്റു ജില്ലകളുമായി തട്ടിച്ചു നോക്കുമ്പോൾ കുറവുണ്ടായിട്ടുണ്ട്. സർക്കാർ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും കൈവശമിരിക്കുന്ന ഭൂമി പോലും ഏറ്റെടുത്താണ് ഇവിടങ്ങളിൽ ഭൂരഹിരതർക്കു കൊടുക്കുന്നത്. വടക്കൻ ജില്ലകളിൽ റവന്യൂ ഭൂമി ധാരാളമുള്ളതിനാൽ ഈ ബുദ്ധിമുട്ട് ഇല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം ജില്ലയിൽ അഞ്ഞൂറു പേർക്കാണ് ഈ ഘട്ടത്തിൽ പട്ടയവും മറ്റു രേഖകളും വിതരണം ചെയ്യുന്നത്. നാലര വർഷത്തിനിടെ അഞ്ചു ഘട്ടങ്ങളിലായി 1,504 പേർക്ക് ജില്ലയിൽ പുതുതായി പട്ടയം വിതരണം ചെയ്തു. ഇപ്പോൾ ഭൂമിയുടെ കൈവശാവകാശ രേഖകൾ ലഭിക്കുന്ന 500 പേർ കൂടി ചേരുമ്പോൾ ആകെ എണ്ണം 2,004 ആകും. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ സർക്കാരിന്റെ പ്രത്യേക ഇടപെടലിലൂടെയാണ് ഇവരിൽ പലർക്കും സ്വന്തമായി ഭൂമി ലഭിച്ചത്.
ചടങ്ങിൽ സഹകരണം – ദേവസ്വം – ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഭൂരഹിതരായ പത്തു പേർക്ക് വേദിയിൽവച്ച് മന്ത്രി ഇ. ചന്ദ്രശേഖരൻ പട്ടയങ്ങൾ വിതരണം ചെയ്തു. വി.കെ. പ്രശാന്ത് എംഎൽഎ, ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ, ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ് കുമാർ, വി. ജയമോഹൻ എന്നിവർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഓൺലൈനിലൂടെ ആശംസകൾ അർപ്പിച്ചു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഓൺലൈനിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ താലൂക്ക് കേന്ദ്രങ്ങളിൽനിന്ന് ഓൺലൈനായാണ് മറ്റ് എം.എൽ.എമാരും ജനപ്രതിനിധികളും പങ്കെടുത്തത്.