വേങ്ങൂര്‍ ഗവ. ഐടിഐയ്ക്കു പുതിയ കെട്ടിടത്തിനു ശിലയിട്ടു

എറണാകുളം: വേങ്ങൂര്‍ ഗവ. ഐടിഐയുടെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് കൂടുതല്‍ ട്രേഡുകള്‍ ആരംഭിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. എറണാകുളം ജില്ലയിലെ വേങ്ങൂര്‍ ഗവ. ഐടിഐയ്ക്കു വേണ്ടി അഞ്ചുകോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

2010ല്‍ രണ്ട് ട്രേഡുകളിലാണ് വേങ്ങൂര്‍ ഐടിഐയില്‍ പരിശീലനം ആരംഭിച്ചത്. ഇപ്പോള്‍ മൂന്ന് ട്രേഡുകളിലായി 136 വിദ്യാര്‍ഥികള്‍ പരിശീലനം നേടുന്ന ഐടിഐയുടെ വികസനത്തിന് പുതിയ കെട്ടിടം വഴിയൊരുക്കും.വേങ്ങൂര്‍ പഞ്ചായത്തിന്റെ അധീനതയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഐടിഐയ്ക്ക് ആവശ്യമായ ഭൗതികസൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേങ്ങൂര്‍ പഞ്ചായത്തും വികസനസമിതയും ബഹുജനങ്ങളും മികച്ച പിന്തുണ നല്‍കിയിട്ടുണ്ട്. പുതിയ കെട്ടിടം സജ്ജമാകുന്നതോടെ ഐടിഐയുടെ അടിസ്ഥാനസൗകര്യങ്ങള്‍ കൂടുതല്‍ മികച്ചതാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

വ്യാവസായികരംഗത്ത് എറണാകുളം ജില്ലയില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് കൂടുതല്‍ തൊഴില്‍സാധ്യതകള്‍ ഉയര്‍ന്നു വരുന്നുണ്ട്. സാങ്കേതിക വൈദഗ്ധ്യമുള്ള യുവതീയുവാക്കളെ മികച്ച അവസരങ്ങളാണ് കാത്തിരിക്കുന്നത്. വ്യാവസായിക പരിശീലന പദ്ധതികള്‍ കൂടുതല്‍ വ്യാപിപ്പിക്കുകയും ആധുനികവത്കരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ആഗോള തൊഴില്‍മേഖലയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് നൈപുണ്യശേഷിയുള്ള യുവതലമുറയെ വാര്‍ത്തെടുക്കാന്‍ സർക്കാർ വിവിധ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. വികസിത രാജ്യങ്ങളിലെ തൊഴില്‍നൈപുണ്യപരിശീലനസ്ഥാപനങ്ങളോട് കിടപിടിക്കത്തക്ക വിധത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഐടിഐകളിലെ അടിസ്ഥാനസൗകര്യങ്ങളും പരിശീലനനിലവാരവും ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കിഫ്ബി ഫണ്ടുപയോഗിച്ച് പത്തും സര്‍ക്കാര്‍ പദ്ധതിവിഹിതം ഉപയോഗിച്ച് രണ്ടും ഐടിഐകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ്. അടിസ്ഥാന സൗകര്യവികസനം, അക്കാദമിക്ക് മികവ് എന്നിങ്ങനെ രണ്ടു വിധത്തിലാണ് ഐടിഐകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാന്‍ പോകുന്നത്. ഡിജിറ്റല്‍ ക്ലാസ് മുറികള്‍, ആധുനികരീതിയിലുള്ള വര്‍ക്ക്ഷോപ്പ്, ഹോസ്റ്റല്‍, ലൈബ്രറി, സെമിനാര്‍ ഹാള്‍, കളിസ്ഥലം, ഓഡിറ്റോറിയം, ഗ്രീന്‍ കാമ്പസ് തുടങ്ങിയ സൗകര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരം കൈവരിക്കുന്നതോടെ സജ്ജമാകും. മലമ്പുഴ, ധനുവച്ചപുരം, കൊയിലാണ്ടി, കൊല്ലം ചന്ദനത്തോപ്പ്, ചെങ്ങന്നൂര്‍, ഏറ്റുമാന്നൂര്‍, കട്ടപ്പന, ചാലക്കുടി, കണ്ണൂര്‍, കയ്യൂര്‍ എന്നീ പത്ത് ഐടിഐകളാണ് ആദ്യഘട്ടത്തില്‍ കിഫ്ബി ധനസഹായത്തോടെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. 82 കോടി 49 ലക്ഷം രൂപ ഇതിനായി വിനിയോഗിക്കും. തിരുവനന്തപുരം ചാക്ക, കോഴിക്കോട് ഐടിഐകളാണ് പദ്ധതിവിഹിതം ഉപയോഗിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് വികസിപ്പിക്കുന്നത്. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ 97 സര്‍ക്കാര്‍ ഐടിഐകളും ഉന്നത നിലവാരത്തിലേക്ക് എത്തിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം.
നിലവില്‍ 97 സര്‍ക്കാര്‍ ഐടിഐകളിലായി 77 ട്രേഡുകളില്‍ പരിശീലനം നല്‍കിവരുന്നു. ആധുനികശാസ്ത്രസാങ്കേതികവിദ്യയുടെ വളര്‍ച്ചക്കും തൊഴില്‍കമ്പോളത്തിലെ ആവശ്യങ്ങള്‍ക്കും അനുസൃതമായ നൈപുണ്യശേഷിയുള്ള തൊഴില്‍ശക്തിയെ വാര്‍ത്തെടുക്കുന്നതിനായി പരിശീലനപദ്ധതി മെച്ചപ്പെടുത്തുകയും പുതിയ ട്രേഡുകള്‍ ആരംഭിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ നൈപുണ്യവികസനമിഷനായ കേരള അക്കാദമി ഫോർ സ്‌കില്‍സ് എക്‌സലന്‍സും വ്യാവസായിക പരിശീലന വകുപ്പുമാണ് വിവിധ നൈപുണ്യ വികസന പദ്ധതികള്‍ ഏകോപിപ്പിച്ച് നടപ്പാക്കുന്നത്. ഈ ഗവണ്‍മെന്റ് അധികാരമേറ്റ ശേഷം ആധുനികനിലവാരത്തിലുള്ള 17 പുതിയ സര്‍ക്കാര്‍ ഐടിഐകളാണ് തുടങ്ങിയത്. അഞ്ച് സര്‍ക്കാര്‍ ഐടിഐകള്‍ കൂടി ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നിര്‍മ്മാണമേഖലയിലെ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനായി കൊല്ലം ചവറയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ സ്ഥാപിച്ചു. വിവിധ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇവിടെ വിദഗ്ധ പരിശീലനം നേടാന്‍ അവസരമുണ്ട്. ഇതിനകം പരിശീലനം പൂര്‍ത്തിയാക്കിയ ബഹുഭൂരിപക്ഷം പേര്‍ക്കും തൊഴില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കൊല്ലം ചന്ദനത്തോപ്പിലെ ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുതിയ കോഴ്‌സുകളോടെ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തി. ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബാച്ച്‌ലര്‍ ഓഫ് ഡിസൈന്‍ കോഴ്‌സ് ആരംഭിക്കുന്നതിന് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെയും കേരള സാങ്കേതിക സര്‍വകലാശാലയുടെയും അനുമതി ലഭിച്ചിട്ടുണ്ട്.
ഐടിഐകളും വ്യവസായസ്ഥാപനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുക വഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഐടിഐകളിലെ പ്ലേസ്‌മെന്റ് സെല്ലുകളും സംരംഭകത്വവികസന ക്ലബ്ബുകളും സജീവമാക്കിയതിലൂടെ നിരവധി ട്രെയിനികള്‍ക്ക് ജോലി ലഭിച്ചു. സര്‍ക്കാര്‍, മേഖലയിലെയും സ്വകാര്യമേഖലയിലെയും തൊഴില്‍സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിന് ജോബ്‌ഫെയറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കും തൊഴിലന്വേഷകര്‍ക്കും അവസരം ഒരുക്കുന്നതിന് ജോബ് പോര്‍ടലിനും സ്‌കില്‍ രജിസ്ട്രിക്കും ഗവണ്‍മെന്റ് തുടക്കം കുറിച്ചു.
ഐടിഐ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തദ്ദേശീയമായ വികസനപ്രവര്‍ത്തനങ്ങളില്‍ നല്ല പങ്ക് വഹിക്കാന്‍ കഴിയും. ഐടിഐ വിദ്യാര്‍ഥികളുടെ സാമൂഹികബന്ധം ശക്തിപ്പെടുത്തി പ്രാദേശിക വികസനപ്രക്രിയയില്‍ പങ്കാളികളാക്കുന്നതിന് ഗവണ്‍മെന്റ് പ്രത്യേക ശ്രദ്ധ പതിപ്പിച്ചുവരികയാണ്. രണ്ടു വര്‍ഷം തുടര്‍ച്ചയായി പ്രളയക്കെടുതി നേരിട്ടപ്പോള്‍ ഐടിഐ വിദ്യാര്‍ഥികളും പരിശീലകരും അടങ്ങുന്ന നൈപുണ്യകര്‍മ്മസേന രൂപീകരിക്കുകയും ദുരിതാശ്വാസ-പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുകയും ചെയ്തു. സമൂഹത്തിന്റെയാകെ അഭിനന്ദനം നേടിയ സേവനമാണ് നൈപുണ്യകര്‍മ്മസേന നല്‍കിയത്. ഐടിഐകളെ ക്ലസ്റ്ററുകളായി തിരിച്ച് നൈപുണ്യകര്‍മ്മസേന സ്ഥിരം സംവിധാനമാക്കുന്നത് സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്. കോവിഡ് 19 പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ പ്രതിരോധ-അതിജീവന ദൗത്യങ്ങളില്‍ നൈപുണ്യ കര്‍മ്മസേനയെ പങ്കാളികളാക്കും. ഐടിഐ ട്രെയിനികളുടെ സാങ്കേതികപരിജ്ഞാനവും നൈപുണ്യശേഷിയും കേരളത്തിന്റെ പുരോഗതിക്ക് മുതല്‍ക്കൂട്ടാക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ചടങ്ങിൽ അഡ്വ. എൽദോസ് കുന്നപ്പിള്ളി എം എൽ എ അധ്യക്ഷത വഹിച്ചു. എംപ്ലോയ്‌മെൻ്റ് ആൻഡ് ട്രയിനിംഗ് ഡയറക്ടർ എസ്. ചന്ദ്രശേഖരൻ, പ്രിൻസിപ്പാൾ റ്റി.വി. ബെന്നി, മുൻ എംഎൽഎ സാജു പോൾ ,ടെൽക് ചെയർമാൻ എൻ.സി.മോഹനൻ എന്നിവർ
എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ:
ഗവ.ഐ.ടി .ഐ വേങ്ങൂർ കെട്ടിട നിർമ്മാണ ഉദ്ഘാടനം ബഹു.തൊഴിൽ & എക്സൈസ് മന്ത്രി ടി .പി.രാമകൃഷ്ണൻ നിർവ്വഹിക്കുന്നു