എറണാകുളം: എല്ലാ വീടുകളിലും മധുരക്കിഴങ്ങ് കൃഷിയാരംഭിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മധുര ഗ്രാമം പദ്ധതിക്ക് വടക്കേക്കരയിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അംബ്രോസ് നിർവ്വഹിച്ചു. തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിൻ്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
നടാനാവശ്യമായ മധുരക്കിഴങ്ങ് വള്ളികളുടെ (തലകൾ) വിതരണം പുരോഗമിക്കുകയാണ്. ആദ്യഘട്ടം എന്ന നിലയിൽ 8000 ത്തോളം വള്ളികൾ വിതരണം ചെയ്തു. മൂന്ന് മാസം കൊണ്ട് പഞ്ചായത്തിലെ വീട്ടുമുറ്റങ്ങളിൽ മധുരക്കിഴങ്ങ് വിളയിച്ചെടുക്കുവാൻ കഴിയും.
കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ സയൻ്റിസ്റ്റ് ഡോ. ജി. ബൈജു പദ്ധതി വിശദീകരണം നടത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പഞ്ചായത്തിലെ എല്ലാ വീടുകളിലും മധുരക്കിഴങ്ങ് കൃഷി പദ്ധതി നടപ്പിലാക്കുന്നത്. മധുരഗ്രാമം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഓഫീസ് മട്ടുപ്പാവിലും, മടപ്ലാത്തുരുത്ത് പടിഞ്ഞാറ് വാർഡിലും മധുരക്കിഴങ്ങ് നടീൽ ഉദ്ഘാടനവും നടന്നു.
വടക്കേക്കര ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ എൻ.സി ഹോച്ച്മിൻ, മേഴ്സി സനൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ എം.ഡി മധുലാൽ, കെ.വി പ്രകാശൻ, കൃഷി ഓഫീസർ എൻ.എസ് നീതു, കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം ടെക്നിക്കൽ അസിസ്റ്റൻ്റ് റെജിൻ, പഞ്ചായത്ത് സെക്രട്ടറി എം.കെ ഷിബു, കൃഷി അസിസ്റ്റൻ്റുമാരായ വി.എസ് ചിത്ര, എസ്.കെ ഷിനു, കർഷകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.