സബ് രജിസ്ട്രാർ ഓഫിസുകൾ ഐ.എസ്.ഒ നിലവാരത്തിലാക്കും : മന്ത്രി ജി. സുധാകരൻ
സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫിസുകൾ ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് പൊതുമരാമത്ത്-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ. നാവായിക്കുളം പുതിയ സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ മന്ദിരം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ കാലം പുതിയ സേവനം എന്ന മുദ്രാവാക്യവുമായി ആധുനികവൽക്കരണത്തിന്റെ പാതയിലാണ് രജിസ്‌ട്രേഷൻ വകുപ്പ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ മെച്ചപ്പെട്ട സേവനം പൊതുജനങ്ങൾക്ക് ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു.
കിഫ്ബിയിൽ നിന്ന് 1.37 കോടി രൂപ ചെലവഴിച്ചാണ് മൂന്നുനിലകളിലായി മന്ദിര നിർമാണം പൂർത്തിയാക്കിയത്. കേരള കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് കെട്ടിടം നിർമിച്ചത്.
സബ് രജിസ്ട്രാർ ഓഫിസിൽ നടന്ന ചടങ്ങിൽ വി. ജോയ് എംഎൽഎ അധ്യക്ഷത വഹിച്ചു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജുദേവ്, നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.തമ്പി, ജില്ലാ പഞ്ചായത്ത് അംഗം എസ്. ഷാജഹാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാ നിസാർ, വാർഡ് അംഗം ബി.കെ.പ്രസാദ്, രജിസ്‌ട്രേഷൻ ജോയിന്റ് ഇൻസ്പെക്ടർ ജനറൽ പി. കെ. സാജൻ കുമാർ, കൺസ്ട്രക്ഷൻ കോർപ്പറേഷൻ റീജിയണൽ മാനേജർ എ. ഗീത, ജില്ലാ രജിസ്ട്രാർ (ജനറൽ ) പി. പി. നൈനാൻ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.