തൃശൂർ : പെരിങ്ങൽക്കുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് ഞായറാഴ്ച ഉച്ച രണ്ട് മണിക്ക് തുറന്നു. 18 അടി ഉയർത്തിയ സ്ലൂയിസ് വഴി 191.42 ക്യുമെക്‌സ് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുകുന്നു. പെരിങ്ങൽക്കുത്തിന്റെ ആറ് ക്രസ്റ്റ് ഗേറ്റുകൾ 15 അടി ഉയർത്തിയിട്ടുണ്ട്. ഇതുവഴി 449.33 ക്യുമെക്‌സ് ജലവും പുഴയിലേക്ക് ഒഴുകുന്നു. വൈകീട്ട് അഞ്ചിന് 421.75 മീറ്ററാണ് പെരിങ്ങൽക്കുത്തിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 80.70 % വെള്ളം. 424 മീറ്ററാണ് പൂർണ സംഭരണ നില.
ഇതോടെ ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നു. ഉച്ച മൂന്നിന് 5.17 മീറ്ററാണ് ചാലക്കുടി പുഴയിലെ അരങ്ങാലി സ്‌റ്റേഷനിലെ ജലനിരപ്പ്. മുന്നറിയിപ്പ് നില 7.1 മീറ്ററാണ്.
കേരള ഷോളയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ രണ്ട് അടി വീതം ഉയർത്തിയിട്ടുണ്ട്. അതിനാൽ, 150 ക്യുമെക്‌സ് ജലം പെരിങ്ങൽക്കുത്തിലേക്ക് ഒഴുകുന്നു. പറമ്പിക്കുളം ഡാമിൽനിന്ന് 4000 ഘന അടി വെള്ളം പെരിങ്ങൽക്കുത്തിലേക്ക് തുറന്നുവിട്ടിട്ടുണ്ട്. തമിഴ്‌നാട് ഷോളയാറിന്റെ ഷട്ടറുകൾ തുറന്ന് 100 ക്യുമെക്‌സ് വെള്ളം കേരള ഷോളയാറിലേക്ക് ഒഴുക്കിവിടുന്നു.