എറണാകുളം: ജില്ലാ കളക്ടർ എസ്. സുഹാസിൻ്റെ മുഖം ലൈവായി തൻ്റെ മൊബൈലിലെത്തിയപ്പോൾ അമ്മിണി ചേച്ചിക്ക് സന്തോഷമടക്കാനായില്ല. തൻ്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണിതെന്ന് ചേച്ചി. അമ്മിണി ചേച്ചിക്ക് മാത്രമല്ല ഓൺലൈൻ കൂട്ടായ്മയിൽ പങ്കെടുത്ത അന്നമ്മയും ഖദീജുമ്മയും വിജയമ്മയുമെല്ലാം ഓൺലൈനായി എല്ലാവരെയും കാണാൻ കഴിഞ്ഞതിൻ്റെയും വിശേഷങ്ങൾ പങ്കിടാനായതിൻ്റെയും സന്തോഷത്തിലാണ്. സാങ്കേതിക തകരാറുകളോ തടസങ്ങളോ ഇല്ലാതെ എല്ലാവർക്കും ശരിയായി ആശയവിനിമയം നടത്താനും കുടുംബശ്രീ ഒരുക്കിയ ” ഓർമ്മപ്പൂക്കൾ ” ഓൺലൈൻ കൂട്ടായ്മ വഴി കഴിഞ്ഞു.

വരാനിരിക്കുന്ന മൂന്ന് നാല് മാസങ്ങൾ വളരെ ശ്രദ്ധയോടെ നീങ്ങണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി. റിവേഴ്സ് ക്വാറൈൻറൻ്റെ പ്രാധാന്യം എല്ലാവരും മനസിലാക്കണമെന്ന് കളക്ടർ പറഞ്ഞു. ഏതാവശ്യങ്ങളും അറിയിക്കാമെന്നും കളക്ടർ പറഞ്ഞു.

കോവിഡ് കാലഘട്ടത്തിൽ മാതൃകാ പരമായ പല പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ച എറണാകുളം ജില്ല കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിലാണ് ഓൺലൈൻ കൂട്ടായ്മ സംഘടിപ്പിച്ചത്.

കവളങ്ങാട് പഞ്ചായത്തിലെ 70 വയസ്സിന് മുകളിലുള്ള 12 പേരുടെ ഒത്തുചേരലാണ് ഗൂഗിൾ മീറ്റ് മുഖേന സംഘടിപ്പിച്ചത്. ആദ്യമായാണ് ഇവരെല്ലാം ഗൂഗിൾ മീറ്റ് വഴി സംവദിക്കുന്നതെന്നതാണ് പ്രത്യേകത. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മൂലം ഏറെക്കാലമായി പരസ്പരം കാണാൻ സാധിക്കാതിരുന്ന ശേഷം കണ്ടു മുട്ടിയതിന്റെ സന്തോഷം പാട്ടുകൾ പാടിയും തമാശകൾ പറഞ്ഞും അവർ പങ്കു വച്ചു. ചിറ്റാട്ടുകര, കവളങ്ങാട്, രാമമംഗലം, കവളങ്ങാട് , ആമ്പല്ലൂർ പഞ്ചായത്തുകളിലാണ് ഇന്ന് കുടുംബശ്രീ ഈ പരിപാടി സംഘടിപ്പിച്ചത്. ആകെ 67 പേരാണ് പരിപാടിയിൽ പങ്കെടുത്തത്. തദ്ദേശ ഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ, NHM ജില്ലാ പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നമ്പേലി , ഹരിത കേരളം മിഷൻ ജില്ല കോർഡിനേറ്റർ സുജിത് കരുൺ എന്നിവർ വിവിധ പഞ്ചായത്തുകളിൽ ഈ ഉദ്യമത്തിന്റെ ഭാഗമായി.

അയൽക്കൂട്ടങ്ങളുടെ ചലനാത്മത ഉറപ്പാക്കിയ സൈബർ ജാലകം, മാനസിക സംഘർഷങ്ങൾ ലഘൂകരിക്കാൻ ആവിഷ്ക്കരിച്ച ഫ്ര സ്റ്റേഷൻ ബോക്സ്, നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ന്യായവില കീയോസ്ക് തുടങ്ങി കോവിഡ് കാലത്ത് മാതൃകാപരമായ പ്രവർത്തനങ്ങളാണ് കുടുംബശ്രീ നടത്തുന്നത്.

കോവിഡ് – 19 രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള പൗരൻമാർ പുറത്തിറങ്ങുന്നതും മറ്റും കർശനമായി വിലക്കിയിരിക്കുകയുമാണ്. ഇത് അവരുടെ വ്യക്തി-സാമൂഹിക ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. തൊട്ടടുത്ത കവല വരെയുള്ള ഒരു നടത്തവും അവിടെ നിന്നും ഒരു ചായ കുടിച്ച് സുഹൃത്തുക്കളോടൊപ്പം കൊച്ചുവർത്തമാനം പറഞ്ഞിരിക്കുന്നതും ഒട്ടെല്ലാ പുരുഷന്മാരായ മുതിർന്ന പൗരന്മാരുടെയും ദിനചര്യയുടെ ഭാഗമായിരുന്നു. മുതിർന്ന സ്ത്രീകളുടെ കാര്യത്തിലാണെങ്കിൽ ഉച്ച നേരങ്ങളിൽ അയൽപക്കങ്ങളിൽ ഒത്തുകൂടിയിരുന്ന് വർത്തമാനം പറയുന്നതും, ആരാധനാലയങ്ങളിൽ ഒരുമിച്ച് പോകുന്നതും എല്ലാം സാമൂഹിക ഒത്തുചേരലിന് ഉള്ള ഇടങ്ങൾ ആയിരുന്നു. കൂടാതെ കുടുംബശ്രീ വയോജനങ്ങൾക്കായി ആവിഷ്കരിച്ച് നടപ്പിലാക്കിവന്ന വയോജന അയൽക്കൂട്ടങ്ങളും ഇപ്പോൾ ചേരാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്.

ഈ പശ്ചാതലത്തിൽ പുതുതലമുറ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഈ ഒറ്റപ്പെടൽ മറികടക്കാനും സൗഹൃദങ്ങൾ പങ്കിടാനുമുള്ള വേദിയായാണ് *ഓർമ്മപ്പൂക്കൾ* എന്ന പേരിൽ ഒരു ഓൺലൈൻ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. സാങ്കേതിക പരിജ്ഞാനക്കുറവു മൂലം പലർക്കും ഇതിനു കഴിയാറില്ല. അത്തരത്തിൽ ഒരു ഒത്തുചേരലാണ് കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക്കിന്റെ സാങ്കേതിക സഹായത്തോടെ ആവിഷ്കരിച്ചിരിക്കുന്നത്.