മൂന്ന് പ്രീമെട്രിക് ഹോസ്റ്റലുകളുടെ ഉദ്ഘാടനവും ഒരു പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്റെ നിർമാണോദ്ഘാടനവും നിർവഹിച്ചു
പട്ടികവർഗ വിദ്യാർത്ഥികൾക്ക് സംസ്ഥാനത്ത് കൂടുതൽ ഹോസ്റ്റൽ സൗകര്യം സർക്കാർ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മൂന്ന് പ്രീമെട്രിക് ഹോസ്റ്റലുകളുടെ ഉദ്ഘാടനവും ഒരു പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്റെ നിർമാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഷോളയൂർ, ഇരുമ്പുപാലം, ആനവായ് എന്നിവിടങ്ങളിലാണ് മൂന്ന് പ്രീമെട്രിക് ഹോസ്റ്റലുകൾ പുതിയതായി ആരംഭിച്ചത്. അഗളിയിലാണ് പെൺകുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ നിർമിക്കുന്നത്. ഷോളയൂരിലെ ഹോസ്റ്റലിൽ 60 ആൺകുട്ടികൾക്കും ഇരുമ്പുപാലത്ത് 100 പെൺകുട്ടികൾക്കും ആനവായിൽ 100 കുട്ടികൾക്കും താമസിക്കാനുള്ള സൗകര്യമുണ്ട്. ഷോളയൂരിലും ഇരുമ്പുപാലത്തും അത്യാധുനിക സൗകര്യങ്ങളോടെയുള്ള മൂന്നു നില കെട്ടിടമാണ് നിർമിച്ചിരിക്കുന്നത്. ആനവായിൽ പുതിയ ഇരുനില മന്ദിരമാണ്. അഗളിയിൽ 4.74 കോടി രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെയുള്ള മൂന്നു നില മന്ദിരമാണ് നിർമിക്കുന്നത്. ഇവിടങ്ങളിൽ വിദ്യാർത്ഥികളുടെ അക്കാഡമിക് നിലവാരം ഉയർത്തുന്നതിനുള്ള സംവിധാനവും ഉണ്ടാവും. പെൺകുട്ടികൾക്കായി തിരുവനന്തപുരത്തും കോഴിക്കോടും പുതിയ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ആലുവ, മണ്ണന്തല, കൊഴിഞ്ഞാമ്പാറ എന്നിവിടങ്ങളിൽ പുതിയ ഹോസ്റ്റലുകൾ ആരംഭിച്ചിരുന്നു.
ഈ വിഭാഗങ്ങളിലെ 19000 അഭ്യസ്തവിദ്യർക്ക് തൊഴിൽ ഉറപ്പാക്കാനും സർക്കാരിന് കഴിഞ്ഞു. 1140 പേർക്ക് നിർമാണ മേഖലയിൽ നൈപുണ്യ വികസന പരിശീലനം നൽകി. സർക്കാർ വകുപ്പുകളിലെ നിർമാണം ഇവരെ ഏൽപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 3170 പേർക്ക് മറ്റു തൊഴിലുകളിൽ പരിശീലനം നൽകി. വിവിധ പദ്ധതികളിൽ 2500 പേർക്ക് തൊഴിൽ ലഭ്യമാക്കാനും കഴിഞ്ഞു. പട്ടികവർഗ വിഭാഗത്തിലെ 100 പേർക്ക് സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് വഴി ജോലി നൽകി. 125 പേർക്ക് കൂടി ഉടൻ നിയമനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ മന്ത്രി എ. കെ. ബാലൻ അധ്യക്ഷത വഹിച്ചു.