കുന്നംകുളം നഗരസഭ ഹെർബർട്ട് റോഡ് നിർമാണോദ്ഘാടനവും നഗരസഭ ശുചിത്വ പദവി പ്രഖ്യാപനവും വികസന രേഖ പ്രകാശനവും നിർവഹിച്ചു
തൃശൂർ: മാലിന്യ സംസ്കരണത്തിന് പുതിയ ദിശാബോധം സൃഷ്ടിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് വാർഡ് തലത്തിൽ മാലിന്യ സംസ്കരണ കേന്ദ്രം വേണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു.
കുന്നംകുളം നഗരസഭ ഹെർബർട്ട് റോഡ് നിർമാണോദ്ഘാടനവും നഗരസഭ ശുചിത്വ പദവി പ്രഖ്യാപനവും വികസന രേഖ പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാ വാർഡുകളിലും മാലിന്യം സംസ്കരിക്കാൻ ഒരു സ്ഥലം കണ്ടെത്തേണ്ടത് ജനപ്രതിനിധിയുടെ ചുമതലയാണ്. മാലിന്യ സംസ്കരണം തൻ്റെ വാർഡിൽ പാടില്ലെന്ന് തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയും തീരുമാനിക്കരുത്. ഇത്തരം ആക്ഷേപങ്ങൾ സർക്കാരിൻ്റെ ശ്രദ്ധയിൽ പെട്ടു. ഉല്പാദിപ്പിക്കുന്ന മാലിന്യം ഓരോരുത്തർക്കും സംസ്കരിക്കാൻ ഉത്തരവാദിത്വമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നവംബർ – ഡിസംബറിനുള്ളിൽ 500 തദ്ദേശ സ്ഥാപനങ്ങള കൂടി ശുചിത്വ പദവിയിൽ ഉൾപ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങൾ സമ്പൂർണ ശുചിത്വം പാലിക്കുന്നുണ്ടോ എന്നുറപ്പു വരുത്താൻ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കുന്നംകുളം നഗര വികസനവുമായി ബന്ധപ്പെട്ട് കിഫ്ബി ഫണ്ട് വിനിയോഗിക്കുന്നതിനായി അനുമതി ലഭിച്ചിട്ടുണ്ട്. ഒക്ടോബർ ആദ്യവാരം കിഫ്ബി യോഗത്തിൽ നഗരവികസനത്തിൻ്റെ രൂപരേഖ പൂർണമാകുമെന്നും നഗരസഭ ബസ് ടെർമിനലിനു മുന്നിലുള്ള ഹെർബർട്ട് റോഡ് 6 മാസത്തിനകം നിർമാണം പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
യോഗത്തിൽ നടൻ വി കെ ശ്രീരാമൻ മുഖ്യാതിഥിയായി. നഗരസഭ ചെയർ പേഴ്സൻ സീതാരവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി എം സുരേഷ്, സ്ഥിരം സമിതി അധ്യക്ഷന്മാർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.