അർഹതപ്പെട്ടവർക്ക് സേവനം നിഷേധിക്കുന്നതും അഴിമതിയാണെന്ന് ജില്ലാ കളക്ടർ ഡോ. ബി.എസ്.തിരുമേനി. അഴിമതി രഹിത സർക്കാർ സേവനം സംബന്ധിച്ച് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കിഴക്കൻ മേഖല കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടനിലക്കാരൻ ഉണ്ടെങ്കിലേ സർക്കാർ ഓഫീസുകളിൽ കാര്യസാധ്യമുണ്ടാകൂ എന്ന മനോഭാവം മാറണം. ആവശ്യം നടപ്പാക്കാനാവില്ലെങ്കിൽ അത് എന്തുകൊണ്ടെന്ന് അപേക്ഷകനെ ബോധ്യപ്പെടുത്താൻ ഉദ്യോഗസ്ഥന് കഴിയണം. നൽകാവുന്ന സേവനം ഏറ്റവും കൃത്യമായി ചെയ്താൽ മാത്രമേ സർക്കാർ സംവിധാനത്തോട് ജനങ്ങൾക്ക് മതിപ്പുണ്ടാകുകയുളളു. സംവിധാനത്തോടുളള മതിപ്പില്ലായ്മയാണ് അക്രമത്തിലേക്ക് ജനങ്ങളെ എത്തിക്കുന്നത് അതിനാൽ നല്ല പെരുമാറ്റവും സേവനമാണ് അദ്ദേഹം പറഞ്ഞു. വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ കിഴക്കൻ മേഖല പോലീസ് സൂപ്രണ്ട് എം.ജോൺസൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എഡിഎം കെ രാജൻ, വിഎസിബി അഡീ.ലീഗൽ അഡൈ്വസർ രാജ്മോഹൻ ആർ പിളള, ഡിവൈഎസ്പി എസ് സുരേഷ്‌കുമാർ, ഡിഡിപി സലീം ഗോപാൽ എന്നിവർ പങ്കെടുത്തു. വിഎസിബി ഇൻസ്പെക്ടർ ബാബു സെബാസ്റ്റ്യൻ സ്വാഗതവും സീനിയർ സൂപ്രണ്ട് എൻ കെ ഇല്യാസ് നന്ദിയും പറഞ്ഞു. തുടർന്ന് പൗരകേന്ദ്രീകൃത സദ്ഭരണം, ഉദ്യോഗസ്ഥ ഭരണം ജനനൻമയ്ക്ക് എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിച്ചു. റവന്യു, ഗ്രാമപഞ്ചായത്ത്,നഗരസഭ എന്നിവിടങ്ങളിലെ നിർവഹണ ഉദ്യോഗസ്ഥർ പങ്കെടുത്തു.