അന്താരാഷ്ട്ര വനിതാ വാരാഘോഷത്തിന്റെ ഭാഗമായി വനിതാ ശിശുവികസനം, സാമൂഹ്യനീതി വകുപ്പുകളുടെയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കൽപറ്റ എം. ജി. ടി ഹാളിൽ ബോധവത്കരണ പരിപാടി നടത്തി. സബ്ജഡ്ജും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുമായ സുനിത കെ. പി ഉദ്ഘാടനം ചെയ്തു. സ്ത്രീ സംരക്ഷണത്തിനായി നിരവധി നിയമങ്ങളുണ്ടെങ്കിലും സമൂഹത്തിന്റെ ചിന്താഗതിയിൽ മാറ്റമുണ്ടാകേണ്ടതുണ്ടെന്ന് സബ് ജഡ്ജ് പറഞ്ഞു. സമൂഹത്തിൽ ഇത്തരമൊരു മാറ്റമുണ്ടാക്കാനായി കൂട്ടായ പ്രവർത്തനം വേണം. പണ്ടുകാലത്ത് സ്ത്രീകൾക്കുള്ള അവസ്ഥയില്ല ഇന്ന് സമൂഹത്തിലുള്ളത്. എന്നാൽ ഇൗ മാറ്റം മതിയോ എന്ന് ആലോചിക്കണം. ഭരണഘടനയും നിരവധി നിയമങ്ങളും സ്ത്രീയ്ക്കും പുരുഷനും സമത്വം വാഗ്ദാനം ചെയ്യുന്നു. എങ്കിലും ചില അസന്തുലിതാവസ്ഥ നിലനിൽക്കുകയാണ്. കുട്ടികളുടെ, പ്രത്യേകിച്ച് ആൺകുട്ടികളുടെ, സ്വഭാവ രൂപീകരണത്തിൽ അമ്മമാർ ശ്രദ്ധിക്കണം. ഇന്റർനെറ്റിന്റേയും മൊബൈൽ ഫോണിന്റേയും വരവ് കുട്ടികളുടെ സ്വഭാവത്തെ പലതരത്തിൽ ബാധിക്കുന്നു. കുട്ടികൾ എത്ര സമയം മൊബൈൽ ഫോൺ ഉപയോഗിക്കുന്നു, അവർ എവിടെയെല്ലാം പോകുന്നു എന്നുള്ള കാര്യങ്ങൾ രക്ഷിതാക്കൾ ശ്രദ്ധിക്കണം. മിക്ക കുട്ടികളുടെയും ഫോൺ ലോക്ക് ചെയ്തിരിക്കുന്നത് കാണാം. കുട്ടികളിലെ പ്രതികൂല പ്രവണതകൾ മുള്ളയിലേ നുള്ളാൻ ശ്രദ്ധിക്കണമെന്നും സബ് ജഡ്ജ് പറഞ്ഞു. ജില്ലാ പ്രൊബേഷൻ ഓഫീസർ അഷ്‌റഫ് കാവിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. പി. അബ്ദുൾ ഖാദർ, ജില്ലാ പ്രോഗ്രാം ഓഫീസർ നിഷ വി. ഐ, ശിശുസംരക്ഷണ ഓഫീസർ കെ. കെ. പ്രജിത്ത് എന്നിവർ സംസാരിച്ചു. സ്ത്രീ ശാക്തീകരണവും സമൂഹവും എന്ന വിഷയത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ മുൻ അംഗം ഗ്ലോറി ജോർജും സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് പ്രൊട്ടക്ഷൻ ഓഫീസർ വിക്ടർ ജോൺസണും ക്ലാസെടുത്തു.