സംസ്ഥാന തൊഴിൽ വകുപ്പ് ഇതര സംസ്ഥാന (അതിഥി) തൊഴിലാളികൾക്കായി നടപ്പിലാക്കുന്ന സൗജന്യ ഇൻഷുറൻസ് പദ്ധതിയായ ആവാസിന്റെ മൊബൈൽ യൂണിറ്റ് മുഖേനയുള്ള ജില്ലാതല ഇൻഷുറൻസ് കാർഡ് വിതരണോദ്ഘാടനം ജില്ലാ കളക്ടർ എസ്. സുഹാസ് നിർവ്വഹിച്ചു. ഇതര സംസ്ഥാന (അതിഥി) തൊഴിലാളികൾ കേന്ദ്രീകരിച്ചിരിക്കുന്ന തൊഴിൽ സ്ഥാപനങ്ങൾ, താമസസ്ഥലങ്ങൾ എന്നിവിടങ്ങൾ സന്ദർശിച്ച് തൊഴിലാളികൾക്ക് തത്സമയം ബയോമെട്രിക് ഇൻഷുറൻസ് കാർഡ് വിതരണം ചെയ്യുന്നതാണ് പദ്ധതി. പദ്ധതിയിൽ അംഗമാകുന്ന മറുനാടൻ തൊഴിലാളികൾക്ക് ഒരു വർഷത്തേക്ക് 15,000 രൂപയുടെ സൗജന്യ ചികിത്സയും, അപകട മരണം സംഭവിച്ചാൽ കുടുംബത്തിന് 2,00,000 രൂപയുടെ സൗജന്യ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. ഇൻഷുറൻസ് കാർഡ് ലഭിക്കുന്നതിനായി തൊഴിലാളിയോ, തൊഴിലുടമയോ യാതൊരു വിഹിതവും അടയ്‌ക്കേണ്ടതില്ല. കാർഡ് കൈപ്പറ്റുന്ന തൊഴിലാളികൾക്ക് സംസ്ഥാനത്തിന്റെ ഏത് പ്രദേശത്തുനിന്നും ക്ലെയിമിന് അർഹതയുണ്ടായിരിക്കും. ജില്ലയിലെ മുഴുവൻ മറുനാടൻ തൊഴിലാളികളെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്താൻ ലക്ഷ്യമിട്ടുകൊണ്ടാണ് മൊബൈൽ യൂണിറ്റ് ആരംഭിച്ചതെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.
ഇതര സംസ്ഥാന (അതിഥി) തൊഴിലാളികളെ കൊണ്ട് തൊഴിൽ ചെയ്യിക്കുന്ന തൊഴിലുടമകളും തൊഴിലാളികൾക്ക് വാടക കെട്ടിടം നൽകിയിട്ടുള്ള കെട്ടിട ഉടമസ്ഥരും ജില്ലാ ലേബർ ഓഫീസുമായോ അസിസ്റ്റന്റ് ലേബർ ഓഫീസർമാരുമായോ ബന്ധപ്പെട്ട് തൊഴിലാളികൾക്ക് ഇൻഷുറൻസ് കാർഡ് ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കണം. ഫോൺ : ജില്ലാ ലേബർ ഓഫീസർ – 04936 203905, അസിസ്റ്റന്റ് ലേബർ ഓഫീസർ കൽപ്പറ്റ – 8547655684, അസിസ്റ്റന്റ് ലേബർ ഓഫീസർ സുൽത്താൻ ബത്തേരി – 8547655690, അസിസ്റ്റന്റ് ലേബർ ഓഫീസർ മാനന്തവാടി -8547655686.