ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാറിൽ വരൾച്ച നേരിടുന്നതിനും ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനുമുള്ള പദ്ധതികൾക്ക് പ്രഥമ പരിഗണന. 54.84 കോടി രൂപയുടെ അടങ്കൽ തുകക്കുളള വാർഷികപദ്ധതികളാണ്് തയ്യാറാക്കിയിട്ടുളളത്. ജില്ല നേരിടുന്ന അതിരൂക്ഷമായ വരൾച്ചയ്ക്കും കുടിവെളള പ്രശ്‌നത്തിനും പരിഹാരം കാണുക എന്നതാണ് പ്രധാന ലക്ഷ്യം. പൊതുവിഭാഗത്തിൽ 24.83 കോടി രൂപയും പ്രത്യേക ഘടക പദ്ധതിയിൽ 2.28 കോടി രൂപയും പട്ടിക വർഗ്ഗ ഉപപദ്ധതിയിൽ 10.81 കോടി രൂപയും ഉൾപ്പെടെ വികസന ഫണ്ടിൽ 37.53 കോടി രൂപയാണ് പദ്ധതികൾക്കായി മാറ്റിവെച്ചത്.

റോഡുകളുടെ അറ്റകുറ്റ പണിക്കായി 12.20 കോടി രൂപയും മെയിന്റനൻസ് ഗ്രാന്റ് റോഡിതര ഇനത്തിൽ 42.66 കോടി രൂപയും തനത്ഫണ്ട് ഇനത്തിൽ 42 ലക്ഷം രൂപയും മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതമായി 30 ലക്ഷം രൂപയും വാർഷിക പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

പൊതു വിഭാഗം ഉൽപാദന മേഖലയിൽ 6.50 കോടി രൂപ, സേവന മേഖലയിൽ 15.28 കോടി രൂപ, പശ്ചാത്തല മേഖലക്ക് 3.05 കോടി രൂപ എന്നിങ്ങനെയാണ് വിവിധ പദ്ധതികൾക്കായി നീക്കി വെച്ചത്. പട്ടികജാതി വിഭാഗം സേവന മേഖലയിൽ 1.65 കോടി രൂപയും പശ്ചാത്തല മേഖലയിൽ 2.28 കോടി രൂപയും. പട്ടിക വർഗ്ഗ വിഭാഗം സേവന മേഖല 8 കോടി, പശ്ചാത്തല മേഖല 2.81 കോടി രൂപയും വിവിധ പദ്ധതികൾക്കായി നീക്കി വെച്ചിട്ടുണ്ട്.

ജില്ലാ പഞ്ചായത്തിന് ലഭിക്കുന്ന പദ്ധതി വിഹിതത്തിന്റെ് ഇരുപത് ശതമാനം തുക ലൈഫ് മിഷൻ പ്രവർത്തനങ്ങൾക്കായി മാറ്റി വെക്കും. ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, ആർദ്രം എന്നീ മിഷൻ പ്രവർത്തനങ്ങൾക്കും ഗണ്യമായ തുക നീക്കി വെച്ചിട്ടുണ്ട്. വനിതകൾ,വയോജനങ്ങൾ,പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾ, എന്നിവരുടെ വികസനം ലക്ഷ്യമാക്കിയുളള പ്രവർത്തനങ്ങളും ബാല സൗഹൃദ ജില്ലയാക്കി മാറ്റുന്നതിനുളള പദ്ധതികളും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വികസന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ആസൂത്രണ ഭവനിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് അദ്ധ്യക്ഷത വഹിച്ചു. കരട് പദ്ധതി രേഖ ജില്ലാ കളക്ടർ എസ്. സുഹാസ് പ്രകാശനം ചെയ്തു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തളാ ഷൺമുഖൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാ രാമൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.കെ അനിൽ കുമാർ,കെ മിനി, എ.ദേവകി, അനിലാ തോമസ്,എൻ.പി കുഞ്ഞുമോൾ എന്നിവർ സംസാരിച്ചു. സെമിനാറിൽ പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.