ലോകപ്രശസ്ത ഫോട്ടോ ജേർണലിസ്റ്റ് നിക്ക് ഉട്ട് കോട്ടയത്തിന്റെ എഴുത്തകാരി അരുന്ധതി റോയിയെ സന്ദർശിച്ച ചരിത്ര മുഹൂർത്തത്തിന് ഇന്നലെ കോട്ടയം സാക്ഷ്യം വഹിച്ചു. ഉച്ച കഴിഞ്ഞ് രണ്ടിനാണ് അരുന്ധതി റോയിയുടെ (പള്ളിക്കുടം) വസതിയിൽ നിക്ക് ഉട്ടും ലോസ് ആഞ്ചലസ് ടൈംസിന്റെ ഫോട്ടോ എഡിറ്ററും ആസ്ട്രോ ഫോട്ടോഗ്രാഫറുമായ റൌൾ റോയും അരുന്ധതിയെ കണ്ടത്. തികച്ചും അനൗപചാരികമായിരുന്നു ആ കൂടിക്കാഴ്ച. ദീർഘകാലം പരിചയമുള്ള രണ്ടു സുഹൃത്തുക്കൾ കുറെ കാലത്തിനു ശേഷം കണ്ടു മുട്ടുന്നതു പോലെ. താൻ വിയറ്റനാമിൽ വന്നിട്ടില്ലെന്ന് അരുന്ധതി. ‘അടുത്ത വർഷം വരും. പുതിയ ബുക്ക് വിയറ്റ്നാമീസ് ഭാഷയിൽ വിവർത്തനം ചെയ്യുകയാണ്’. അടുത്ത ഡിസംബറിൽ പ്രസിദ്ധീകരിക്കുന്ന ആത്മകഥയെ കുറിച്ച് നിക്ക് സംസാരിച്ചു തുടങ്ങി. ഏറെ കൗതുകത്തോടെ അരുന്ധതി കേട്ടിരുന്നു. സംഭാഷണം മെല്ലെ വിയറ്റ്നാം ഭക്ഷണത്തെ കുറിച്ചായി. വിയറ്റ്നാമിലെ ഭക്ഷണം ഏറെ ഇഷ്ടമാണെന്ന് കോട്ടയത്തിന്റെ എഴുത്തുകാരി പറഞ്ഞപ്പോൾ കേരളത്തിലെ ഭക്ഷണം ഏറെ ആസ്വദിച്ചെന്ന് നിക്കിന്റെ മറുപടി. ‘സ്പൈസി ഫുഡ് ഏറെ ഇഷ്ടമാണ്. കേരളത്തിൽ അത് ആവോളം ആസ്വദിച്ചു’. ‘കേരളം കുറെയൊക്കെ വിയറ്റ്നാം പോലെയല്ലേ?’ അരുന്ധതിയുടെ ചോദ്യത്തിൽ കൗതുകം. വിയറ്റ്നാമിലെ പോലെ ഇവിടെയും മഴയുണ്ട്. ധാരാളം തെങ്ങും. നിക്കിന്റെ മറുപടി.
കൊച്ചുവർത്തമാനങ്ങൾക്കിടയിൽ വിയറ്റ്നാം വാർ കടന്നു വന്നു. ധാരാളം സിവിലിയൻസ് യുദ്ധത്തിൽ മരിക്കുന്നു. നിക്ക് മെല്ലെ എഴുന്നേറ്റു. കൈയിൽ കരുതിയ വാർ ഓഫ് ടെററിന്റെ കോപ്പി (നാപ്പാം പെൺകുട്ടിയുടെ) പുറത്തെടുത്തു. ഒപ്പ് പതിപ്പിച്ച് അരുന്ധതിക്ക് നൽകി. കുട്ടിത്തം കണ്ണുകളിൽ ഒളിപ്പിച്ച് അരുന്ധതി പറഞ്ഞു ഞാനിത് സൂക്ഷിച്ചു വയ്ക്കും. താമസിയാതെ യുഎസിൽ വരുന്നുണ്ടെന്നും അപ്പോൾ കാണാമെന്നും പറഞ്ഞ് ഇരുവരും എഴുന്നേറ്റു.
രവി ഡിസി, മകൻ ഗോവിന്ദ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സിനി കെ. തോമസ്, കാർട്ടൂണിസ്റ്റ് സുധീർ എന്നിവർ നിക്കിന്റെ ഒപ്പമുണ്ടായിരുന്നു.