ആലപ്പുഴ: പൊതുവിദ്യാലയങ്ങളെ മികവിൻറെ കേന്ദ്രങ്ങളാക്കുന്നതിൻറെ ഭാഗമായി സംസ്ഥാനത്തെ 90 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 54 സ്കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ഒക്ടോബർ 3ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ഇതോടെ സംസ്ഥാനത്തെ 144 പൊതുവിദ്യാലയങ്ങൾ കൂടി മികവിൻറെ കേന്ദ്രങ്ങളായി ഉയരും. സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം 9.30നും കെട്ടിടങ്ങളുടെ ശിലാസ്ഥാപനം 10.30നും ഓൺലൈനായാണ് നടത്തുന്നത്. കിഫ്ബി, നബാർഡ്, പ്ലാൻ ഫണ്ടുകൾ പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന സർക്കാരിൻറെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി പുതുതായി നിർമ്മിച്ച സ്കൂൾ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്. ജില്ലയിൽ ഇത്തരത്തിൽ നിർമ്മിച്ച പത്ത് സ്കൂൾ കെട്ടിടങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുക.

കിഫ്ബി മൂന്ന് കോടി രൂപയുടെ ധനസഹായം ഉപയോഗിച്ച് ജില്ലയിൽ നിർമ്മാണം പൂർത്തിയാക്കിയ ആലപ്പുഴ മണ്ഡലത്തിലെ ജി.എച്.എസ് മണ്ണഞ്ചേരി, ചേർത്തല മണ്ഡലത്തിലെ ഡി.വി.എച്.എസ്.എസ് ചാരമംഗലം, ജി.എച്.എസ്.എസ് ചേർത്തല സൗത്ത് എന്നീ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും.
പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ മാവേലിക്കര മണ്ഡലത്തിലെ ജി.വി.എച്.എസ്.എസ് ഇറവങ്കര, ജി.വി.എച്.എസ്.എസ് മാവേലിക്കര, കുട്ടനാട് മണ്ഡലത്തിലെ ജി.വി.എച്.എസ്.എസ് തലവടി, ചേർത്തല മണ്ഡലത്തിലെ ഗവ. ടൗൺ ഈസ്റ്റ് എൽ.പി.എസ് ചേർത്തല, ചെങ്ങന്നൂർ മണ്ഡലത്തിലെ ജി.യു.പി.എസ് പെണ്ണക്കര, കായംകുളം മണ്ഡലത്തിലെ ജി.യു.പി.എസ് ഭരണിക്കാവ്, ആലപ്പുഴ മണ്ഡലത്തിലെ ജി.പി.ജെ.എൽ.പി.എസ് കലവൂർ എന്നീ സ്കൂൾ കെട്ടിടങ്ങളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയാകും. ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ ഇ.പി ജയരാജൻ, ഇ ചന്ദ്രശേഖരൻ, എ.കെ ബാലൻ, കെ.കെ ശൈലജ, ടി.പി രാമകൃഷ്ണൻ, എ.സി മൊയ്തീൻ, പി തിലോത്തമൻ, കെ രാജു, എ.കെ ശശീന്ദ്രൻ, കെ.റ്റി ജലീൽ എന്നിവർ വിശിഷ്ടാതിഥികളാവും. എംഎൽഎമാർ, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ, ഡയറക്ടർ കെ ജീവൻ ബാബു എന്നിവർ സന്നിഹിതരാവും.