ആലപ്പുഴ :ചരിത്രപ്രാധാന്യമുള്ള തലവടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന് ഒരു പുതിയ കെട്ടിടം കൂടി.
പൊതുവിദ്യാലയങ്ങളെ മികവിൻറെ കേന്ദ്രങ്ങളാക്കുന്നതിൻറെ ഭാഗമായി പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടത്തിൻറെ ഉദ്ഘാടനം ഒക്ടോബർ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. സംസ്ഥാന സർക്കാരിൻറെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായാണ് പുതുതായി സ്കൂൾ കെട്ടിടം നിർമ്മിച്ചത്. 1.85 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടത്തിൻറെ നിർമ്മാണം. 2019 ഫെബ്രുവരിയിലാണ് നിർമാണ പ്രവർത്തങ്ങൾ ആരംഭിച്ചത്. പുതിയ കെട്ടിടത്തിൽ മികച്ച രീതിയിലുള്ള മൂന്ന് ക്ലാസ്സ്‌ മുറികളാണ് ഒരുക്കിയിരിക്കുന്നത്.

നിലവിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രപ്രാധാന്യമുള്ള കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ചെമ്പകശ്ശേരി രാജാവിന്റെ വേനൽക്കാല വിശ്രമ വസതിയായിരുന്ന കെട്ടിടമാണ് പിന്നീട് 1962 ൽ സ്കൂൾ കെട്ടിടമായി പരിണമിച്ചത്. 1992 ലാണ് ഇവിടെ വൊക്കേഷണൽ ഹയർ സെക്കന്ററി കോഴ്സ് ആരംഭിച്ചത്.

പഴയ കെട്ടിടത്തിലെ സ്ഥലപരിമിതി അധികാരികളെ ബോധ്യപ്പെടുത്തിനെ തുടർന്ന് 2016-2017 കാലഘട്ടത്തിലാണ് പുതിയ കെട്ടിടത്തിനായുള്ള നടപടികൾക്ക് തുടക്കമായത്. 2017-18 വർഷത്തെ ബഡ്‌ജറ്റിൽ സംസ്ഥാന സർക്കാരിന്റെ സ്കൂൾ നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചു. പുതിയ കെട്ടിടം വരുന്നതോടെ കുട്ടികൾക്ക് പഠിക്കുവാനുള്ള മികച്ച സൗകര്യമാണ് ലഭിക്കുകയെന്ന് ഗവ. വി എച്ച് എസ് എസ് പ്രിൻസിപ്പാൾ എസ്. അഞ്ജന പറഞ്ഞു.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന സ്കൂളിൽ വി എച്ച് എസ് എസ് കൂടി അനുവദിച്ചപ്പോൾ കുട്ടികൾക്ക് പഠിക്കുവാനുള്ള ക്ലാസ്സ്‌ മുറികൾക്ക് പരിമിതി നേരിടേണ്ടി വന്നു. എന്നാൽ പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത്തോടെ ഈ പരിമിതിക്ക് പരിഹരമാകുമെന്ന് തലവടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ. ജെനൂബ് പുഷ്പാകർ പറഞ്ഞു.