കേരളത്തിലെ മത്സ്യബന്ധന മേഖലയുടെ വികസനത്തിനും കുതിപ്പിനും മുതൽക്കൂട്ടാകുന്ന കൊയിലാണ്ടി, മഞ്ചേശ്വരം തുറമുഖങ്ങൾ യാഥാർഥ്യമായി.
കൊയിലാണ്ടി ഹാർബർ
63.99 കോടി രൂപാ ചെലവില്‍ കേന്ദ്ര സർക്കാർ സഹായത്തോടെ നിര്‍മ്മിച്ചിട്ടുള്ള ഈ മത്സ്യബന്ധന തുറമുഖം കൊയിലാണ്ടിയിലെ തീരപ്രദേശങ്ങളില്‍ താമസിക്കുന്ന പത്തൊമ്പതിനായിരത്തോളം വരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഒരുപാട് സഹായകരമാകും. മണ്‍സൂണ്‍ കാലത്തെ പ്രതികൂല കാലാവസ്ഥയില്‍പ്പോലും മത്സ്യബന്ധനം നടത്താനും കടല്‍ പ്രക്ഷുബ്ധമാകുന്ന അവസരങ്ങളില്‍ യാനങ്ങള്‍ സുരക്ഷിതമായി നങ്കൂരമിടാനും ഇത് അവസരമൊരുക്കും.
2515 മീറ്റർ നീളമുള്ള പുലിമുട്ടുകൾ, 180 മീറ്റർ നീളമുള്ള വാർഫ്, 510 ച.മീ വിസ്തീർണ്ണമുള്ള ലേല ഹാൾ ഉൾപ്പെടെ ആധുനീക സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് ഹാർബർ നിർമ്മാണം പൂർത്തിയാക്കിയത്.
ഈ ഹാര്‍ബര്‍ കമ്മീഷന്‍ ചെയ്യുന്നതോടെ പ്രതിവര്‍ഷം 500 കോടി രൂപാ വിലമതിക്കുന്ന ഇരുപതിനായിരം ടണ്‍ മത്സ്യോല്‍പാദനത്തിന് സാഹചര്യമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മഞ്ചേശ്വരം ഹാർബർ
മത്സ്യബന്ധന മേഖലയ്ക്ക് കുതിപ്പു നൽകാൻ മഞ്ചേശ്വരം തുറമുഖം പ്രവർത്തന സജ്ജമായി. മഞ്ചേശ്വരത്തെ 22 കിലോമീറ്റർ ദൈർഘ്യം വരുന്ന തീരമേഖലയിൽ മത്സ്യലഭ്യതയും പ്രകൃതിദത്തമായ സൗകര്യങ്ങളും ഒത്തുചേർന്നതും മത്സ്യത്തൊഴിലാളി ആവാസ കേന്ദ്രങ്ങളോട് ചേർന്ന് കിടക്കുന്നതുമായ പ്രദേശത്താണ് ഹാർബർ.
1020 മീറ്റർ നീളമുള്ള പുലിമുട്ടുകൾ ,100 മീറ്റർ നീളമുള്ള വാർഫ്,600 ച.മീ. വിസ്തൃതിയുള്ള ലേല ഹാൾ, മറ്റു പശ്ചാത്തല സൗകര്യങ്ങൾ ഉൾപ്പെടെയുള്ളതാണ് മഞ്ചേശ്വരം ഹാർബർ.
48.13 കോടി രൂപാ ചെലവില്‍ പൂര്‍ത്തീകരിച്ചിട്ടുള്ള ഈ പദ്ധതി കേന്ദ്ര സർക്കാരിൻ്റെ സഹായത്തോടെയാണ് പൂർത്തീകരിച്ചത്. മഞ്ചേശ്വരത്തെയും സമീപപ്രദേശങ്ങളിലെയും പതിനായിരത്തിലധികം മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനകരമായിരിക്കും. ഈ ഹാര്‍ബര്‍ കമ്മീഷന്‍ ചെയ്യുന്നതോടെ പ്രതിവര്‍ഷം 250 കോടി രൂപാ വിലമതിക്കുന്ന പതിനായിരം ടണ്‍ മത്സ്യോല്‍പാദനത്തിന് സാഹചര്യമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊയിലാണ്ടി, മഞ്ചേശ്വരം തുറമുഖങ്ങളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിങ്ങിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ ഒന്നിന് നിർവഹിച്ചു.