അട്ടപ്പാടിയിലെ പദ്ധതി ഓഡിറ്റിങ്ങിൽ ഓരോ വാർഡിൽ നിന്നും രണ്ട് അഭ്യസ്ത വിദ്യരായ ആദിവാസികളെ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന പട്ടികജാതി – വർഗ കമ്മീഷൻ ചെയർമാൻ മാവോജി നിർദേശിച്ചു. ആദിവാസി യുവാവ് മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കലക്റ്ററുടെ ചേംബറിൽ ചേർന്ന ഉദ്യോഗസ്ഥ യോഗത്തിലാണ് കമ്മീഷന്റെ നിർദേശം. ട്രൈബൽ വില്ലേജ് ഓഡിറ്റർ എന്ന നിലയ്ക്കാണ് ആദിവാസികളെ ഉൾപ്പെടുത്തേണ്ടത്. സോഷൽ ഓഡിറ്റിങ് റിപ്പോർട്ട് ജില്ലാ ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിക്ക് നൽകണം. ചീഫ് സെക്രട്ടറി ആറ് മാസത്തിലൊരിക്കൽ ഈ റിപ്പോർട്ട് ഹൈക്കോടതിയിൽ നൽകണമെന്ന് ഉത്തരവുണ്ടെന്നും കമ്മീഷൻ ചെയർമാൻ പറഞ്ഞു.
മധുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി കമ്മീഷൻ ചെയർമാൻ ജില്ലാ പൊലീസ് മേധാവിയോട് ആരാഞ്ഞു. ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് കമ്മീഷൻ ആവശ്യപ്പെട്ടു. കേസ് അന്വേഷണം ഈ മാസത്തോടെ പൂർത്തിയാക്കി ചാർജ് ഷീറ്റ് നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാർ പറഞ്ഞു. പട്ടികജാതി-വർഗ വിഭാഗക്കാരോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തുന്നതിന് പൊലീസ് ഉദ്യോഗസ്ഥർക്ക് ബോധവത്ക്കരണ ക്ലാസ് നൽകാനും യോഗം തീരുമാനിച്ചു.
ആദിവാസി ഭൂമി പ്രശ്നം പരിഹരിക്കുന്നതിനായി സ്പെഷൽ സർവെ ടീം രൂപവത്ക്കരിച്ചിട്ടുണ്ടെന്ന് സബ് കലക്റ്റർ ജെറോമിക് ജോർജ് പറഞ്ഞു. ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും കൈവശ രേഖയും പട്ടയവും നൽകുക. വനത്തിനുള്ളിൽ ആദിവാസികളെ ഉൾപ്പെടുത്തി വനം വകുപ്പ് ചെയ്യുന്ന ജോലികളുടെ കരാർ പ്രദേശത്തെ ആദിവാസിക്ക് തന്നെ നൽകണം. പുറം കരാറുകൾ ഇനിമുതൽ നൽകേണ്ടതില്ലെന്ന് കമ്മീഷൻ പറഞ്ഞു. ആരോഗ്യവകുപ്പ് ബോധവത്ക്കരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണം. ഭൂപ്രകൃതിക്കും ജലലഭ്യതയ്ക്കും അനുസരിച്ചുള്ള കൃഷിയാണ് ആദിവാസികൾ ചെയ്യുന്നതെന്ന് കൃഷിവകുപ്പ് ഉറപ്പാക്കണം. സാമൂഹിക പഠനമുറികളുടെ പ്രവർത്തനത്തിന് പ്രത്യേക സമിതി രൂപവത്ക്കരിക്കണം. എസ്.റ്റി. പ്രമോട്ടർമാർക്ക് പ്രത്യേക പരിശീലനം നൽകണം. രണ്ട് മാസത്തിലൊരിക്കൽ ജില്ലാ കലക്റ്റർ അട്ടപ്പാടിയിലെ പദ്ധതികളുടെ അവലോകനം നടത്തണം. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ അട്ടപ്പാടിയിൽ കുറ്റമറ്റ രീതിയിൽ വികസന പ്രവർത്തനങ്ങൾ നടത്താനാകുമെന്നും വീഴ്ച്ച വരുത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷൻ ചെയർമാൻ പറഞ്ഞു.
കമ്മീഷൻ അംഗങ്ങളായ എസ്.അജയകുമാർ, അഡ്വ: സിജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, ജില്ലാ കലക്റ്റർ ഡോ: പി.സുരേഷ് ബാബു, ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാർ, സബ് കലക്റ്റർ ജെറോമിക് ജോർജ്, ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു.
