മാർച്ച് 22, 23 തീയതികളിൽ കൊച്ചിയിൽ ലേ മെറിഡിയൻ ഹോട്ടലിൽ നടക്കുന്ന ‘#ഫ്യൂച്ചർ’ ആഗോള ഡിജിറ്റൽ ഉച്ചകോടിയ്ക്ക് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമ എഡിറ്റർമാരുമായി കൂടിക്കാഴ്ച നടത്തി. വിവരസാങ്കേതിക വ്യവസായകേന്ദ്രമായി കേരളത്തെ വളർത്തുകയാണ് ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നതെന്നും മാധ്യമങ്ങൾ ഇക്കാര്യത്തിൽ പിന്തുണ നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
വിവര സാങ്കേതിക വ്യവസായ രംഗത്തിന്റെ സഹകരണത്തോടെയാണ് സർക്കാർ പിന്തുണയിൽ ഈ ഉച്ചകോടി നടത്തുന്നത്. ഈ മേഖലയിൽ നേട്ടമുണ്ടാക്കിയ പ്രമുഖരെ ഒരുമിച്ചുകൊണ്ടുവരികയും വിജ്ഞാന വിനിമയത്തിന് ഒരു വേദിയുണ്ടാക്കുകയുമാണ് ഉച്ചകോടി ലക്ഷ്യമിടുന്നത്. ഇത്തരം ഉച്ചകോടി രണ്ടുവർഷത്തിലൊരിക്കൽ നടത്തും.
വിജ്ഞാന വ്യവസായ മേഖലയിലെ നൂതന പ്രവണതകൾ, അടിസ്ഥാന യാഥാർഥ്യങ്ങൾ, ഡിജിറ്റങ്ങൾ നൂതനാശയങ്ങൾക്കും നിക്ഷേപങ്ങൾക്കും അനുകൂല ഹബ്ബായി കേരളത്തെ ഉയർത്തിക്കാട്ടാനുള്ള വഴികൾ ചർച്ച ചെയ്യാൻ ലക്ഷ്യമിട്ടാണ് ഫ്യൂച്ചർ ഉച്ചകോടി നടത്തുന്നത്.
ഡിജിറ്റൽ സാങ്കേതികതയുടെ വികാസത്തിലെ സാധ്യതകളിൽ സംസ്ഥാനത്തിനും രാഷ്ട്രത്തിനും ഉപയോഗിക്കാവുന്ന ഇത്തരം വേദിയിൽ ചർച്ചയാകും.സംസ്ഥാനത്തിന്റെ ഡിജിറ്റൽ മുന്നേറ്റത്തിലും വളർച്ചയിലും മലയാളികളായ ആഗോള വിദഗ്ധരുടെ സഹകരണവും പിന്തുണയും ഇതിലൂടെ നേടാനുമാകും. വിജ്ഞാന വ്യവസായത്തിന്റെ കേന്ദ്രമായി കേരളത്തെ ഉയർത്തിക്കാട്ടാനും ഉച്ചകോടിയുടെ വേദി സഹായിക്കും.
2000 ്രപതിനിധികളും ആഗോള പ്രശസ്തരായ 30 ലേറെ വിദഗ്ധരും ഉച്ചകോടിയിൽ സംബന്ധിക്കും. നന്ദൻ നിലേക്കാനി, രഘുറാം രാജൻ, ബൈജു രവീന്ദ്രൻ, ഡോ. ഗീതാഗോപിനാഥ്, കമൽ ബാലി, അജിത് ജെ തോമസ്, അനുരാധ ആചാര്യ തുടങ്ങിയവർ ഇതിൽ ഉൾപ്പെടും.
അനുദിനം മാറിമറിയുന്ന ഡിജിറ്റൽ വികാസത്തിന്റെ കാലഘട്ടത്തിൽ ഭാവിയിൽ എല്ലാ മേഖലയിലും ഇത്തരം സേവനങ്ങൾ എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താമെന്ന് ചർച്ചകൾ നടക്കും. ഡിജിറ്റൽ വികാസത്തിന്റെ വഴിയിൽ ഏറെ സാധ്യതയുള്ള കേരളത്തിന്റെ അവസരങ്ങൾ കണ്ടെത്തി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.
യോഗത്തിൽ സംസ്ഥാനത്തെ പത്ര, ദൃശ്യമാധ്യമങ്ങളിലെ എഡിറ്റർമാർ, സംസ്ഥാന ഹൈപ്പവർ ഐ.ടി കമ്മിറ്റി ചെയർമാൻ എസ്.ഡി. ഷിബുലാൽ, അംഗം വി.കെ. മാത്യൂസ്, ഐ.ടി സെക്രട്ടറി എം. ശിവശങ്കർ എന്നിവർ സംബന്ധിച്ചു.