* എഗ്രി ടു ഡിസെഗ്രി ദ്വിദിന ദേശീയ സെമിനാർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

നിലനിൽക്കേണ്ടത് വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണെന്നും അതിനെ തല്ലിക്കെടുത്തുന്ന അപരിഷ്‌കൃതത്വത്തിന്റെ വാഴ്ചയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന യുവജന കമ്മീഷൻ തിരുവനന്തപുരം ടാജ് വിവാന്റയിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാർ എഗ്രി ടു ഡിസെഗ്രി (വിയോജിക്കാനുള്ള യോജിപ്പ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ വ്യവസ്ഥയുടെ ഏറ്റവും വലിയ പ്രത്യേകത ഏതു കാര്യത്തോടും യോജിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യമാണ്. ജന്മിത്ത കാലത്ത് ജന്മിയുടെയും നാട്ടുവാഴിയുടെയും അഭിപ്രായത്തെ എതിർക്കാൻ ആർക്കും സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. സ്വാതന്ത്ര്യ ലബ്ധിക്കുശേഷവും ഇടക്കാലത്ത് സ്വതന്ത്രാഭിപ്രായങ്ങൾ നിഷേധിക്കപ്പെട്ട ഒരവസ്ഥയുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലം.
വിരുദ്ധാഭിപ്രായങ്ങളെ ഞെരിച്ചുകൊല്ലാനാണ് സ്വേച്ഛാധിപതികളായ ഭരണകർത്താക്കൾ എക്കാലത്തും ശ്രമിച്ചിട്ടുള്ളത്. അതിനു സമാന്തരമായ സന്ദർഭങ്ങളാണ് നാം ഇപ്പോൾ അഭിമുഖീകരിക്കുന്നത്. അവ നേരിടാനുള്ള കരുത്ത് നാം ആർജ്ജിക്കേണ്ടതുണ്ട്. രാജാക്കന്മാരുടെ കാലത്ത് കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും ചെറിയ തോതിൽ ഭരണാധികാരികളെ വിമർശിക്കാൻ അവസരമുണ്ടായിരുന്നു. എന്നാൽ ജനാധിപത്യത്തിന്റെ ഇക്കാലത്ത് രാജ്യത്ത് ആ സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുകയാണ്. എതിരഭിപ്രായങ്ങൾ രേഖപ്പെടുത്തുന്ന കവികളും കലാകാരന്മാരും പത്രപ്രവർത്തകരും എഴുത്തുകാരും വെടിയേറ്റു മരിക്കുന്ന കാഴ്ചയാണ് കാണുന്നത്. വിയോജനാഭിപ്രായത്തിന്റെ വക്താക്കളെ ഉന്മൂലനം ചെയ്യുകയാണ് ചിലരെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിയോജനാഭിപ്രായങ്ങളെ ആദരിക്കുന്ന ഒരു സംസ്‌കാരമാണ് കേരളത്തിന്റേത്. ശ്രീനാരായണഗുരുവിനെ സഹോദരൻ അയ്യപ്പൻ വിമർശിച്ചിട്ടുണ്ട്. അയ്യപ്പന് അങ്ങനെ ആവാം എന്നാണ് ഗുരു പറഞ്ഞത്. വാഗ്ഭടാനന്ദനും ഗുരുവിനോട് വിയോജിച്ചിട്ടുണ്ട്. എന്നാൽ വാഗ്ഭടാനന്ദനെ സംവാദത്തിനു ക്ഷണിക്കുകയാണ് ഗുരു ചെയ്തത്. യേശുക്രിസ്തു മോസ്‌കോയിൽ എന്ന തലക്കെട്ടിൽ കെ. ദാമോദരൻ എഴുതിയ ലേഖനത്തിന് യേശുക്രിസ്തു മോസ്‌കോയിലോ എന്നു ഫാദർ വടക്കൻ മറുപടി ലേഖനമെഴുതി. അതിന് യേശുക്രിസ്തു മോസ്‌കോയിൽത്തന്നെ എന്ന ലേഖനം കൊണ്ടു കെ. ദാമോദരൻ മറുപടി പറയുകയും ചെയ്തു. സ്പാർട്ടക്കസിനെക്കുറിച്ച് മലയാളത്തിൽ ആദ്യ പരാമർശം വന്നത് ആ ലേഖനത്തിലാണ്. ഇസങ്ങൾക്കപ്പുറം എന്ന വിഷയത്തിൽ എസ്. ഗുപ്തൻ നായരും ഇസങ്ങൾക്കിപ്പുറം എന്ന വിഷയത്തിൽ പി. ഗോവിന്ദപ്പിള്ളയും ആശയ സംഘട്ടനത്തിലേർപ്പെട്ടിട്ടുണ്ട്. രൂപഭദ്രതാവാദവും ഭാവഭദ്രതാവാദവും തമ്മിലുള്ള സംഘർഷവും കേരളത്തിലുണ്ടായിട്ടുണ്ട്. വിയോജിപ്പുകളെ സഹിഷ്ണതയോടെ അഭിമുഖീകരിക്കുകയും മറുപടി പറയുകയുമാണ് വേണ്ടത്. വിമർശനവും വിയോജിപ്പും എതിർ സ്വരവും സംവാദവും തോക്കുചൂണ്ടി ഇല്ലാതാക്കുന്ന പ്രവണത ചെറുക്കപ്പെടണം. ഭയപ്പെടുത്തി നിശബ്ദരാക്കുന്ന ഫാസിസ്റ്റ് തന്ത്രങ്ങൾ എതിർക്കപ്പെടണം. നുണയുടെ മേലെ ആശയങ്ങൾ കെട്ടിപ്പടുക്കുന്നവർ അഭിപ്രായങ്ങളെ ഭയക്കുന്നവരാണ്. അശാസ്ത്രീയ തോന്നലുകളെ ശാസ്ത്രീയ സത്യങ്ങളാണെന്ന് അവർ സ്ഥാപിക്കാൻ ശ്രമം നടത്തും. ദേശീയ തലത്തിൽ ഈ പ്രവണത സാധാരണയായിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ ഭൗതിക ജീവിത സാഹചര്യങ്ങളുടെ അടിത്തറ സംരക്ഷിക്കാനുള്ള പോരാട്ടം രാജ്യത്താകെ നടക്കുന്നു. കേരളത്തിലെ യുവാക്കളും ഈ പോരാട്ടത്തിൽ കണ്ണിചേരുന്നത് സന്തോഷകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആശയത്തെ ആശയം കൊണ്ട് നേരിടാൻ കരുത്തില്ലാതെ വരുമ്പോഴാണ് ആയുധവുമായി ചിലർ ഇറങ്ങുന്നതെന്നും ഭരണകൂട സൗകര്യത്തിന്റെ പിന്തുണയോടെ യുള്ള ഈ അസഹിഷ്ണുതാസംസ്‌കാരത്തെ സംസ്ഥാനം ചെറുത്ത് പരാജയപ്പെടുത്തുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച വ്യവസായ, യുവജനകാര്യ വകുപ്പു മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. യുവജന ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ ടി.വി. രാജേഷ് എംഎൽഎ., യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം, യുവജനകാര്യ വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ്, കുരീപ്പുഴ ശ്രീകുമാർ, യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു, യൂത്ത് കമ്മീഷൻ അംഗം ഐ. സാജു, സെക്രട്ടറി ജക്കോസ് പണിക്കർ തുടങ്ങിയവർ സംബന്ധിച്ചു.