ആയുർവേദ ചികിൽസയെയും ഗവേഷണത്തെയും പ്രോൽസാഹിപ്പിക്കുന്നതിന് അന്താരാഷ്ട്ര ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് ഉടൻ സ്ഥാപിക്കുമെന്ന് ആയുഷ് ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ഭാരതീയ ചികിൽസാ വകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാന സർക്കാരിന്റെ 2017ലെ ആയുർവേദ ഡോക്ടർമാർക്കുള്ള അവാർഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇൻസ്റ്റിറ്ററ്റിയൂട്ടിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു കഴിഞ്ഞു. സ്ഥലം എവിടെയാണെന്ന് തീരുമാനിച്ചിട്ടില്ല. ആയുർവേദത്തിന് നമ്മുടെ ഋഷിമാർ ചെയ്തിട്ടുള്ള സംഭാവനകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ അറിയുന്നതിനും അവിടുത്തെ അറിവുകൾ ഇവിടെയുള്ള ഗവേഷകർക്ക് പ്രയോജനപ്പെടുത്തുന്നതിനുമാണ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്. ആയുഷ് വകുപ്പിന്റെ ഭാഗമായ ആയുർവേദത്തിന് വലിയ പ്രാധാന്യം നൽകേണ്ട സമയമാണിത്. ആയുർവേദത്തിന്റെ വലിയ കലവറയാണ് കേരളമെങ്കിലും അതിന് അനുസരിച്ച് ഗവേഷണം പുരോഗമിക്കേണ്ടതുണ്ട്. വലിയ പാരമ്പര്യമുള്ള ആയുർവേദത്തെ ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ പാരമ്പര്യ തനിമയെ നിലനിർത്തി വികസിപ്പിക്കുകയാണ് വേണ്ടത്. ആയുഷ് ഡിപ്പാർട്ടുമെന്റിനെ കൂടുതൽ ജനകീയമാക്കാൻ സർക്കാർ നിരവധി പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. അവാർഡ് എല്ലാവർക്കും പ്രചോദനം നൽകുന്ന ഒന്നാണ്. പ്രതിഭകളായ നിരവധി ഡോക്ടർമാർ ആയുർവേദ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. വരും വർഷങ്ങളിലും ഇത്തരക്കാരെ കണ്ടെത്തി പുരസ്‌കാരങ്ങൾ നൽകുമെന്നും മന്ത്രി പറഞ്ഞു.
കെ.മുരളീധരൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ ആയുഷ് മിഷൻ, സംസ്ഥാന ഡയറക്ടർ കേശവേന്ദ്ര കുമാർ മുഖ്യപ്രഭാഷണം നടത്തി. ഭാരതീയ ചികിൽസാ വകുപ്പ് ജോയന്റ് ഡയറക്ടർ ഡോ. ആർ. ബി. രമാകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. സി. ഉഷാകുമാരി വിവിധ സംഘടനാ പ്രതിനിധികളായ ഫസൽ മുഹമ്മദ്, എസ്. അജയൻ, ഡോ. ഡി.സാദത്ത്, ഡോ. സി. രഘുനാഥൻ നായർ, ഡോ. എം.ഷർമദ്ഖാൻ, ഡോ. എസ്. ദുർഗാപ്രസാദ്, ഡോ. എസ്. ജെ. സുഗത എന്നിവർ ആശംസകളർപ്പിച്ചു. ഭാരതീയ ചികിൽസാ വകുപ്പ് ഡയറക്ടർ ഡോ. അനിതാ ജേക്കബ് സ്വാഗതവും ജോയിന്റ് ഡയറക്ടർ ഡോ. കെ എസ് പ്രിയ നന്ദിയും പറഞ്ഞു.
ഭാരതീയ ചികിത്സാ വകുപ്പ് മുൻ മേധാവി ഡോ. സി. എ. രാമൻ (അഷ്ടാംഗരത്ന അവാർഡ്), ഭാരതീയ ചികിത്സാ വകുപ്പ് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബി. ഷീല കാറളം (ധന്വന്തരി അവാർഡ്), തൃശൂർ ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളേജിലെ കായചികിത്സാ ഡിപ്പാർട്ട്മെന്റ് പ്രൊഫസറും എച്ച്.ഒ.ഡിയുമായ ഡോ. പി.കെ. ധർമ്മപാലൻ(ആത്രേയ അവാർഡ്), തൃശൂർ മാള കെ.പി. പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി ആയൂർവേദ ആശുപത്രി ചീഫ് ഫിസിഷ്യൻ ഡോ. റോസ് മേരി വിത്സൻ (വാഗ്ഭട അവാർഡ്), പത്തനംതിട്ട ജില്ലയിലെ ചെന്നീർക്കര ഗവ: ആയൂർവേദ ഡിസ്പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫീസർ (എൻ.സി) ഡോ. എ. വഹീദാ റഹ്മാൻ (ചരക അവാർഡ്) എന്നിവരാണ് മന്ത്രിയിൽനിന്ന് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയത്.