ഉട്ടിനെ സ്വീകരിക്കാന്‍ മമ്മൂട്ടിയും
കൊച്ചി: മീഡിയ അക്കാഡമിയിലെ ആവേശകരമായ സ്വീകരണത്തിനു ശേഷം ഇടപ്പള്ളി മെട്രോ സ്‌റ്റേഷനിലെത്തിയ നിക്ക് ഉട്ടിനെയും റൗള്‍ റോയെയും കാത്ത് നിരവധി പേരാണ് എത്തിയത്. ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ ഉട്ടിനെ കാണാനെത്തി. അവരുടെ ഒപ്പം നിന്ന് ഫോട്ടോയെടുത്ത ശേഷം മെട്രോയില്‍ യാത്ര ആരംഭിച്ചു. മെട്രോയിലുടനീളം സെല്‍ഫിക്കാരുടെ തിരക്കായിരുന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഫോട്ടോഗ്രാഫര്‍ക്കൊപ്പം നില്‍ക്കാനുള്ള അവസരം ആരും പാഴാക്കിയില്ല. എംജി റോഡില്‍ മഹാരാജാസ് സ്‌റ്റേഷനില്‍ ഉട്ടിനെ സ്വീകരിക്കാന്‍ മമ്മൂട്ടിയുമെത്തിയിരുന്നു. തുടര്‍ന്ന് കണയന്നൂര്‍ താലൂക്ക് ഓഫീസിനു സമീപമുള്ള പുരാരേഖ കാര്യാലയത്തിലേക്ക്.
ഡച്ചുകാരുമായി കൊച്ചി രാജാവുണ്ടാക്കിയ വട്ടെഴുത്ത് ലിപിയിലെ കരാര്‍ രേഖ, ടിപ്പു സുല്‍ത്താന്റെ കൈയ്യൊപ്പുള്ള കരം രസീത്, 1811 ല്‍ പുറത്തിറങ്ങിയ അറബിക് ബൈബിള്‍, സിറിയന്‍ അക്ഷരത്തില്‍ മലയാളം എഴുതിയ ഗാര്‍ത്തോളിക് രേഖ, 1898 ലെ കൊച്ചി രാജാവിന്റെ ഡയറി തുടങ്ങിയ ചരിത്ര രേഖകള്‍ നിക്ക് ഉട്ടും റൗള്‍ റോയും മമ്മൂട്ടിയും ചേര്‍ന്നു കണ്ടു. താന്‍ ഈ നാട്ടുകാരനായിരുന്നിട്ടും ഇതുവരെ ഈ ചരിത്ര രേഖകളൊന്നും കണ്ടിട്ടില്ലെന്ന മമ്മൂട്ടിയുടെ വാക്കുകള്‍ ചിരിപടര്‍ത്തി. തുടര്‍ന്ന് ബോട്ട് ജെട്ടിയില്‍ നിന്ന് ഉട്ടിനെയും റോയെയും മമ്മൂട്ടി ഫോര്‍ട്ട്‌കൊച്ചിയിലേക്ക് യാത്രയാക്കി.
സാംസ്‌കാരിക വൈവിധ്യങ്ങളാല്‍ സമ്പന്നമായ ഫോര്‍ട്ട്‌കൊച്ചിയുടെ ഭംഗി ആസ്വദിച്ച നിക്ക് ഉട്ടും റൗള്‍ റോയും കടപ്പുറത്ത് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ചീനവല വലിക്കാനും കൂടി. നാട്ടുകാരും വിദേശികളുമടങ്ങുന്ന നിരവധി പേര്‍ ഉട്ടിനെ കാണാനും ഒപ്പം നിന്ന് സെല്‍ഫിയെടുക്കാനും ഓടിയെത്തി. തുടര്‍ന്ന് സാന്റ ഗോപാലന്‍ സ്മാരക ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂമിലെത്തിയ ഉട്ട് അവിടെയുണ്ടായിരുന്ന ചെഗുവേരയുടെ ചിത്രത്തിനു മുന്നില്‍ അഭിവാദ്യമര്‍പ്പിച്ചു. സാമ്രാജ്യത്വ ശക്തികള്‍ക്കെതിരായ പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ നെഞ്ചിലേറ്റിയും അസ്തമയ സൂര്യന്റെ ഭംഗി ആസ്വദിച്ചും നിക്ക് ഉട്ടും റൗള്‍ റോയും മടങ്ങി. എറണാകുളം ബോള്‍ഗാട്ടി പാലസിലാണ് ഇരുവരുടെയും താമസം. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവലും നിക്ക് ഉട്ടിനൊപ്പമുണ്ടായിരുന്നു.
മീഡിയ അക്കാദമി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച രാജ്യാന്തര വാര്‍ത്ത ചിത്ര മേളയില്‍ അതിഥിയായാണ് നിക്ക് ഉട്ട് കേരളത്തിലെത്തിയത്. മീഡിയ അക്കാദമിയുടെ പ്രഥമ വേള്‍ഡ് പ്രസ് ഫോട്ടോഗ്രാഫര്‍ ്രൈപസ് അദ്ദേഹം മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങിയിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് നിക്ക് ഉട്ട് കൊച്ചിയിലെത്തിയത്. വിയറ്റ്നാം യുദ്ധകാലത്ത് യുദ്ധത്തിന്റെ ഭീകരത ഒറ്റ ക്ലിക്കില്‍ ലോകത്തിനു മുമ്പില്‍ തുറന്ന് കാട്ടിയതോടെയാണ് നിക്ക് ഉട്ട് ലോകത്തിനു മുമ്പില്‍ സമാധാനത്തിന്റെ പ്രചാരകനായത്.