പനങ്ങാട് നവീകരിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു

എറണാകുളം: രാജ്യത്തെ തന്നെ വലിയ പൊതുവിതരണ സംവിധാനമായി സപ്ലൈകോ മാറികൊണ്ടിരിക്കുകയാണെന്ന് ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ പറഞ്ഞു. പനങ്ങാട് നവീകരിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നാലര വർഷം കൊണ്ട് സപ്ലൈകോ മുഴുവൻ ഔട്ട്ലെറ്റുകളും നവീകരിക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. പ്രായോഗികതലത്തിൽ ആളുകളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കാൻ സപ്ലൈകോ ശ്രമം നടത്തിവരികയാണ്.1590 ഓളം ഔട്ട്ലെറ്റുകൾ സപ്ലൈകോക്ക് കേരളത്തിലുണ്ട്.നിരവധി മാവേലിസ്റ്റോറുകൾ സൂപ്പർമാർക്കറ്റുകൾ ആയി ഹൈപ്പർ മാർക്കറ്റുകൾ ആയും ഉയർത്തി. എല്ലാ ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് സപ്ലൈകോയുടെ ലക്ഷ്യം. കോവിഡ് കാലത്ത് വിലകയറ്റം പിടിച്ച് നിർത്താൻ സർക്കാർ പ്രായോഗിക ഇടപെടൽ നടത്തിയിട്ടുണ്ട്. സങ്കീർണ്ണ സാഹചര്യങ്ങളിൽ പൊതുവിതരണ രംഗത്ത് മികച്ച പ്രവർത്തനം നടത്താനും സാധിച്ചു.86 ലക്ഷം ഭക്ഷ്യ കിറ്റുകളും സംസ്ഥാനത്ത് വിതരണം ചെയ്യാനും കഴിഞ്ഞതായി മന്ത്രി അറിയിച്ചു. ജനങ്ങളുടെ ആവശ്യങ്ങൾ മുന്നിൽകണ്ടാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എം സ്വരാജ് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സീത ചക്രപാണി ആദ്യ വിൽപ്പന നടത്തി. ഗ്രാമ പഞ്ചായത്തംഗം ഷെർലി ജോർജ്, ഡിപ്പോ മാനേജർ എസ് സാബു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.

ഫോട്ടോ:പനങ്ങാട് നവീകരിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് എം സ്വരാജ് എം എൽ എ ഭദ്രദീപം കൊളുത്തുന്നു