അറക്കുളം ഉപജില്ലയിൽ മികച്ചരീതിയിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയ സ്‌കൂളുകൾക്കുള്ള അവാർഡുകൾ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് വിതരണം ചെയ്തു. അടുത്തവർഷം ജില്ലയിലെ മുഴുവൻ ട്രൈബൽ സ്‌കൂളുകളിലും പ്രഭാത ഭക്ഷണ പദ്ധതി നടപ്പാക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. വാഴത്തോപ്പ് സെന്റ് ജോർജ്ജ് യു.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത് അധ്യക്ഷനായിരുന്നു. എ.ഇ.ഒ കെ.വി രാജു, ഉച്ചഭക്ഷണ പദ്ധതി നോഡൽ ഓഫീസർ കെ.വി ഫ്രാൻസിസ്, ഹെഡ്മാസ്റ്റർ ടോമി മൈക്കിൾ തുടങ്ങിയവർ സംസാരിച്ചു. ഏറ്റവും മികച്ച സ്‌കൂളിനുള്ള അവാർഡുകൾ- ഒന്നാംസ്ഥാനം കുളമാവ് ഐ.എച്ച്.ഇ.പി ഗവ. എൽ. പി സ്‌കൂളിനും രണ്ടാം സ്ഥാനം തുടങ്ങനാട് സെന്റ് തോമസ് എൽ.പി സ്‌കൂളിനും മൂന്നാം സ്ഥാനം ഗവ. ട്രൈബൽ, യു.പി.എസ് പതിപ്പള്ളിയും നേടി. പൈനാവ് അമൽജ്യോതി സ്‌പെഷ്യൽ സ്‌കൂൾ, സി.എം.എസ് എച്ച്.എസ്. കൂവപ്പള്ളി എന്നിവക്ക് പ്രത്യേക അവാർഡും ലഭിച്ചു.