എറണാകുളം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി അസിസ്റ്റന്റ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മയുടെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ യോഗം ഓൺലൈൻ ആയി ചേർന്നു. വ്യക്തികൾ, കുടുംബങ്ങൾ, സംഘടനകൾ എന്നിങ്ങനെ വിവിധ തലങ്ങൾ കേന്ദ്രീകരിച്ചു ബോധവത്കരണം ശക്തമാക്കാൻ ആണ് ജില്ലാ ഭരണ കൂടത്തിന്റ തീരുമാനം. ജില്ലയിൽ ആവിഷ്കരിച്ച ‘സ്വയം ‘ ക്യാമ്പയിൻറെ ഭാഗമായാണ് ബോധ വത്കരണ പ്രവർത്തനങ്ങൾ നടത്തുന്നത്. കോവിഡ് പ്രതിരോധം എന്റെ ഉത്തരവാദിത്വം എന്ന ആശയത്തെ മുൻ നിർത്തിയാണ് വിവിധ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ക്യാമ്പയിൻ പ്രവർത്തന രീതി ആരോഗ്യ പ്രവർത്തകർ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് വിശദീകരിച്ചു നൽകി.

രോഗലക്ഷണമില്ലാതെ വീടുകളിൽ കഴിയുന്ന കോവിഡ് രോഗികളുടെ പരിചരണം, റിവേഴ്‌സ് ക്വാറന്റൈൻ ഉറപ്പാക്കൽ, അതിഥി തൊഴിലാളികൾക്കിടയിലെ ബോധവൽക്കരണം തുടങ്ങിയ കാര്യങ്ങൾക്കാണ് ക്യാമ്പയിൻ മുൻഗണന നൽകുന്നത്. സാമൂഹിക മാധ്യമങ്ങളുടെ സഹായത്തോടു കൂടി ആളുകളെ ബോധവത്കരിക്കാനുള്ള നടപടി വിവിധ വകുപ്പുകൾ സ്വീകരിക്കും. അംഗണവാടി ജീവനക്കാർ, ആശ പ്രവർത്തകർ, വാർഡ് തല റാപിഡ് റെസ്പോൺസ് ടീം എന്നിവരുടെയും സേവനം ഉപയോഗപ്പെടുത്തും.

പൊതുസ്ഥലങ്ങളിൽ നിന്നും ആൾക്കൂട്ടങ്ങളിൽ നിന്നും സ്വയം ഒഴിവാകുക, കോവിഡ് ബാധിക്കാതെ സുരക്ഷിതരാവാൻ ആവശ്യമായ കരുതൽ സ്വീകരിക്കുക എന്നി കാര്യങ്ങൾക്കാണ് വ്യക്തി തലത്തിൽ ഊന്നൽ നൽകുന്നത്. വീടുകളിൽ കൈ കഴുകൽ ശീലമാക്കാനും പ്രായമായവർക്ക് പ്രത്യേക കരുതൽ നൽകാനുമുള്ള നടപടി സ്വീകരിക്കും. വീടുകളിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുവർക്കുള്ള പരിചരണ രീതികൾ മനസിലാക്കാൻ ആവശ്യമായ നിർദേശങ്ങൾ നൽകും.

സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും കോവിഡ് മാർഗ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ചെയിൻ ബ്രേക്കർമാരെ നിയോഗിക്കും. റെസിഡന്റ് അസോസിയേഷനുകളുടെയും വ്യാപാര സംഘടനകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ബ്രേക്ക്‌ ദി ചെയിൻ നിർദേശങ്ങൾ കർശനമായി നടപ്പാക്കും. അതിഥി തൊഴിലാളിക്കൾക്ക് വേണ്ടി വിവിധ ഭാഷകളിൽ സന്ദേശങ്ങൾ കൈമാറും.

കോവിഡ് മൂലമുള്ള മരണ സംഖ്യ കുറക്കുക എന്നതിനാണ് ആരോഗ്യ വകുപ്പ് മുൻഗണന നൽകുന്നത്. ജില്ലാ സർവെയ്‌ലൻസ് ഓഫീസർ ഡോ. ശ്രീദേവി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഫോട്ടോ:കോവിഡ് 19 ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും സംയുക്തമായി വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന സ്വയം ക്യാമ്പയിൻ്റെ ലോഗോ പ്രകാശനം ജില്ലാ കളക്ടർ സുഹാസ് നിർവ്വഹിക്കുന്നു.