* മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സജ്ജമാക്കിയ കാത്ത് ലാബിന്റേയും 14 കിടക്കകളുള്ള കാർഡിയാക് ഐസിയുവിന്റേയും ഉദ്ഘാടനം ഒക്ടോബർ ആറിന് ഉച്ചയ്ക്ക് 2.30ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിക്കും. അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിക്കും.

ജനറൽ ആശുപത്രിയിൽ കാത്ത് ലാബ് സൗകര്യവും കാർഡിയാക് ഐസിയുവും വരുന്നതോടെ ഹൃദയസംബന്ധമായ അസുഖമുള്ളവരെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യാതെ ഇവിടെത്തന്നെ വിദഗ്ധ ചികിത്സ നൽകാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇവിടത്തെ കാർഡിയോളജി ഒ.പിയിൽ ഹൃദ്രോഗം ഉള്ളവർ ചികിത്സയ്ക്ക് എത്താറുണ്ടെങ്കിലും കാത്ത് ലാബ് ഇല്ലാത്തതിനാൽ വിദഗ്ധ ചികിത്സ നൽകാൻ കഴിഞ്ഞിരുന്നില്ല. നാല് കിടക്കകളുള്ള ഒരു ഐ.സി.യു മാത്രമാണ് ഉണ്ടായിരുന്നത്. ഇതിനൊരു പരിഹാരമായാണ് 7.5 കോടി മുടക്കി അത്യാധുനിക കാത്ത് ലാബും കാർഡിയാക് ഐസിയുവും സജ്ജമാക്കിയത്.

ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി, വാൽവ് ഇന്റർവെൻഷൻ, പെയ്സ് മേക്കർ ഇംപ്ലാന്റേഷൻ, ഇംപ്ലാന്റബിൾ കാർഡിയോവർട്ടർ ഡീഫിബ്രിലേറ്റർ (ഐ.സി.ഡി), കാർഡിയാക്ക് റീ സിങ്ക്രണൈസേഷൻ തെറാപ്പി, പെരിഫെറൽ ആൻജിയോഗ്രാഫി & ആൻജിയോപ്ലാസ്റ്റി, ജൻമനായുള്ള ഹൃദ്രോഗം എന്നിവ മികച്ച രീതിയിൽ ജനറൽ ആശുപത്രിയിൽ ചികിത്സിക്കാനാവും.

ഒരു സീനിയർ കൺസൾട്ടന്റ്, ഒരു കൺസൾട്ടന്റ്, കാർഡിയോളജിയിൽ ബിരുദാനന്തര ബിരുദമുള്ള രണ്ട് ജൂനിയർ കൺസൾട്ടന്റ്, രണ്ട് അസിസ്റ്റന്റ് സർജൻമാർ, ഒരു കാത്ത് ലാബ് ടെക്നീഷ്യൻ, ഒരു എക്കോ ടെക്നീഷ്യൻ, 15 സ്റ്റാഫ് നഴ്സ്, അനുബന്ധ ജീവനക്കാർ ഉൾപ്പെടെയുള്ള ടീമാണ് ഈ യൂണിറ്റിലുള്ളത്.

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ആശുപത്രികളിലൊന്നാണ് തിരുവനന്തപുരം ജനറൽ ആശുപത്രി. ഇന്ന് 749 കിടക്കകളോടുകൂടി വിവിധതരം സ്‌പെഷ്യാലിറ്റി സേവനങ്ങൾ മികച്ച രീതിയിൽ നൽകുന്ന വലിയ സ്ഥാപനമായി മാറിക്കഴിഞ്ഞു. ഒരു മാസം ശരാശരി വിവിധ വിഭാഗങ്ങളിലായി 73,370 രോഗികൾ ഒ.പി. വിഭാഗത്തിലും 14,170 രോഗികൾ ഐ.പി. വിഭാഗത്തിലും ചികിത്സയ്‌ക്കെത്തുന്നു. ന്യൂറോളജി, യൂറോളജി, നെഫ്രോളജി, ഗാസ്ട്രോ എന്ററോളജി, ജീറിയാട്രിക്സ്, കാർഡിയോളജി എന്നീ സ്പെഷ്യാലിറ്റി യൂണിറ്റുകളും ഇവിടെയുണ്ട്. ജനറൽ ഒ.പികൾ കൂടാതെ അസ്ഥിരോഗ ചികിത്സ, ഫിസിക്കൽ മെഡിസിൻ & റീഹേബിലിറ്റേഷൻ, റെസ്പിറേറ്ററി മെഡിസിൻ, ത്വഗ് രോഗ ചികിത്സ, ഇ.എൻ.റ്റി, ഒഫ്താൽമോളജി, റേഡിയോളജി, റേഡിയോതെറാപ്പി, ശിശുരോഗ ചികത്സ എന്നീ വിഭാഗങ്ങളും മികവുറ്റ രീതിയിൽ പ്രവർത്തിച്ചുവരുന്നു. തൈറോയിഡ് ക്ലിനിക്ക്, എൻ.സി.ഡി ക്ലിനിക്ക്, ഡയബറ്റിക് ക്ലിനിക്ക്, ആർത്രൈറ്റിസ് ക്ലിനിക്ക് എന്നിവയും മുടക്കം കൂടാതെ പ്രവർത്തിക്കുന്നുണ്ട്.