വൈദ്യുതി മേഖലയിലെ നാല് പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനവും നാല് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനവും രണ്ട് പുതിയ ഓഫീസുകളുടെ പ്രവർത്തന ഉദ്ഘാടനവും നിർവഹിച്ചു

കേരളത്തിലെ എല്ലാ മേഖലകളെയും അന്തർസംസ്ഥാന പ്രസരണ ശൃംഖലയുടെ ഭാഗമാക്കാനായെന്നത് വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വൈദ്യുതി മേഖലയിലെ നാല് പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനവും നാല് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനവും രണ്ട് പുതിയ ഓഫീസുകളുടെ പ്രവർത്തന ഉദ്ഘാടനവും വീഡിയോ കോൺഫറൻസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ ഭാഗമായി കോട്ടയം 400 കെ വി ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്റ്റേഷൻ, പാലക്കാട് മണ്ണാർക്കാട് ഇലക്ട്രിക്കൽ ഡിവിഷന്റെ പുതിയ കെട്ടിടം, ഷൊർണൂർ സബ് റീജ്യണൽ സ്റ്റോറിന്റെ പുതിയ കെട്ടിടം, കാസർകോട് നല്ലോമ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പുതിയ കെട്ടിടം എന്നിവയാണ് നിർമ്മാണം ആരംഭിക്കുന്ന പദ്ധതികൾ.

നിർമ്മാണം പൂർത്തിയായ തിരുവല്ല 110 കെ വി സബ്‌സ്റ്റേഷൻ, ആധുനിക സംവിധാനങ്ങളോടെ തയ്യാറാക്കിയ അങ്കമാലി ഇലക്ട്രിക്കൽ ഡിവിഷന്റെ പുതിയ കെട്ടിടം, കാസർകോട് ഭീമനടി, കൊല്ലം വെളിയം ഇലക്ട്രിക്കൽ സെക്ഷനുകളുടെ പുതിയ കെട്ടിടങ്ങൾ എന്നിവയും ഉദ്ഘാടനം ചെയ്തു. ഇടുക്കി നെടുങ്കണ്ടം ട്രാൻസ്മിഷൻ ഡിവിഷൻ, പാലക്കാട് ലക്കിടി ഇലക്ട്രിക്കൽ സെക്ഷൻ എന്നിവയാണ് പുതുതായി പ്രവർത്തനം ആരംഭിക്കുന്ന ഓഫീസുകൾ.

പതിനായിരം കോടി രൂപ മുതൽമുടക്കിൽ നടപ്പാക്കുന്ന ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ 5200 കോടി രൂപയുടെ ആദ്യ ഘട്ടം പ്രവർത്തനം തുടങ്ങി. കേരളത്തിലെ ആഭ്യന്തര പ്രസരണ ശേഷി ഇരട്ടിയാക്കുകയാണ് ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കോട്ടയത്ത് നിർമിക്കുന്ന സബ് സ്‌റ്റേഷൻ ജില്ലയിലെ ആദ്യത്തേതും സംസ്ഥാനത്തെ ആറാമത്തേയും 400 കെ. വി സബ് സ്‌റ്റേഷനാണ്. ഇതിന്റെ നിർമാണം രണ്ടു വർഷത്തിൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

അന്തർസംസ്ഥാന പ്രസരണ ലൈനിലെ പോരായ്മ പരിഹരിക്കാൻ ഏറെ പ്രാധാന്യത്തോടെയുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇടമൺ കൊച്ചി 400 കെ. വി ലൈനിന്റെ പണി സമയബന്ധിതമായി പൂർത്തിയാക്കി. ഇതിലൂടെ കൂടംകുളത്ത് നിന്നുള്ള 266 മെഗാവാട്ട് പ്രസരണ നഷ്ടം കുറച്ച് കേരളത്തിൽ എത്തിക്കാൻ കഴിയും. ആവശ്യമുള്ളപ്പോൾ 500 മെഗാവാട്ട് വൈദ്യുതിയും ഈ ലൈനിലൂടെ കൊണ്ടുവരാനാവും.

തമിഴ്‌നാട്ടിലെ പുഗലൂരിൽ നിന്ന് തൃശൂരിലേക്കുള്ള എച്ച്. വി. ടി. സി ലൈനിന്റേയും ഇതിന്റെ ഭാഗമായുള്ള തൃശൂർ സബ് സ്‌റ്റേഷന്റേയും നിർമാണം ആരംഭിച്ചു. ഉടുപ്പി കാസർകോട് 400 കെ. വി ലൈനിന്റെ നിർമാണവും ആരംഭിച്ചു. കേരളത്തിലെ വടക്കൻ ജില്ലകളിലെ, പ്രത്യേകിച്ച് കാസർകോട് ജില്ലയിലെ വൈദ്യുതി ലഭ്യതയിലെ പരിമിതി പരിഹരിക്കാൻ ഇതിന് സാധിക്കും.

നിലവിൽ ഉദ്ഘാടനം ചെയ്ത പദ്ധതികളിലൂടെ കേരളത്തിന്റെ വൈദ്യുതി മേഖലയിലെ കാര്യക്ഷമത ഉയരും. സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ പ്രധാന നേട്ടമാണ് സമ്പൂർണ വൈദ്യുതീകരണം. പവർകട്ടും ലോഡ്‌ഷെഡിംഗും ഇല്ലാത്ത വൈദ്യുതി വിതരണം സാധ്യമാക്കുമെന്ന വാഗ്ദാനവും പൂർണ അർത്ഥത്തിൽ പാലിക്കാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു.