*പ്രതീക്ഷിക്കുന്നത് 900 കോടി രൂപ ചെലവ്
കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ കല്ലാടി മേപ്പാടി തുരങ്കപാത പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ തുടക്കം കുറിച്ചു. 900 കോടി രൂപയാണ് നിലവിൽ പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. കിഫ്ബിയിൽ നിന്നുള്ള 658 കോടി രൂപയ്ക്ക് ഭരണാനുമതിയായി. സർവേയും, സാങ്കേതിക പഠനവും പൂർത്തിയായാൽ മാത്രമേ അന്തിമ ചെലവ് കണക്കാക്കാനാവൂ. കൂടുതൽ തുക ആവശ്യമായി വന്നാൽ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വനഭൂമിക്ക് അടിയിലൂടെ, പാറ തുരന്ന് ഏഴ് കിലോമീറ്റർ നീളത്തിലാണ് തുരങ്കം നിർമിക്കുന്നത്. ഈ മേഖലയിൽ ദീർഘകാലത്തെ പ്രവൃത്തി പരിചയവും സാങ്കേതിക വൈദഗ്ധ്യവുമുള്ള കൊങ്കൺ റെയിൽവേയ്ക്കാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല നൽകിയിരിക്കുന്നത്. മൂന്നു വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. തുരങ്കപാതയുടെ സാങ്കേതിക പഠനം ആരംഭിച്ചു. കോഴിക്കോട് വയനാട് വനമേഖലയിലെ റോഡിന്റെ സൗകര്യവും പരിസ്ഥിതിലോല പ്രദേശം ഉയർത്തുന്ന വെല്ലുവിളികളും തിരുവമ്പാടി കല്ലാടി മേഖലയിലെ പ്രകൃതി ദുരന്ത സാധ്യതകളും പരിഗണിച്ചാവും അന്തിമ രൂപരേഖ തയ്യാറാക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
തുരങ്കപാത യാഥാർത്ഥ്യമാകുന്നതോടെ കർണാടകയിൽ നിന്ന് മലബാർ മേഖലയിലേക്കുള്ള ചരക്കുനീക്കം സുഗമമാവും. മലബാറിന്റെയാകെ വികസനകുതിപ്പിന് ഇത് ആക്കം കൂട്ടും. താമരശേരി ചുരത്തിലെ വാഹന ബാഹുല്യം കുറയ്ക്കാനാവുമെന്ന പ്രത്യേകതയുമുണ്ട്. ചുരത്തിന്റെ തനിമ നിലനിർത്താനും സംരക്ഷണം ഉറപ്പുവരുത്താനും സാധിക്കും.
പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് വികസനം സാധ്യമാക്കാനാണ് സർക്കാർ ഊന്നൽ നൽകിയത്. പല പദ്ധതികളും പരിസ്ഥിതിയുടെ പേരിലുള്ള എതിർപ്പു കാരണം അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. അനാവശ്യ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും കീഴടങ്ങാൻ വികസനം ആഗ്രഹിക്കുന്ന സർക്കാരിന് സാധിക്കില്ല. എന്നാൽ ആവശ്യമായ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സർക്കാരിനുള്ളത്.
കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് പാത നിർമിക്കുന്നതിന് നേരത്തെ നിരവധി ബദൽ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു. ഒരു ഘട്ടത്തിൽ സമാന്തരമായി മറ്റൊരു പാത നിർമിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. എന്നാൽ പ്രായോഗിക പ്രശ്‌നങ്ങൾ കാരണം അത് ഉപേക്ഷിച്ചു. താമരശേരി ചുരം വഴിയുള്ള യാത്ര വലിയ സമയനഷ്ടം ഉണ്ടാക്കിയിരുന്നു. കാലവർഷം, മണ്ണിടിച്ചിൽ, റോഡിലെ മറ്റു തടസങ്ങൾ എന്നിവ കാരണം ദിവസങ്ങളോളവും മാസങ്ങളോളവും ഗതാഗതം നിലച്ച അവസ്ഥയുണ്ടായിട്ടുണ്ട്. വനമേഖലയിലൂടെയുള്ള റോഡ് അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ പരിമിതിയുണ്ടാക്കി. തുരങ്കപാത വരുന്നതോടെ ഇതിനെല്ലാം പരിഹാരമാവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിച്ചു.